കോയമ്പത്തൂരിൽ ബി.ജെ.പി-ഡി.എം.കെ പ്രവർത്തകർ ഏറ്റുമുട്ടി; ഏഴുപേർക്ക് പരിക്ക്
ബി.ജെ.പി സ്ഥാനാർഥി കെ.അണ്ണാമലൈയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്
കോയമ്പത്തൂർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ബി.ജെ.പി സ്ഥാനാർഥി കെ.അണ്ണാമലൈയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ ചൊല്ലി ബി.ജെ.പി-ഡി.എം.കെ അനുഭാവികൾ ഏറ്റുമുട്ടി.സംഘർഷത്തിൽ ഏഴുപേർക്ക് പരിക്കേറ്റു.
വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. അണ്ണാമലൈയുടെ പ്രചാരണം രാത്രി 10 മണിക്കപ്പുറം നീണ്ടത് ഡി.എം.കെ പ്രവർത്തകർ ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം.10 മണിവരെയാണ് പ്രചാരണത്തിന് അനുവദിച്ച സമയം. വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങുകയും വൻ ജനക്കൂട്ടം സ്ഥലത്ത് തമ്പടിക്കുകയും ചെയ്തു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.
പരിക്കേറ്റ ഒരാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.ഡിഎംകെ അംഗവും മുൻ കോയമ്പത്തൂർ മേയറുമായ ഗണപതി രാജ്കുമാറാണ് കോയമ്പത്തൂരിൽ ഇൻഡ്യ സഖ്യത്തിന്റെ സ്ഥാനാർഥി.