ഒച്ചപ്പാട് ഉണ്ടാക്കുന്നുവെന്നേയുള്ളൂ; ഭരണഘടന തിരുത്താനുള്ള ധൈര്യം ബി.ജെ.പിക്കില്ല-രാഹുൽ ഗാന്ധി
കഴിഞ്ഞ ദിവസം മുംബൈയിലാണ് രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്ര സമാപിച്ചത്
മുംബൈ: ഭരണഘടന തിരുത്താനുള്ള ധൈര്യം ബി.ജെ.പിക്ക് ഇല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സത്യവും രാജ്യത്തെ ജനങ്ങളും തനിക്കൊപ്പമാണെന്നും രാഹുൽ പറഞ്ഞു. കർണാടകയിൽനിന്നുള്ള ബി.ജെ.പി എം.പി അനന്ത്കുമാർ ഹെഗ്‌ഡെയുടെ വിവാദ പരാമർശത്തിലാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം.
ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന്റെ ഭാഗമായി മുംബൈയിലെ മഹാത്മാ ഗാന്ധി വസതിയായിരുന്ന മണി ഭവനിൽനിന്ന് 1942ൽ ക്വിറ്റ് ഇന്ത്യാ സമരത്തിനു തുടക്കമായ ആഗസ്റ്റ് ക്രാന്തി മൈതാനം വരെ നടന്ന 'ന്യായ് സങ്കൽപ് പദയാത്ര'യിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. 'രണ്ട് ആവിഷ്‌ക്കാരങ്ങൾ തമ്മിലാണ്, വെറും ബി.ജെ.പിയും കോൺഗ്രസും തമ്മിലല്ല പോരാട്ടം. എല്ലാ വിവരവും അധികാരവും ഒരാൾ കൈയടക്കിവയ്ക്കുന്ന തരത്തിൽ രാജ്യം കേന്ദ്രീകൃതമായി വേണം മുന്നോട്ടുപോകണമെന്നാണ് ഒരുകൂട്ടർ ചിന്തിക്കുന്നത്. എന്നാൽ, ഇതിനു വിരുദ്ധമായി അധികാരത്തിന്റെ വികേന്ദ്രീകരണമുണ്ടാകണമെന്നാണു നമ്മുടെ ചിന്ത'-രാഹുൽ പറഞ്ഞു.
ഒരാൾ ഐ.ഐ.ടി ബിരുദമെടുത്താൽ അയാൾ കർഷകനെക്കാൾ വലിയ വിവരമുള്ളവനായിക്കൊള്ളണമെന്നില്ല. എന്നാൽ, ബി.ജെ.പി ഇങ്ങനെയല്ല പ്രവർത്തിക്കുന്നത്. വിവരം ഒരാൾക്കു മാത്രമാണെന്നാണ് മോദിയും ആർ.എസ്.എസ്സുമെല്ലാം വിചാരിക്കുന്നത്. കർഷകരും തൊഴിലാളികളും തൊഴിൽരഹിതരായ യുവജനങ്ങളുമെല്ലാം അവരുടെ കാഴ്ചപ്പാടിൽ വിവരമില്ലാത്തവരാണ്. അവർ വെറുതെ ഒച്ചപ്പാടുണ്ടാക്കുക മാത്രമാണു ചെയ്യുന്നത്. ഭരണഘടന തിരുത്താനുള്ള ധൈര്യമൊന്നും ബി.ജെ.പിക്കില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം സെൻട്രൽ മുംബൈയിലാണ് രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്ര സമാപിച്ചത്. ജനുവരി 14ന് മണിപ്പൂരിൽനിന്നു തുടക്കം കുറിച്ച രണ്ടാം ഭാരത് ജോഡോ 63 ദിസവം വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് മുംബൈയിലെത്തിയത്.
Summary: BJP makes noise, but doesn’t have courage to ‘change’ Constitution: Rahul Gandhi