'എല്ലാ അഴിമതിക്കാർക്കും പേര് മോദി'യെന്ന് ബിജെപി നേതാവ് ഖുഷ്ബുവും; മുൻ ട്വീറ്റ് കുത്തിപ്പൊക്കി കോൺ​ഗ്രസ്

ഖുശ്ബു കോൺ​ഗ്രസ് നേതാവായിരിക്കെ 2018ൽ നടത്തിയ മോദി വിമർശനമാണ് ഇപ്പോൾ തിരിഞ്ഞുകൊത്തിയിരിക്കുന്നത്.

Update: 2023-03-25 11:21 GMT
Advertising

 ന്യൂഡൽഹി: മോദി പരാമർശത്തിന്റെ പേരിൽ രാഹുൽ ​ഗാന്ധി ശിക്ഷിക്കപ്പെടുകയും എംപി സ്ഥാനത്തു നിന്നും അയോ​ഗ്യനാക്കപ്പെടുകയും ചെയ്തതിനു പിന്നാലെ ബിജെപി നേതാവും നടിയുമായ ഖുഷ്ബുവിന്റെ പഴയ സമാന പരാമർശം കുത്തിപ്പൊക്കി കോൺ​ഗ്രസ്. 'എല്ലാ കള്ളൻമാരുടേയും പേര് മോദി എന്നാണല്ലോ' എന്ന ആക്ഷേപ ഹാസ്യ പരാമർശത്തിന്റെ പേരിൽ ബിജെപി നേതാവിന്റെ പരാതിയിലെടുത്ത മാനനഷ്ടക്കേസിലാണ് രാഹുലിന് എം.പി സ്ഥാനം നഷ്ടമായതെന്നിരിക്കെയാണ് ബിജെപി നേതാവായ നടിയുടെ മുൻ ട്വീറ്റ് ഇപ്പോൾ പൊങ്ങിവന്നിരിക്കുന്നത്.

ഖുശ്ബു കോൺ​ഗ്രസ് നേതാവായിരിക്കെ 2018ൽ നടത്തിയ മോദി വിമർശനമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 'എല്ലാ അഴിമതിക്കാരുടേയും പേരിനൊപ്പം മോദി എന്ന കുടുംബപ്പേരുണ്ട്' എന്നായിരുന്നു ഖുഷ്ബുവിന്റെ പഴയ ട്വീറ്റ്. ഇതേ പരാമർശമായിരുന്നു രാഹുൽ 2019ൽ നടത്തിയത്. എന്നാൽ ഖുഷ്ബു പിന്നീട് ബിജെപിയിൽ ചേരുകയായിരുന്നു. 'മോദിയെന്ന പേരിന്റെ അർഥം അഴിമതി എന്നാക്കി മാറ്റുന്നതാണ് നല്ലതെ'ന്നും നീരവ്, ലളിത്, നമോ എന്നീ പേരുകൾ പങ്കുവച്ച് നടി കുറിച്ചിരുന്നു.

ഖുഷ്ബുവിനെതിരെയും പൂർണേഷ് മോദി കേസ് കൊടുക്കുമോ എന്നാണ് കോൺ​ഗ്രസിന്റെ ചോദ്യം. മോദി ജീ... മോദി എന്ന് പേരുള്ള നിങ്ങളുടെ ശിഷ്യന്മാരിൽ ഒരാൾ നൽകിയ മാനനഷ്ടക്കേസ് ഖുശ്ബു സുന്ദറിനെതിരെയും ഫയൽ ചെയ്യുമോ?. അവരിപ്പോൾ ബിജെപി അം​ഗമാണ്. നമുക്ക് കാണാം- എന്നാണ് ഇതുമായി ബന്ധപ്പെട്ട ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് കോൺ​ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്‌ പ്രതികരിച്ചത്.

അതേസമയം, ദേശീയ വനിതാ കമ്മീഷൻ അം​​ഗം കൂടിയായ ഖുഷ്ബു ഇപ്പോഴും ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തിട്ടില്ല. ഇതേക്കുറിച്ച് അവർ പ്രതികരിച്ചിട്ടുമില്ല. രാഹുൽ ​ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോ​ഗ്യനാക്കിയതിനു പിന്നാലെ അദ്ദേഹത്തിനെതിരെ പരിഹാസവുമായി ഖുഷ്ബു രം​ഗത്തെത്തിയിരുന്നു.

"നിർഭാഗ്യവശാൽ താൻ ഒരു പാർലമെന്റേറിയനാണെന്ന് കുറച്ച് ദിവസം മുമ്പ് അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ സത്യമായി" - എന്നായിരുന്നു നടിയുടെ ട്വീറ്റ്. 2021ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2020ലാണ് ഖുശ്ബു സുന്ദർ കോൺഗ്രസിൽ നിന്ന് ബിജെപിയിൽ ചേക്കേറിയത്. പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിൽ വൻ പരാജയമായിരുന്നു ഫലം.

രാഹുൽ 2019ൽ കർണാടകയിൽ നടത്തിയ പ്രസം​ഗത്തിനെതിരെ നൽകിയ മാനനഷ്ടക്കേസിൽ ​ഗുജറാത്തിലെ സൂറത്ത് ജില്ലാ കോടതി അദ്ദേഹത്തെ രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചതാണ് അയോ​ഗ്യതയ്ക്ക് കാരണമായത്. എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് എങ്ങനെയാണ് വരുന്നതെന്നായിരുന്നു രാഹുൽ ചോദിച്ചത്.

നികുതി വെട്ടിപ്പ് കേസില്‍ പ്രതിയായ ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി, സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്യംവിട്ട നീരവ് മോദി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുടെയെല്ലാം പേരിനൊപ്പം മോദി എന്ന പേര് വന്നത് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രസം​ഗം. ഇത്, മോദി സമുദാ​യത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശമാണെന്ന് ആരോപിച്ച് ഗുജറാത്ത് മുൻ മന്ത്രിയും ബി.ജെ.പി എംഎൽഎയുമായ പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്.

രണ്ട് വർഷം തടവിന് ശിക്ഷിച്ചെങ്കിലും കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അപ്പീൽ നൽകാൻ 30 ദിവസത്തേക്കാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. എന്നാൽ ഇന്ന് ലോക്സഭാ സെക്രട്ടേറിയറ്റാണ് അദ്ദേഹത്തെ അയോ​ഗ്യനാക്കിയത്. ഇനി ആറ് വർഷത്തേക്ക് രാഹുലിന് മത്സരിക്കാൻ സാധിക്കില്ല.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News