'ഇത് സ്ഥിരം പല്ലവി, യുക്തിയില്ലാത്ത പ്രസ്താവന'; കങ്കണയെ വിമര്‍ശിച്ച് ബിജെപി ദേശീയ വക്താവ് ജെയ്‌വീർ ഷെർഗിൽ
'കങ്കണയുടെ നിരുത്തരവാദപരമായ പ്രസ്താവനകളിലൂടെ പഞ്ചാബും അവിടത്തെ കർഷകരും പ്രധാനമന്ത്രിയും തമ്മിലുള്ള ബന്ധത്തെ ആരും വിലയിരുത്തരുത്'
ന്യൂഡൽഹി: പിൻവലിച്ച കർഷക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന പ്രസ്താവനയെ തുടർന്ന് വെട്ടിലായി നടിയും ബിജെപി എം.പിയുമായ കങ്കണ റണാവത്ത്. പരാമർശം വ്യക്തിപരമായ അഭിപ്രായമാണെന്ന് കങ്കണ വ്യക്തമാക്കിയെങ്കിലും ഇടക്കിടെ വിവാദ പ്രസ്താവനകൾ നടത്തുന്ന നടിക്കെതിരെ പാർട്ടിയിൽ നിന്ന് രൂക്ഷവിമർശനങ്ങൾ ഉയരുന്നതിനൊപ്പം നേതാക്കൾക്കിടയിലും അമർശമുണ്ട്.
കങ്കണയുടെ പ്രസ്താവന അടിസ്ഥാന രഹിതവും യുക്തിരഹിതവുമായ സ്ഥിരം വാക്കുകളാണെന്ന് ബിജെപിയുടെ ദേശീയ വക്താവ് ജെയ്‌വീർ ഷെർഗിൽ പറഞ്ഞത്. പഞ്ചാബുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബന്ധത്തെ കേവലം അടിസ്ഥാന രഹിതവും യുക്തിരഹിതവുമായ പ്രസ്താവനയിലൂടെ ആരും വിലയിരുത്തരുത് എന്നായിരുന്നു ജെയ്‌വീർ ഷെർഗിലിന്റെ പ്രതികരണം.
കങ്കണയുടെ പ്രസ്താവനകളിൽ നിന്നും ബിജെപി സ്വയം അകലം പാലിച്ചാണ് നിൽക്കുന്നതെന്നും സിഖ് സമുദായത്തിനും പഞ്ചാബിലെ കർഷകർക്കുമെതിരെ കങ്കണ നടത്തിയത് ഉപയോഗശൂന്യവും അടിസ്ഥാനരഹിതവും യുക്തിരഹിതവുമായ പ്രസ്താവനകളാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബും അവിടത്തെ കർഷകരും പ്രധാനമന്ത്രിയും തമ്മിലുള്ള ബന്ധം ആർക്കും തകർക്കാനാവില്ല. കങ്കണയുടെ നിരുത്തരവാദപരമായ പ്രസ്താവനകളിലൂടെ ആ ബന്ധത്തെ വിലയിരുത്തരുതെന്നും ഷെർഗിൽ പറഞ്ഞു.
അതേസമയം കങ്കണയുടെ പ്രസ്താവനയെ ബിജെപി നേതൃത്വം നേരത്തെതന്നെ തള്ളിയിരുന്നു. കങ്കണയുടേത് വ്യക്തിപരമായ പരാമർശമാണെന്നും പാർട്ടി നിലപാടല്ലെന്നുമാണ് ബിജെപി വക്താവായ ഗൗരവ് ഭാട്ടിയ കഴിഞ്ഞ ദിവസം പറഞ്ഞത്.
മുൻപും കർഷക പ്രക്ഷോഭത്തിനെതിരെ കങ്കണ പരാമർശം നടത്തിയിട്ടുണ്ട്. കർഷക പ്രക്ഷോഭത്തിനിടെ നിരവധി പേരെ കൊലപ്പെടുത്തി മൃതദേഹം കെട്ടിത്തൂക്കിയെന്നും ബലാത്സംഗങ്ങൾ നടന്നുവെന്നുമായിരുന്നു ഇത്. പ്രസ്താവന വിവാദമായതോടെ കങ്കണയെ ബിജെപി പരസ്യമായി ശാസിച്ചിരുന്നു.