കരിമ്പട്ടികയിൽ, എന്നിട്ടും ബി.ജെ.പി നേതാക്കളുമായി ബന്ധമുള്ള സ്ഥാപനത്തിന് പരീക്ഷാ നടത്തിപ്പ് ചുമതല

വിവിധ സംസ്ഥാനങ്ങളിൽ സർക്കാർ ​ജോലി പ്രതീക്ഷിച്ച് പരീക്ഷയെഴുതിയ ഉദ്യോഗാർഥികളാണ് വഞ്ചിക്കപ്പെട്ടത്

Update: 2024-06-29 14:24 GMT
Advertising

ന്യൂഡൽഹി: റിക്രൂട്ട്മെന്റ് പരീക്ഷ നടത്തിപ്പിൽ കരിമ്പട്ടികയിൽ ഉൾപ്പെട്ട ഏജൻസിക്ക് വീണ്ടും അവസരം നൽകി കേ​ന്ദ്രവും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും. എഡ്യൂടെസ്റ്റ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് വഴിവിട്ട സഹായങ്ങൾ ചെയ്ത് നൽകുന്നത്. വിവിധ സംസ്ഥാനങ്ങളിൽ സർക്കാർ ​ജോലി പ്രതീക്ഷിച്ച് പരീക്ഷയെഴുതിയ ഉദ്യോഗാർഥികളാണ് ഏജൻസിയുടെ തട്ടിപ്പപിൽ വഞ്ചിക്കപ്പെട്ടത്.

കഴിഞ്ഞയാഴ്ചയാണ് പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്നതിന് ഉത്തർപ്രദേശ് സർക്കാർ പരീക്ഷാ നടത്തിപ്പ് കമ്പനിയായ എഡ്യൂടെസ്റ്റ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്.

അഹമ്മദാബാദ് ആസ്ഥാനമായുള്ള ഈ കമ്പനി വിവിധ സംസ്ഥാനങ്ങളിൽ നടന്ന ​​ചോദ്യ പേപ്പർ ചോർച്ചയിലും റിക്രൂട്ട്‌മെന്റ് അഴിമതിയിലും ആരോപണങ്ങൾ വർഷങ്ങളായി നേരിടുന്നുണ്ട്. എന്നിട്ടും പരീക്ഷാനടത്തിപ്പ് ചുമതല കമ്പനിക്ക് തന്നെ ലഭിച്ചു.

കമ്പനിയുടെ സ്ഥാപകനും ഡയറക്ടറുമായ സുരേഷ് ചന്ദ്ര ആര്യ, സർവദേശിക് ആര്യപ്രതിനിധി സഭ എന്ന ഹിന്ദു സംഘടനയുടെ പ്രസിഡന്റാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി ബി.ജെ.പി നേതാക്കൾ ഈ സംഘടന സംഘടിപ്പിക്കുന്ന പരിപാടികളിൽ സജീവമായി പങ്കെടുക്കുന്നവരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

പല സംസ്ഥാന സർക്കാരുകളും എഡ്യൂടെസ്റ്റ് സൊല്യൂഷൻസിനെ കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. സുരേഷ്‌ചന്ദ്രയുടെ മകനും എഡ്യൂടെസ്‌റ്റ് മാനേജിംഗ് ഡയറക്‌ടറുമായ വിനീത് ആര്യ 2017-ൽ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ ജയിലിൽ കിടന്നു. ആരോപണവും നിയമനടപടിയും തുടരുന്ന സ്ഥാപനത്തിന് കേന്ദ്രസർക്കാരും, ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളും ​സർക്കാർ റിക്രൂട്ട്മെന്റുകൾക്കടക്കമുള്ള കരാറുകൾ നൽകുന്നത് തുടരുകയാണെന്നും വയർ റിപ്പോർട്ട് ചെയ്യുന്നു.

യു.പി​ പൊലീസിൽ 63,244 കോൺസ്റ്റബിൾ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷ ഫെബ്രുവരി 17, 18 തീയതികളിൽ നടക്കുന്നത്. 43 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ എഴുതിയ പരീക്ഷയുടെ ചുമതല എഡ്യൂടെസ്റ്റിനായിരുന്നു. പരീക്ഷയ്ക്ക് ദിവസങ്ങൾക്ക് മുന്നെ ചോദ്യപേപ്പർ ചോർന്നു. എന്നിട്ടും പരീക്ഷയുമായി യോഗി സർക്കാർ മുന്നോട്ട് പോയി. പരീക്ഷ കഴിഞ്ഞതിന് പിന്നാലെ ഉദ്യോഗാർത്ഥികൾ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയതോടെ പരീക്ഷ റദ്ദാക്കാൻ യോഗി ആദിത്യനാഥ് സർക്കാർ നിർബന്ധിതരായി. അന്വേഷണവും പ്രഖ്യാപിച്ചു.

