'ഈ മാപ്പൊന്നും പോര'; മഹാരാഷ്ട്രയിൽ ഛത്രപതി ശിവജിയുടെ പ്രതിമ വീണതിൽ ബി.ജെ.പിക്ക് ആശങ്ക: ഏറ്റെടുത്ത് പ്രതിപക്ഷം
''തിരിച്ചടി ഭയന്നാണ് മോദി ക്ഷമാപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. അതൊന്നും മഹാരാഷ്ട്രയിൽ ഏൽക്കില്ല''
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണ സംഭവം നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ ബി.ജെ.പി. പ്രധാനമന്ത്രി മാപ്പ് പറഞ്ഞെങ്കിലും അതൊന്നും പോര എന്നാണ് പ്രതിപക്ഷ നിലപാട്.
മഹാരാഷ്ട്രയിലെ ജനങ്ങള്‍ നിങ്ങള്‍ക്ക് മാപ്പ് തരില്ലെന്നായിരുന്നു ശിവസനേ ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്തിന്റെ പ്രസ്താവന. വിവാദത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് പ്രധാനമന്ത്രി മോദി മാപ്പ് പറഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'' തിരിച്ചടി ഭയന്നാണ് മോദി ക്ഷമാപണവുമായി എത്തിയിരിക്കുന്നത്. ക്ഷമാപണമൊന്നും ഛത്രപതിയെ അപമാനിച്ചതിന് പകരമാവില്ല. പ്രധാനമന്ത്രി ആത്മാർത്ഥമായി മാപ്പ് പറയുകയാണെങ്കിൽ, 5-10 വർഷം മുമ്പ് പുൽവാമയിൽ നമ്മുടെ 40 സൈനികർ വീരമൃത്യു വരിച്ചപ്പോള്‍ പറയണമായിരുന്നു''- സഞ്ജയ് റാവത്ത് പറഞ്ഞു.
''നിങ്ങളുടെ പരാജയം കാരണം നാല്പത് സൈനികരാണ് ഒരേസമയം വീരമൃത്യു വരിച്ചത്. ഇന്നും ജമ്മു കശ്മീരിൽ അക്രമസംഭവങ്ങള്‍ അരങ്ങേറുന്നു. കശ്മീരി പണ്ഡിറ്റുകൾക്ക് നാട്ടിലേക്ക് മടങ്ങാമെന്ന വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ല; അതിനും നിങ്ങൾ മാപ്പ് പറയണം. നിങ്ങൾ ഒരുപാട് തവണ കള്ളം പറഞ്ഞിട്ടുണ്ട്. എല്ലാ ദിവസവും നിങ്ങൾ രാജ്യത്തോട് മാപ്പ് പറയണം, പക്ഷേ നിങ്ങളത് ചെയ്തില്ല. ഇത് മഹാരാഷ്ട്രയാണ്, മഹാരാഷ്ട്ര ആരോടും ക്ഷമിക്കില്ല, പ്രത്യേകിച്ച് ഛത്രപതി ശിവാജി മഹാരാജുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ''- സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ കോട്ടയിൽ സ്ഥാപിച്ച ഛത്രപതി ശിവജിയുടെ 35 അടി പ്രതിമയാണ് അടുത്തിടെ തകര്‍ന്നു വീണത്. കഴിഞ്ഞ വര്‍ഷമാണ് പ്രധാനമന്ത്രി മോദി പ്രതിമ അനാച്ഛാദനം ചെയ്തത്. പ്രതിമ തകർന്നതിൽ ഖേദമുണ്ടെന്നും തല കുനിച്ച് മാപ്പ് ചോദിക്കുന്നുവെന്നുമായിരുന്നു പാൽഘറിൽ നടന്ന ഒരു പരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞത്.
സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് രേഖപെടുത്തിയിട്ടുണ്ട്. പ്രതിമയുടെ സ്ട്രക്ടച്ചറൽ കൺസൾട്ടന്റ്റ് ചേതൻ പാട്ടീൽ, പ്രതിമയുടെ നിര്‍മ്മാണ കരാര്‍ എടുത്തിരുന്നയാള്‍ എന്നിവരാണ് അറസ്റ്റിലായത്. സംഭവം അന്വേഷിക്കാൻ നാവികസേനയുടെ നേതൃത്വത്തിൽ മഹാരാഷ്ട്ര സർക്കാർ പ്രതിനിധികളെയും സാങ്കേതിക വിദഗ്ധരെയും ഉൾക്കൊള്ളിച്ചുള്ള സംയുക്ത സാങ്കേതിക കമ്മിറ്റിയേയും നിയോഗിച്ചിട്ടുണ്ട്.
എന്നാല്‍ വിഷയം ഏറ്റെടുത്തിരിക്കുകയാണ് പ്രതിപക്ഷം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിമയുടെ അനാച്ഛാദനം നടത്താൻ സർക്കാർ തിരക്കിട്ട നിർമാണം നടത്തിയതാണ് തകരാന്‍ കാരണം എന്നാണ് പ്രതിപക്ഷം പറയുന്നത്. ഇന്ത്യൻ നാവിക സേനയുടെ മേൽ കുറ്റം ചുമത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മോദി ശരിക്കും മാപ്പ് പറയുകയാണെങ്കിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും സ്ഥാനത്തുനിന്നും നീക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. അതേസമയം കാറ്റിനെയും കാലാവസ്ഥയെയും കുറ്റപ്പെടുത്തുകയാണ് ഭരണപക്ഷമായ മഹായുതി. ഇതിനെതിരെയും പ്രതിപക്ഷം രംഗത്ത് എത്തി.