കർഷക പ്രതിഷേധങ്ങളെല്ലാം മറികടന്ന് ലഖിംപൂരിൽ ബിജെപി മുന്നിൽ
2017ൽ യോഗേഷ് വർമ 1,22,677 വോട്ട് നേടിയാണ് വിജയിച്ചത്
കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ നാല് കർഷകരും മൂന്ന് ബിജെപി പ്രവർത്തകരും ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ട ഉത്തർപ്രദേശിലെ ലഖിംപൂരിൽ ബിജെപി മുന്നിൽ. സിറ്റിങ് എംഎൽഎയും ബിജെപി സ്ഥാനാർഥിയുമായ യോഗേഷ് വർമയാണ് ലീഡ് ചെയ്യുന്നത്.2017ൽ യോഗേഷ് വർമ 1,22,677 വോട്ട് നേടിയാണ് വിജയിച്ചത്.
2017ൽ ജില്ലയിലെ എട്ട് സീറ്റുകളിലും ബിജെപിയാണ് ജയിച്ചത്. യുപിയിൽ ബിജെപിയുടെ ഏറ്റവും ശക്തനായ നേതാവായിരുന്ന അജയ് മിശ്രയുടെ നേതൃത്വത്തിൽ നടത്തിയ പ്രചാരണത്തിലാണ് അന്ന് ബിജെപി എട്ടു സീറ്റുകളും നേടിയത്. ലഖിംപുർ സംഭവത്തെ തുടർന്ന് ഇത്തവണ അദ്ദേഹത്തെ പ്രചാരണങ്ങളിൽനിന്ന് ബിജെപി മാറ്റിനിർത്തിയിരുന്നു. ജില്ലയിലെ പ്രമുഖ ബ്രാഹ്‌മണ മുഖമായിരുന്നു അജയ് മിശ്ര.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ലഖിംപുരിൽ കർഷകരുൾപ്പെടെ കൊല്ലപ്പെട്ടത്. കേന്ദ്ര മന്ത്രിയായ അജയ് മിശ്രയുടെയും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെയും സന്ദർശനത്തിനെതിരെ ലഖിംപുർ ഖേരിയിൽ കർഷകർ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ നേതൃത്വത്തിൽ 3 വാഹനങ്ങൾ കർഷകരുടെ ഇടയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. വാഹനം ഇടിച്ച് നാല് കർഷകർ മരിച്ചു. തുടർന്നുണ്ടായ അക്രമത്തിൽ മൂന്ന് ബിജെപി പ്രവർത്തകരും ഒരു മാധ്യമപ്രവർത്തകനും മരിച്ചു.