കേസ് അന്വേഷിക്കുന്ന സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്) മാനേജിങ് ഡയറക്ടറായ വിനീതിന് നിരവധി തവണ നോട്ടീസ് അയച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ വിനീത് ഹാജരാകായില്ല. എസ്.ടി.എഫ് രൂപീകരിച്ചതിന് പിന്നാലെ വിനീത് യു.എസിലേക്ക് രക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അഹമ്മദാബാദിലെ കമ്പനിയുടെ ഗോഡൗണിൽ നിന്നാണ് പേപ്പർ ചോർന്നതെന്നായിരുന്നു എസ്.ടി.എഫിന്റെ കണ്ടെത്തൽ. 900 പേജുള്ള കുറ്റപത്രം സമർപ്പിക്കുകയും 18 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഗുജറാത്ത് ആസ്ഥാനമായുള്ള ഈ കമ്പനി വിവാദത്തിലാകുന്നത് ഇതാദ്യമല്ല. ചോദ്യ പേപ്പർ ചോർച്ചയും ഗുരുതരമായ ക്രമക്കേടും കാരണം നേരത്തെ നിരവധിതവണ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. എന്നിട്ടും ചോദ്യ പേപ്പറുകൾ അച്ചടിക്കുന്നതിനും പരീക്ഷകൾ നടത്താനുമുള്ള കരാർ കമ്പനിക്ക് തന്നെ ലഭിച്ചുകൊണ്ടിരുന്നു.

2023 ഒക്‌ടോബർ 20-ന് ബിഹാർ സ്‌കൂൾ എക്‌സാമിനേഷൻ ബോർഡ് പരീക്ഷാ കൺട്രോളർ എഡ്യൂടെസ്റ്റ് സൊല്യൂഷൻസിന് ഒരു കത്തെഴുതി. മോശം പ്രവണതയും പ്രൊഫഷണൽ സമീപനം ഇല്ലാത്തതിനാലും സ്ഥാപനത്തെ കരിമ്പട്ടികയിൽ പെടുത്തുകയാണെന്ന അറിയിപ്പായിരുന്നു കത്തിന്റെ ഉള്ളടക്കം. കത്തിൽ ഏജൻസിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചകൾ എടുത്തുപറയുകയും ചെയ്തിരുന്നു. മൂന്ന് വർഷത്തേക്കാണ് വിലക്കേർപ്പെടുത്തിയത്.

ഇത്തരമൊരു വിലക്കേർ​പ്പെടുത്തുന്നതിന് തലേദിവസമാണ് ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ) 80,004,000 രൂപയുടെ കരാർ ഏജൻസിയുമായി ഒപ്പിടുന്നത്. ബിഹാർ സർക്കാർ നിരോധനം ഏർപ്പെടുത്തി ഒന്നരമാസം പിന്നിടുമ്പോഴാണ് പ്രധാനമന്ത്രി ചെയർമാനായ ഈ സ്ഥാപനത്തിലേക്കുള്ള പരീക്ഷയുടെ നടത്തിപ്പ് വിവാദ ഏജൻസിക്ക് നൽകുന്നത്.

444 തസ്തികകളിൽ ഓൺലൈനായാണ് പരീക്ഷ നടന്നത്. പരീക്ഷക്കിടെ തന്നെ ഉദ്യോഗാർത്ഥികൾ വലിയ തോതിലുള്ള കൃത്രിമം നടന്നതായി ആരോപിച്ച് രംഗത്തെത്തി. എന്നാൽ ഉദ്യോഗാർഥികളെ തള്ളിയും ഏജൻസിയെ വെള്ളപൂശുന്ന റിപ്പോർട്ടാണ് ​സി.എസ്.​ഐ.ആർ പുറത്തുവിട്ടത്. ഇത്തരത്തിൽ കേന്ദ്രസർക്കാരും ബി.​ജെ.പി സർക്കാരും വിവാദ കമ്പനിയെ സഹായിക്കുന്ന നിലപാടാണ് എന്നും സ്വീകരിച്ച് വരുന്നത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News