ഒരു വർഷത്തിനിടെ ഇലക്ടോറൽ ബോണ്ട് വഴി ബിജെപിക്ക് കിട്ടിയത് 1300 കോടി; കോൺഗ്രസിന്റെ ഏഴിരട്ടി

കോണ്‍ഗ്രസിന് ലഭിച്ച സംഭാവനകളില്‍ കാര്യമായ കുറവുണ്ടായി

Update: 2024-02-11 08:37 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: 2022-23 വർഷത്തിൽ ബിജെപിക്ക് ഇലക്ടോറൽ ബോണ്ട് വഴി ലഭിച്ച സംഭാവന 1294 കോടി രൂപ. പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് ലഭിച്ചതിനേക്കാൾ ഏഴു മടങ്ങ് കൂടുതൽ തുകയാണ് ഭരണകക്ഷിക്ക് ലഭിച്ചത്. ഈ വർഷം ബിജെപിക്ക് ആകെ ലഭിച്ച സംഭാവന 2120 കോടി രൂപയാണ്. ഇതിൽ 61 ശതമാനവും കിട്ടിയത് ഇലക്ടോറൽ ബോണ്ട് വഴിയാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ ബിജെപി നൽകിയ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.

2021-22 സാമ്പത്തിക വർഷത്തിൽ 1775 കോടി രൂപയാണ് സംഭാവനയിനത്തിൽ ലഭിച്ചത്. ആകെ വരുമാനം 2360.8 കോടി രൂപ. 2021-22 സാമ്പത്തിക വർഷത്തിൽ ഇത് 1917 കോടി രൂപ മാത്രമായിരുന്നു.

2022-23 വർഷത്തിൽ 171 കോടി രൂപ മാത്രമാണ് ഇലക്ടോറൽ ബോണ്ട് വഴി കോൺഗ്രസിന് കിട്ടിയത്. 2021-22ൽ ഇത് 236 കോടി രൂപയായിരുന്നു. കോൺഗ്രസിന്റെ ആകെ വരുമാനം 452 കോടി രൂപ. അംഗീകൃത സംസ്ഥാന പാർട്ടിയായ സമാജ്‌വാദി പാർട്ടിക്ക് ബോണ്ടുകൾ വഴി 3.2 കോടി രൂപ ലഭിച്ചു. മുൻ വർഷം ഇതു ലഭിച്ചിരുന്നില്ല. മറ്റൊരു സംസ്ഥാന കക്ഷിയായ തെലുങ്കുദേശം പാർട്ടിക്ക് 34 കോടി രൂപയാണ് ബോണ്ട് വഴി കിട്ടിയത്. മുൻ വർഷത്തേക്കാൾ പത്ത് മടങ്ങ് കൂടുതലാണിത്.

കഴിഞ്ഞ സാമ്പത്തിക വർഷം പലിശയിനത്തിൽ മാത്രം 237 കോടി രൂപ ബിജെപിയുടെ അക്കൗണ്ടിലെത്തി. മുൻ വർഷം ഇത് 135 കോടിയാരുന്നു. ഹെലികോപ്ടർ, എയർക്രാഫ്റ്റ് ഇനത്തിൽ 78.2 കോടി രൂപയാണ് ബിജെപി ചെലവഴിച്ചത്. മുൻ വർഷം ഇത് 117.4 കോടി രൂപയായിരുന്നു. സ്ഥാനാർത്ഥികൾക്ക് സാമ്പത്തിക സഹായമായി 76.5 കോടി രൂപയാണ് അനുദവിച്ചത്. മുൻ വർഷം ഇത് 146.4 കോടിയായിരുന്നു.

ഇലക്ടോറൽ ബോണ്ട് വഴി 2800 കോടി

2022-23 വർഷത്തിൽ രാജ്യത്തെ രാഷ്ട്രീയപ്പാർട്ടികൾക്ക് ഇലക്ടോറൽ ബോണ്ട് വഴി ആകെ സംഭാവനയായി ലഭിച്ചത് 2800 കോടി രൂപയാണ്. ഇതിൽ 46 ശതമാനവും എത്തിയത് ബിജെപി അക്കൗണ്ടിലാണ്. കോൺഗ്രസിന് കിട്ടിയത് ആറു ശതമാനം മാത്രവും.

