വ്യാജ വീഡിയോ പങ്കുവച്ച് പോളിങ്ങിൽ കൃത്രിമം നടന്നെന്ന് ആരോപണം; ബിജെപി നേതാവടക്കം നാല് പേർ അറസ്റ്റിൽ

പുതിയതെന്ന നിലയിൽ ഇയാൾ പ്രചരിപ്പിച്ച വീഡിയോ ക്ലിപ്പ് 2022ലെ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിനിടെയാണ് ആദ്യം പുറത്തുവന്നത്.

Update: 2024-05-18 12:55 GMT
Advertising

ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന് ആരോപിച്ച് പഴയ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഹൈദരാബാദിലെ ബിജെപി നേതാവ് അറസ്റ്റിൽ. മൽക്കാജ്ഗിരിയിലെ ബിജെപി കോർപ്പറേറ്ററായ ശ്രാവൺ വൂരപ്പള്ളിയും മറ്റ് മൂന്ന് പേരുമാണ് അറസ്റ്റിലായത്. ഹൈദരാബാദിലെ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു വ്യാജ പ്രചാരണം. പഴയ വീഡിയോ ക്ലിപ്പ് പ്രചരിപ്പിച്ച സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പൊലീസിൽ പരാതി നൽകിയിരുന്നു.

പുതിയതെന്ന നിലയിൽ ഇയാൾ പ്രചരിപ്പിച്ച വീഡിയോ ക്ലിപ്പ് 2022ലെ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിനിടെയാണ് ആദ്യം പുറത്തുവന്നത്. 2022 ഫെബ്രുവരി 27ന് ടിവി9 ബംഗ്ലാ എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ ആദ്യമായി പങ്കുവച്ചത്. മുനിസിപ്പൽ തെരഞ്ഞെടുപ്പിനിടെ ബംഗാളിലെ സൗത്ത് ഡംഡമിലെ വാർഡ് 33ലെ 106 ബൂത്തിലായിരുന്നു സംഭവം. വോട്ട് ചെയ്യാൻ ആളുകൾ പോവുന്നതും പ്രിസൈഡിങ് ഓഫീസറും മറ്റൊരു പോളിങ് ഉദ്യോഗസ്ഥനും ഇവർക്കരികിലേക്ക് പോവുന്നതും വീഡിയോയിൽ കാണാമായിരുന്നു.

എന്നാൽ ഇത് ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിൽ ഹൈദരാബാദിലെ ബഹാദൂർപുര നിയമസഭാ മണ്ഡലത്തിലെ ബൂത്തിൽ നടന്ന ക്രമക്കേടിന്റെ ദൃശ്യങ്ങൾ ആണെന്ന് ആരോപിച്ചായിരുന്നു ഇയാളും മറ്റുള്ളവരും പങ്കുവച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട തെലങ്കാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, സംസ്ഥാനമാകെ പോളിങ് നടപടികൾ സുതാര്യമായാണ് നടന്നതെന്ന് വ്യക്തമാക്കി. പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് പഴയതാണെന്നും അതിന് തെലങ്കാനയിലെ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും അദ്ദേഹം അറിയിച്ചു.

സംഭവത്തിൽ കോർപ്പറേറ്ററുടെ അറസ്റ്റ് തട്ടിക്കൊണ്ടുപോവലായിട്ടായിരുന്നു ആദ്യം പ്രചരിച്ചത്. 10-15 പേരടങ്ങുന്ന സംഘം ഒരു കെട്ടിടം വളയുന്നതും ശ്രാവൺ വൂരപ്പള്ളിയേയും മറ്റുള്ളവരേയും വാഹനത്തിൽ കയറ്റി കൊണ്ടുപോവുന്നതിന്റേയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

എന്നാൽ, ഹൈദരാബാദ് പൊലീസിൻ്റെ സൈബർ ക്രൈംവിഭാഗം പ്രതികളെ പിടികൂടുന്ന ദൃശ്യങ്ങളാണ് ഇതെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഛദർഘട്ട് സ്വദേശി കാശി, മുഷീറാബാദ് സ്വദേശി മിഥിലേഷ്, നാമ്പള്ളി സ്വദേശി മുഹമ്മദ് ബിൻ അലി എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവരെന്നും രണ്ട് പേർ ഒളിവിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News