'എല്ലാം വെളുപ്പിക്കുന്നു'; ബിജെപിക്കെതിരെ വാഷിങ് മെഷീൻ പരസ്യവുമായി കോൺഗ്രസ്
പ്രധാന ദേശീയ ദിനപത്രങ്ങള്‍ ഒന്നാം പേജില്‍ പരസ്യം പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി: രാജ്യത്തെ പ്രധാനപ്പെട്ട ദേശീയ പത്രങ്ങളിൽ ബിജെപിക്കെതിരെ 'വാഷിങ് മെഷീൻ പരസ്യം' നൽകി കോൺഗ്രസ്. കാവി നിറമുള്ള വാഷിങ് മെഷീന്റെ അകത്തു നിന്ന് 'ശുദ്ധി' ചെയ്ത് പുറത്തുവരുന്ന നേതാവിന്റെ ചിത്രമാണ് പരസ്യത്തിൽ. വെള്ള കുര്‍ത്തയും പൈജാമയും അണിഞ്ഞയാളുടെ തോളിൽ താമര ചിഹ്നമുള്ള ബിജെപി ഷാളും കാണാം.
'സുഹൃത്തുക്കളെ, അഴിമതിക്കാർക്കെതിരെ നടപടിയെടുക്കും. ഓരോരുത്തരെയും പാർട്ടിയിലേക്ക് എത്തിക്കുകയും ചെയ്യും' - എന്നാണ് തലവാചകം. ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യൻ എക്‌സ്പ്രസ്, എൻബിടി നവ്ഭാരത് ടൈംസ്, ഹിന്ദുസ്ഥാൻ തുടങ്ങിയ പത്രങ്ങളുടെ ഒന്നാം പേജിലാണ് വാഷിങ് മെഷീൻ പരസ്യം ഇടംപിടിച്ചത്. പൊതുജന താത്പര്യാര്‍ത്ഥം അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിദ്ധീകരിക്കുന്നത് എന്നാണ് പരസ്യത്തിന് താഴെ ചേര്‍ത്തിട്ടുള്ളത്.
ഇൻഡ്യ മുന്നണിക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ബിജെപി തുടർച്ചയായ വീഡിയോ പരസ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളെ പരിഹസിച്ചായിരുന്നു പരസ്യങ്ങൾ.
ബിജെപിയിലേക്ക് കൂടുമാറിയതിന് പിന്നാലെ നിരവധി പ്രതിപക്ഷ നേതാക്കൾക്കെതിരെയുള്ള കേസുകളിലെ അന്വേഷണം നിർത്തിവച്ചതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2014 മുതൽ അഴിമതിക്കേസുകളിൽ അന്വേഷണം നേരിട്ട 25 പ്രതിപക്ഷ നേതാക്കളാണ് ബിജെപിയിലെത്തിയത്. പാർട്ടി വിട്ടതിന് പിന്നാലെ 23 പേർക്കും ഇളവു കിട്ടി. മൂന്നു കേസുകൾ പൂർണമായി അവസാനിപ്പിച്ചപ്പോൾ 20 എണ്ണത്തിൽ അന്വേഷണം പാതിവഴിയിൽ മുടങ്ങി.