കെജ്‍രിവാളിനെ വധിക്കാന്‍ ബി.ജെ.പി ഗൂഢാലോചന നടത്തുന്നു: സിസോദിയ

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും തോല്‍വി ഭയന്നാണ് ബി.ജെ.പി കെജ്‌രിവാളിനെ കൊല്ലാന്‍ പദ്ധതിയിടുന്നതെന്ന് സിസോദിയ

Update: 2022-11-25 05:29 GMT
Advertising

ഡല്‍ഹി: ബി.ജെ.പിക്ക് എതിരെ ഗുരുതരമായ ആരോപണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കൊല്ലാന്‍ ബി.ജെ.പി ഗൂഢാലോചന നടത്തുകയാണെന്നാണ് സിസോദിയയുടെ ആരോപണം. ഡല്‍ഹി എം.പി മനോജ് തിവാരിക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും സിസോദിയ ആരോപിച്ചു.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും തോല്‍വി ഭയന്നാണ് ബി.ജെ.പി കെജ്‌രിവാളിനെ കൊല്ലാന്‍ പദ്ധതിയിടുന്നതെന്ന് സിസോദിയ പറഞ്ഞു. എന്നാല്‍ ഇത്തരം നീക്കങ്ങളിലൂടെ ആം ആദ്മി പാര്‍ട്ടിയെ ഭയപ്പെടുത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

"ഗുജറാത്ത്, ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ തോല്‍വി ഭയന്ന് ബി.ജെ.പി അരവിന്ദ് കെജ്‌രിവാളിനെ വധിക്കാന്‍ ഗൂഢാലോചന നടത്തുകയാണ്. കെജ്‌രിവാളിനെ ആക്രമിക്കാന്‍ അവരുടെ എംപി മനോജ് തിവാരി ഗുണ്ടകളോട് പരസ്യമായി ആഹ്വാനം ചെയ്യുകയാണ്. അയാളാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. എന്നാല്‍ എ.എ.പി ഇത്തരം ഭീഷണികള്‍ കണ്ട് ഭയക്കില്ല. ജനങ്ങള്‍ ബി.ജെ.പിയുടെ ഗുണ്ടായിസത്തിന് തക്കതായ മറുപടി നല്‍കും" - എന്നാണ് സിസോദിയയുടെ ട്വീറ്റ്.

കെജ്‌രിവാളിന്റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് മനോജ് തിവാരി എം.പി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ എ.എ.പി നേതാക്കള്‍ പണം വാങ്ങി സീറ്റുകള്‍ വിറ്റെന്ന ആരോപണം ചൂണ്ടിക്കാട്ടിയായിരുന്നു ട്വീറ്റ്- "അരവിന്ദ് കെജ്‌രിവാളിന്‍റെ സുരക്ഷയില്‍ എനിക്ക് ആശങ്കയുണ്ട്. തുടർച്ചയായ അഴിമതി, മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലെ സീറ്റ് വില്‍പ്പന, ബലാത്സംഗ കേസിലെ പ്രതികളുമായുള്ള ബന്ധം, ജയിലിലെ മസാജ് തുടങ്ങിയ സംഭവങ്ങളില്‍ ജനങ്ങളും എ.എ.പി പ്രവര്‍ത്തകരും രോഷാകുലരാണ്. അവരുടെ എം.എൽ.എമാര്‍ മര്‍ദിക്കപ്പെട്ടു. ഡൽഹി മുഖ്യമന്ത്രിക്ക് ഈ അവസ്ഥ ഉണ്ടാവരുത്"- എന്നായിരുന്നു മനോജ് തിവാരിയുടെ ട്വീറ്റ്. പിന്നാലെയാണ് മറുപടിയുമായി സിസോദിയ രംഗത്തെത്തിയത്. 

Summary- Delhi Deputy Chief Minister Manish Sisodia accused the BJP on Thursday of hatching a conspiracy to kill Chief Minister Arvind Kejriwal, fearing poll defeats in Gujarat and the MCD, and alleged Delhi MP Manoj Tiwari's involvement in it. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News