2023 മാർച്ച് വരെ ബോണ്ടുകൾ വഴി ബിജെപി സ്വീകരിച്ചത് 6564 കോടി രൂപയാണ്. ആകെ ബോണ്ടുകളുടെ 55 ശതമാനം. കോൺഗ്രസിന് ലഭിച്ചത് 1135 കോടി രൂപയും. ആകെ ബോണ്ടിന്റെ 9.5 ശതമാനം.

എന്താണ് ഇലക്ടോറൽ ബോണ്ട്

എസ്ബിഐയുടെ ഔദ്യോഗിക ശാഖകളിൽനിന്ന് ഇന്ത്യയിലെ വ്യക്തികൾക്കോ കമ്പനികൾക്കോ വാങ്ങാൻ കഴിയുന്ന പലിശരഹിത ബോണ്ടാണ് ഇലക്ടോറൽ ബോണ്ട്. 1000, 10000, ഒരു ലക്ഷം, പത്തു ലക്ഷം, ഒരു കോടി എന്നിവയുടെ ബോണ്ടുകളാണ് ലഭിക്കുക. ഇതുവഴി ഏത് അംഗീകൃത രാഷ്ട്രീയപ്പാർട്ടികൾക്കും സംഭാവന അയയ്ക്കാം. പ്രത്യേക സമയത്ത് ബോണ്ടുകൾ സമർപ്പിച്ച് പാർട്ടികൾക്ക് ഇത് കാശാക്കി മാറ്റാം.

ബോണ്ടുകളിൽ നൽകിയ ആളുടെ പേരോ മറ്റു വിവരങ്ങളോ നൽകേണ്ടതില്ല. വാങ്ങാൻ കഴിയുന്ന ഇലക്ടോറൽ ബോണ്ടുകൾക്ക് പരിധിയും നിശ്ചയിച്ചിട്ടില്ല. 2016, 2017 വർഷങ്ങളിലെ ധനനിയമങ്ങൾ വഴിയാണ് ഇലക്ടോറൽ ബോണ്ട് പദ്ധതി പ്രാബല്യത്തിലായത്.

ഇതിന് മുമ്പ് ഇരുപതിനായിരം രൂപയിൽ കൂടുതലുള്ള ഏതു സംഭാവനയും രാഷ്ട്രീയപ്പാർട്ടികൾക്ക് വെളിപ്പെടുത്തേണ്ടതുണ്ടായിരുന്നു. കോർപറേറ്റ് കമ്പനികൾക്ക് ആകെ ലാഭത്തിന്റെ 7.5 ശതമാനത്തിൽ കൂടുതലും വരുമാനത്തിന്റെ പത്ത് ശതമാനത്തിൽ കൂടുതലും സംഭാവന നൽകാൻ കഴിയുമായിരുന്നില്ല. പുതിയ നിയമത്തോടെ ഇവ രണ്ടും ഇല്ലാതായി.

പേരുവിവരങ്ങൾ വെളിപ്പെടുത്താത്ത ഇലക്ടോറൽ ബോണ്ട് ഔദ്യോഗികമായ അഴിമതിയാണ് എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. ബോണ്ടുകളുടെ നിയമസാധുത ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഒരു കൂട്ടം ഹർജികൾ സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന് മുമ്പാകെയാണുള്ളത്. ബോണ്ടുകൾ ഇന്ത്യൻ ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ് എന്ന് ചൂണ്ടിക്കാട്ടി പ്രമുഖ അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, സഞ്ജയ് ഹെഗ്‌ഡെ, വിജയ് ഹൻസാരിയ, കപിൽ സിബൽ, നിസാം പാഷ എന്നിവരാണ് സുപ്രിം കോടതിയെ സമീപിച്ചിട്ടുള്ളത്. 

Summary: The BJP received nearly ?1,300 crore through electoral bonds in 2022-23, seven times more than what the Congress got in the same period.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News