ചണ്ഡിഗഢ് മേയര്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തി പിടിയിലായ അനില്‍ മസീഹ് വീണ്ടും കോര്‍പറേഷന്‍ യോഗത്തില്‍; പ്രതിഷേധമുയര്‍ത്തി എ.എ.പി
മാപ്പിന്റെ കാര്യമാണെങ്കില്‍ ജനാധിപത്യത്തെ കശാപ്പുചെയ്ത അനില്‍ മസീഹാണ് ആദ്യം മാപ്പുപറയേണ്ടതെന്ന് മേയര്‍ കുല്‍ദീപ് കുമാര്‍ തിരിച്ചടിച്ചതോടെ ബി.ജെ.പി അംഗങ്ങള്‍ കൂടുതല്‍ ബഹളവുമായി നടുത്തളത്തിലിറങ്ങി
ചണ്ഡിഗഢ്: മേയര്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തി പിടിയിലായ ബി.ജെ.പി നേതാവ് അനില്‍ മസീഹ് വീണ്ടും ചണ്ഡിഗഢ് കോര്‍പറേഷന്‍ യോഗത്തില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പിലെ പ്രിസൈഡിങ് ഓഫിസറായിരുന്നു അനില്‍ സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനമേറ്റുവാങ്ങിയിരുന്നു. കേസില്‍ നിയമനടപടി നേരിട്ടു മാസങ്ങള്‍ക്കുശേഷം വീണ്ടും കോര്‍പറേഷന്‍ യോഗത്തിനെത്തിയ അനില്‍, സഭയില്‍ സംസാരിക്കാന്‍ എണീറ്റത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി.
കോര്‍പറേഷന്‍ യോഗത്തിനിടെ മസീഹ് അകത്തുകയറി ഇരുന്നപ്പോഴൊന്നും എ.എ.പി അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍, മാലിന്യരഹിത നഗരം പദ്ധതിയെ കുറിച്ചുള്ള ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കാന്‍ അനില്‍ എണീറ്റതോടെയാണു കൗണ്‍സിലര്‍മാര്‍ ഇടപെട്ടു. വിഷയത്തില്‍ ഒന്നുരണ്ട് നിര്‍ദേശങ്ങള്‍ വയ്ക്കാനുണ്ടെന്നു പറഞ്ഞാണ് ബി.ജെ.പി പ്രത്യേക നാമനിര്‍ദേശത്തിലൂടെ കോര്‍പറേഷനിലെത്തിയ അനില്‍ മസീഹ് സംസാരം തുടങ്ങിയത്.
ഇതോടെ, മാനസികമായി പൂര്‍ണ ആരോഗ്യവാനല്ലാത്ത താങ്കള്‍ എന്തിനാണു നിര്‍ദേശങ്ങളുമായി വരുന്നതെന്ന ചോദ്യവുമായി എ.എ.പി അംഗം മുനവ്വര്‍ എണീറ്റു. മേയര്‍ തെരഞ്ഞെടുപ്പ് കേസില്‍ അനില്‍ സുപ്രിംകോടതിയില്‍ നടത്തിയ പരാമര്‍ശം വ്യംഗ്യമായി സൂചിപ്പിച്ചായിരുന്നു എ.എ.പി കൗണ്‍സിലറുടെ പരിഹാസം. തെരഞ്ഞെടുപ്പില്‍ വിവാദ സംഭവം നടക്കുമ്പോള്‍ മാനസികമായി പൂര്‍ണ ആരോഗ്യവാനല്ലെന്നായിരുന്നു അനില്‍ കോടതിയില്‍ പറഞ്ഞത്.
എ.എ.പി കൗണ്‍സിലറുടെ പരാമര്‍ശത്തില്‍ പിടിച്ച് ബി.ജെ.പി അംഗങ്ങള്‍ സഭയില്‍ ബഹളമുയര്‍ത്തി. വ്യക്തിയധിക്ഷേപം നടത്തിയ മുനവ്വര്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു പ്രതിഷേധമാരംഭിച്ചു. എന്നാല്‍, മാപ്പിന്റെ കാര്യമാണെങ്കില്‍ ജനാധിപത്യത്തെ കശാപ്പുചെയ്ത അനില്‍ മസീഹാണ് ആദ്യം മാപ്പുപറയേണ്ടതെന്ന് മേയര്‍ കുല്‍ദീപ് കുമാര്‍ ധാലോര്‍ തിരിച്ചടിച്ചു. ഇതോടെ ബി.ജെ.പി അംഗങ്ങള്‍ കൂടുതല്‍ ബഹളവുമായി നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഇറക്കി ബി.ജെ.പി കൗണ്‍സിലര്‍മാരെ ഹാളില്‍നിന്നു പുറത്താക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഇതോടെ യോഗം നിര്‍ത്തിവയ്ക്കുകയായിരുന്നു.
കഴിഞ്ഞ ജനുവരി 30നായിരുന്നു വിവാദമായ ചണ്ഡിഗഢ് മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും കൈക്കോര്‍ത്ത തെരഞ്ഞെടുപ്പ് ഇന്‍ഡ്യ മുന്നണിയുടെ ആദ്യ സഖ്യ പരീക്ഷണമായാണു വിലയിരുത്തപ്പെട്ടിരുന്നത്. ഇരു പാര്‍ട്ടികളും ഒന്നിച്ചതോടെ എ.എ.പിയുടെ കുല്‍ദീപ് കുമാറിന്റെ വിജയം ഉറപ്പിച്ചിരുന്നു. ആകെ 45 അംഗ മുനിസിപ്പല്‍ കോര്‍പറേഷനില്‍ എ.എ.പിക്കും ബി.ജെ.പിക്കും 14 വീതം അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസിന് ആറും കൗണ്‍സിലര്‍മാരുണ്ട്.
എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ബി.ജെ.പിയുടെ മനോജ് സോങ്കര്‍ ആയിരുന്നു വിജയി. ഇതിനു പിന്നാലെ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി ആരോപിച്ച് എ.എ.പി സുപ്രിംകോടതിയെ സമീപിച്ചു. തുടര്‍ന്ന് സി.സി.ടി.വി കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രിസൈഡിങ് ഓഫിസറായിരുന്ന അനില്‍ മസീഹിന്റെ ക്രമക്കേട് പുറത്തായത്. എട്ട് ഇന്‍ഡ്യ കൗണ്‍സിലര്‍മാരുടെ ബാലറ്റ് പേപ്പറുകള്‍ ഇയാള്‍ നശിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ സുപ്രിംകോടതി എ.എ.പിയുടെ കുല്‍ദീപ് കുമാറിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
സംഭവത്തില്‍ കടുത്ത ഭാഷയിലാണ് കോടതി പ്രതികരിച്ചത്. ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. അനില്‍ മസീഹ് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും വിമര്‍ശനമുണ്ടായി. ഇയാള്‍ക്കെതിരെ സെക്ഷന്‍ 340 പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. പിന്നീട് സുപ്രിംകോടതിയില്‍ നിരുപാധികം മാപ്പുപറയുകയായിരുന്നു അനില്‍ ചെയ്തത്.
Summary: Controversial BJP leader Anil Masih returns to the Chandigarh municipal corporation after five months, sparks furore