രാജസ്ഥാനിൽ 100 തൊട്ട് ബി.ജെ.പി; കൈവിട്ടോ കോണ്‍ഗ്രസ് ?
2018ൽ 100 സീറ്റ് നേടിയായിരുന്നു കോൺഗ്രസ് അധികാരത്തിലേറിയത്
ജയ്പൂർ: രാജസ്ഥാനിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബി.ജെ.പിക്ക് 102 സീറ്റിൽ മുന്നിൽ. കോൺഗ്രസിന് 80 സീറ്റിലാണ് മുന്നേറുന്നത്. വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറിൽ കോൺഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. ലീഡ് നിലകൾ പലപ്പോഴും മാറി മറിഞ്ഞിരുന്നു.
രാജസ്ഥാൻ നിയമസഭയിൽ 200 സീറ്റുകളാണുള്ളത്. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 199 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. കോൺഗ്രസ് സ്ഥാനാർഥി ഗുർമീത് സിംഗ് കുന്നാര്‍ മരിച്ചതിനെത്തുടര്‍ന്ന് ശ്രീഗംഗാനഗറിലെ കരണാപൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. 100 സീറ്റ് നേടിയായിരുന്നു 2018ൽ കോൺഗ്രസ് അധികാരത്തിലേറിയത്. 73 സീറ്റാണ് ബിജെപിയും നേടിയത്.100 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്.
നവംബർ 25നാണ് രാജസ്ഥാനിലെ 199 നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്ത് 75.45 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇത് 2018 തെരഞ്ഞെടുപ്പ് പോളിങ് ശതമാനത്തേക്കാൾ കൂടുതലായിരുന്നു. 2018 ൽ 74.71 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്.
രാജസ്ഥാനിൽ ബിജെപി അധികാരത്തിലേറുമെന്നാണ് ഭൂരിപക്ഷം എക്സിറ്റ് പോൾ സർവേകളും പ്രവചിക്കുന്നതെങ്കിലും ഉറച്ച ആത്മവിശ്വാസത്തിലായിരുന്നു കോൺഗ്രസ്. മൂന്ന് എക്‌സിറ്റ് പോളുകൾ രാജസ്ഥാനിൽ കോൺഗ്രസ് വിജയിക്കുമെന്ന് പ്രവചിച്ചിരുന്നു. ഇരുഭാഗത്തും ശക്തമായ പ്രചാരണമാണ് നടന്നത്. എന്നാൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസിന്റെ നെഞ്ചിടിപ്പ് കൂടുകയാണ്.
അശോക് ഗെഹ്ലോട്ട്-സച്ചിൻ പൈലറ്റ് ആഭ്യന്തര കലഹങ്ങൾ മാറ്റിവച്ച് തിരഞ്ഞെടുപ്പിന് ഒറ്റക്കെട്ടായെന്ന് പറയുമ്പോഴും കോൺഗ്രസിന് വിജയം അത്ര എളുപ്പമാകില്ല. സച്ചിന്‍ പൈലറ്റും അശോക് ഗെഹ്ലോട്ടും മുന്നിലാണ്. അശോക് ഗെഹ്‍ലോട്ടിന്‍റെ ലീഡ് നില 4000 കടന്നു.
രാജസ്ഥാനിൽ കോൺഗ്രസ് അധികാരം നിലനിർത്തുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഇന്നലെ പ്രതികരിച്ചിരുന്നു. ശനിയാഴ്ച ജയ്പൂരിലെ കോൺഗ്രസ് വാർ റൂമിൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ച് സർക്കാർ രൂപീകരിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. താൻ സ്ഥാനാർത്ഥികളുമായി സംസാരിച്ചുവെന്നും ഗെഹ്ലോട്ട് പറഞ്ഞു. പാർട്ടിയുടെ സംസ്ഥാന ചുമതലയുള്ള സുഖ്ജീന്ദർ സിംഗ് രൺധാവ, പാർട്ടി മേധാവി ഗോവിന്ദ് സിംഗ് ദോട്ടസാര എന്നിവരും ഗെഹ്ലോട്ടുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.