'രണ്ട് സീറ്റിൽനിന്നാണ് ബി.ജെ.പി തുടങ്ങിയത്; അവിടത്തന്നെ അവർ തിരിച്ചെത്തും'; ആക്രമണം തുടർന്ന് ജെ.ഡി.യു
പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ചുനിന്നാൽ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ 50 സീറ്റിൽ ഒതുക്കാനാവുമെന്ന് ഇന്നലെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കിയിരുന്നു
പാട്‌ന: ബി.ജെ.പിക്കെതിരെ ആക്രമണം തുടർന്ന് ജെ.ഡി.യു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബിഹാർ സന്ദർശനം സാമുദായിക സൗഹാർദം തകർക്കാനുള്ള ശ്രമമാണെന്ന് ജെ.ഡി.യു ദേശീയ അധ്യക്ഷൻ ലല്ലൻ സിങ് എന്ന പേരിൽ അറിയപ്പെടുന്ന രാജീവ് രഞ്ജൻ ആരോപിച്ചു. ബി.ജെ.പി രണ്ട് സീറ്റിൽനിന്നാണ് തുടങ്ങിയത്, അവിടെത്തന്നെ അവർ തിരിച്ചെത്തുമെന്നും സിങ് പറഞ്ഞു.
2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബിഹാറിലെ 40 ലോക്‌സഭാ മണ്ഡലങ്ങളിലും ജെ.ഡി.യു ജയിക്കും. ബി.ജെ.പി പറയാനുള്ളതെല്ലാം പറഞ്ഞോട്ടെ. രണ്ടക്കവുമായാണ് അവർ തുടങ്ങിയത്. അവർ അവിടെത്തന്നെ തിരിച്ചെത്തും-ലല്ലൻ സിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ചുനിന്നാൽ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ 50 സീറ്റിൽ ഒതുക്കാനാവുമെന്ന് ഇന്നലെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കിയിരുന്നു. ബിഹാറിൽ ജെ.ഡി.യു എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് നിതീഷ് കുമാർ വീണ്ടും പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് പറഞ്ഞത്. പ്രതിപക്ഷ ഐക്യത്തിനായുള്ള പ്രവർത്തനങ്ങൾക്ക് നിതീഷ് കുമാർ നേതൃത്വം നൽകണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
എൻ.ഡി.എ സഖ്യംവിട്ട് ആർ.ജെ.ഡി-കോൺഗ്രസ് സഖ്യത്തിനൊപ്പം ചേർന്ന് ബിഹാറിൽ സർക്കാർ രൂപീകരിച്ചതോടെയാണ് നിതീഷ് കുമാർ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുമെന്ന അഭ്യൂഹം ശക്തമായത്. തിങ്കളാഴ്ച ഡൽഹിയിലെത്തുന്ന നിതീഷ് കുമാർ വിവിധ പ്രതിപക്ഷ കക്ഷിനേതാക്കളുമായി ചർച്ച നടത്തും.
മണിപ്പൂരിൽ ജെ.ഡി.യു വിട്ട് ബി.ജെ.പിയിൽ ചേർന്ന എം.എൽ.എമാർ തന്നെ ബിഹാറിൽ വന്ന് സന്ദർശിച്ചിരുന്നുവെന്ന് നിതീഷ് കുമാർ പറഞ്ഞു. ബി.ജെ.പി ബന്ധം അവസാനിപ്പിച്ചതിൽ സന്തോഷമുണ്ടെന്നാണ് അന്ന് അവർ പറഞ്ഞത്. മറ്റു പാർട്ടികളിൽനിന്ന് വിജയിച്ചുവന്ന എം.എൽ.എമാരെ ബി.ജെ.പി എങ്ങനെയാണ് തകർക്കുന്നത് എന്നതിന്റെ തെളിവാണ് ഇതെന്നും നിതീഷ് കുമാർ പറഞ്ഞു.
പ്രതിപക്ഷം സമ്മതിക്കുകയാണെങ്കിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ശക്തനായ സ്ഥാനാർഥിയായിരിക്കും നിതീഷ് കുമാറെന്ന് ബിഹാർ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവ് പറഞ്ഞിരുന്നു. നിതീഷിന്റെ ദേശീയരാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശത്തിന്റെ സൂചന നൽകുന്ന ബോർഡുകളും കഴിഞ്ഞ ദിവസങ്ങളിൽ ബിഹാറിലെ പാർട്ടി ആസ്ഥാനത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
Summary: ''BJP started with the figure 2 and that's where they will get back", says Janata Dal United National President Rajiv Ranjan aka Lallan Singh