ലോക്സഭ തെരഞ്ഞെടുപ്പ്; ബി.ജെ.പിയുടെ നിർണായക യോഗങ്ങൾ നാളെ ആരംഭിക്കും
നിയമസഭാ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടുകൊണ്ടാണ് ജാതി സമവാക്യങ്ങൾ പാലിച്ചുകൊണ്ടുള്ള മന്ത്രിസഭാ പുനഃസംഘടനക്കും രണ്ടാം മോദി സർക്കാർ ഒരുങ്ങുന്നത്
ഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബി.ജെ.പിയുടെ നിർണായക യോഗങ്ങൾ നാളെ ആരംഭിക്കും. രാജ്യത്തെ ലോക്സഭാ മണ്ഡലങ്ങളെ മൂന്ന് സോണുകൾ ആക്കി തിരിച്ചാണ് ബിജെപി തന്ത്രങ്ങൾ മെനയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടുകൊണ്ടാണ് ജാതി സമവാക്യങ്ങൾ പാലിച്ചുകൊണ്ടുള്ള മന്ത്രിസഭാ പുനഃസംഘടനക്കും രണ്ടാം മോദി സർക്കാർ ഒരുങ്ങുന്നത്.
2021 ജൂലൈയിലാണ് ഇതിനുമുൻപ് മോദി സർക്കാർ മന്ത്രിസഭാ പുനഃസംഘടന നടത്തിയത്. ഉത്തർപ്രദേശ് ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലായിരുന്നു അന്ന് ജാതി സമവാക്യങ്ങൾ പാലിച്ചുകൊണ്ടുള്ള പുനഃസംഘടന. ആർ.എസ്.എസിനെ തൃപ്തിപ്പെടുത്തി കൊണ്ടുള്ള വകുപ്പ് വിഭജനത്തിൽ നിന്നും ജാതി സമവാക്യങ്ങൾ പാലിച്ചു കൊണ്ടുള്ള പുനസംഘടനയിലേക്ക് ബി.ജെ.പി എത്തിയത് വരാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. ആർ.എസ്.എസിന്‍റെ താൽപര്യപ്രകാരം നിതിൻ ഗഡ്കരിക്ക് കൊടുത്ത വകുപ്പുകളിൽ പോലും മാറ്റം ഉണ്ടായേക്കും എന്നാണ് ബി.ജെ.പി വൃത്തങ്ങൾ നൽകുന്ന സൂചന.
പരിചയസമ്പന്നരായ നേതാക്കളെ സംഘടനാ തലത്തിൽ വിന്യസിച്ച് പാർട്ടിയെ ശക്തിപ്പെടുത്താനാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നീക്കം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും പാർട്ടി അധ്യക്ഷന്മാരെ മാറ്റുന്നതും ഇതിന്‍റെ ഭാഗമായാണ്. മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച് കീഴ്ഘടകങ്ങളിലെ നിർദ്ദേശങ്ങളും കേന്ദ്ര നേതൃത്വത്തിന് അവഗണിക്കാൻ കഴിയില്ല. ഇത് സംബന്ധിച്ച അന്തിമ പ്രഖ്യാപനം തിങ്കളാഴ്ച നടക്കുന്ന വിശാല മന്ത്രിസഭായോഗത്തിനുശേഷം ഉണ്ടായേക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കെ രാജ്യത്തെ ലോക്സഭാ മണ്ഡലങ്ങളെ മൂന്ന് സോണുകൾ ആക്കി തിരിച്ചോ നിർണായക യോഗങ്ങൾ നാളെ മുതൽ ആരംഭിക്കും.