'കനത്ത വെല്ലുവിളി'; യു.പി പിടിക്കുക എളുപ്പമല്ലെന്ന് ബിജെപിയുടെ ആഭ്യന്തര സർവേ
"യാദവരും മേൽജാതി കർഷകരും എസ്പിക്ക് അനുകൂലമായ നിലപാടാണ് എടുക്കുന്നത്. ഉവൈസി ന്യൂനപക്ഷ വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കില്ല."
ലഖ്‌നൗ: യുപിയിൽ തെരഞ്ഞെടുപ്പ് ജയിക്കുക എളുപ്പമാകില്ലെന്ന് ബിജെപിയുടെ ആഭ്യന്തര സർവേ. കേന്ദ്രമന്ത്രിയുടെ മകൻ ഉൾപ്പെട്ട ലഖിംപൂർ ഖേരിയിലെ അക്രമം, സമാജ്‌വാദി പാർട്ടി-രാഷ്ട്രീയ ലോക്ദൾ സഖ്യം, കർഷക സമരം എന്നിവ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നും സർവേ പറയുന്നു. ന്യൂ ഇന്ത്യൻ എക്‌സ്പ്രസാണ് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് മുന്നൂറിലേറെ സീറ്റിൽ വിജയിച്ച് അധികാരം നിലനിർത്തും എന്നാണ് ബിജെപി നേതാക്കളുടെ അവകാശവാദം.
പട്ടികജാതി, പിന്നാക്ക സമുദായങ്ങളിൽ പാർട്ടിക്ക് പരിഗണനീയമായ ഇടമുണ്ടെന്ന് സർവേ പറയുന്നു. എന്നാൽ യാദവരും മേൽജാതി കർഷകരും എസ്പിക്ക് അനുകൂലമായ നിലപാടാണ് എടുക്കുന്നത്. ഉവൈസി ന്യൂനപക്ഷ വോട്ടുബാങ്കിൽ വിള്ളൽ സൃഷ്ടിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
'ന്യൂനപക്ഷ വോട്ടുകളിൽ ഉവൈസി വിള്ളലുകളുണ്ടാക്കില്ല. എസ്പി നേതൃത്വം നൽകുന്ന സഖ്യത്തിലേക്ക് ചാഞ്ഞു നിൽക്കുകയാണ് ന്യൂനപക്ഷങ്ങൾ. ബിഎസ്പി എസ്.സി അടക്കമുള്ള പിന്നാക്ക സമുദായങ്ങളിലെ വോട്ടുകൾ വിഭജിപ്പിക്കും. അത് ബിജെപിക്ക് ഗുണം ചെയ്യും.'- ബിജെപി വൃത്തങ്ങൾ വ്യക്തമാക്കി.
ജാട്ട്, യാദവ വോട്ടർമാർക്ക് സ്വാധീനമുള്ള 150 ലേറെ നിയമസഭാ മണ്ഡലങ്ങളിൽ എസ്പി-ആർഎൽഡി സഖ്യം ബിജെപിക്ക് വലിയ വെല്ലുവിളി ഉയർത്തും. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി റാലികൾ നടത്തിയ പ്രദേശങ്ങളിൽ പാർട്ടിക്ക് പ്രതീക്ഷയുണ്ട്. ആദ്യ മൂന്നു ഘട്ട തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ പ്രതീക്ഷകളില്ല. രണ്ടാം ഘട്ടം എസ്പിയുടെ ഘട്ടമായിരുന്നു. എന്നാൽ മുതിർന്ന നേതാക്കൾ മാരത്തൺ ചർച്ചകളിലൂടെ പരമ്പരാഗത വോട്ടുകൾ ഉറപ്പാക്കാൻ ശ്രമം നടത്തുന്നുണ്ട്- പാർട്ടി വൃത്തങ്ങൾ വെളിപ്പെടുത്തി.
അതിനിടെ, ഉത്തർപ്രദേശിലെ 12 ജില്ലകളിലെ 61 മണ്ഡലങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. 692 സ്ഥാനാർഥികൾ മാറ്റുരയ്ക്കുന്ന അഞ്ചാം ഘട്ടത്തിൽ 2.24 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. മാർച്ച് 3, 7 തീയതികളിലാണ് അടുത്ത ഘട്ടങ്ങൾ.
ബിജെപിയുടെ സ്മൃതി ഇറാനിയിലൂടെ കോൺഗ്രസിന് പ്രതാപം നഷ്ടമായ അമേഠി, ബിജെപിക്കു പ്രബല സ്വാധീനമുള്ള അയോധ്യ എന്നിവയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന ശ്രദ്ധേയ മണ്ഡലങ്ങൾ. സഞ്ജയ് സിങ്ങാണ് അമേഠിയിലെ ബിജെപി സ്ഥാനാർഥി. ആശിഷ് ശുക്ലയാണ് കോൺഗ്രസ് സ്ഥാനാർഥി. അയോധ്യയിൽ വി.പി.ഗുപ്തയാണ് ബിജെപി സ്ഥാനാർഥി. പവൻ പാണ്ഡെയാണ് സമാജ് വാദി പാർട്ടി സ്ഥാനാർഥി. 2017ലെ തെരഞ്ഞെടുപ്പിൽ ഇവിടെയുള്ള 61ൽ 50 സീറ്റും നേടിയത് ബിജെപിയായിരുന്നു.