രാഷ്ട്രീയത്തിലെ സീരിയല്‍ കില്ലറാണ് ബി.ജെ.പി: സഞ്ജയ് റാവത്ത്
അവർ സ്വന്തം ലക്ഷ്യങ്ങൾക്കായി രാഷ്ട്രീയ പാർട്ടികളെ പിളർത്തുന്നു
മുംബൈ: എന്‍.സി.പി പിളര്‍ത്തി അജിത് പവാര്‍ ഏക്നാഥ് ഷിന്‍ഡെ ക്യാമ്പില്‍ ചേര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷം ബി.ജെ.പിക്കെതിരെ പരിഹാസവുമായി ശിവസേന താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. രാഷ്ട്രീയത്തിലെ സീരിയല്‍ കില്ലറും സീരിയല്‍ റേപ്പിസ്റ്റുമാണ് ബി.ജെ.പിയെന്ന് റാവത്ത് പരിഹസിച്ചു.
"ഡൽഹിയുടെ (കേന്ദ്രത്തിന്റെ) മനസ്സാണ് ഇതിന് പിന്നിൽ, അവർ രാഷ്ട്രീയത്തിലെ സീരിയൽ കില്ലർമാരും സീരിയൽ റേപ്പിസ്റ്റുകളുമാണ്.കുറ്റം ചെയ്യുന്ന ഇവരുടെ രീതി പഴയതുതന്നെ. അവർ സ്വന്തം ലക്ഷ്യങ്ങൾക്കായി രാഷ്ട്രീയ പാർട്ടികളെ പിളർത്തുകയും യഥാർത്ഥ പാർട്ടികളുടെ ഉടമസ്ഥാവകാശം അവകാശപ്പെടാൻ പിരിഞ്ഞുപോയ വിഭാഗങ്ങളെ നേടുകയും ചെയ്യുന്നു”സഞ്ജയ് റാവത്ത് പറഞ്ഞു.
ഞായറാഴ്ചയാണ് അജിത് പവാർ നിരവധി എം.എൽ.എമാരെ കൂടെക്കൂട്ടി മറുകണ്ടം ചാടിയത്. പ്രതിപക്ഷ നേതാവായിരുന്ന പവാർ കൂടുമാറ്റത്തിനുപിന്നാലെ മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തു.ഇതിനു പിന്നാലെ അജിത് പവാർ ഉൾപ്പടെ ഒമ്പത് എംഎൽഎമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ സംസ്ഥാന സെക്രട്ടറിയേറ്റിനു സമീപം പുതിയ എന്‍.സി.പി ഓഫീസ് ഉദ്ഘാടനം ചെയ്യുമെന്ന് റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. മുംബൈയിലെ ബല്ലാർഡ് എസ്റ്റേറ്റിലാണ് ഇപ്പോഴത്തെ പാർട്ടി ഓഫീസ്. തങ്ങളാണ് യഥാർഥ എൻ.സി.പിയെന്നും എതിരാളികളൊന്നും അല്ലെന്നും അജിത് പവാർ വിഭാഗം അവകാശപ്പെട്ടിരുന്നു.
ബുധനാഴ്ച ഇരു വിഭാഗങ്ങളും മുംബൈയിൽ വെവ്വേറെ യോഗങ്ങൾ നടത്താനൊരുങ്ങുകയാണ്. എൻസിപി പിളർപ്പിന് ശേഷം ഇരു വിഭാഗങ്ങളിലെയും എല്ലാ പ്രവർത്തകരും പങ്കെടുക്കുന്ന ആദ്യ യോഗമാണിത്. പരമാവധി എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് ഇരു വിഭാഗങ്ങളും അവകാശപ്പെട്ടു.