മാസ്ക് ധരിച്ചില്ല; വളണ്ടിയര്‍ നീട്ടിയ മാസ്ക് വലിച്ചെറിഞ്ഞ് ബി.ജെ.പി നേതാവ്

ആം ആദ്മി പാര്‍ട്ടി വളണ്ടിയറുടെ കയ്യില്‍ നിന്ന് മാസ്ക് വാങ്ങിയതിന് ശേഷം കാറിന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു

Update: 2022-01-22 12:39 GMT
Advertising

ആം ആദ്മി പാർട്ടി വളണ്ടിയർ തനിക്കു നേരെ നീട്ടിയ മാസ്‌ക് വലിച്ചെറിഞ്ഞ് മധ്യപ്രദേശ് ബി.ജെ.പി നേതാവ് ഇമാർതി ദേവി. വെള്ളിയാഴ്ച മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലാണ് സംഭവം. കാറിൽ മാസ്‌ക് ധരിക്കാതെ സഞ്ചരിക്കുകയായിരുന്ന ബി.ജെ.പി നേതാവിന്‍റെ കാർ തടഞ്ഞു നിർത്തി ആം ആദ്മി പാർട്ടി വളണ്ടിയർമാർ മാസ്‌ക് നൽകി. എന്നാൽ വളണ്ടിയർമാരുടെ കയ്യിൽ നിന്ന് മാസ്‌ക് വാങ്ങിയതിനു ശേഷം ഇമാർതി ദേവി അത് കാറിന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. ശേഷം ഇവര്‍ കാർ വേഗത്തിലോടിച്ചു പോയി. മധ്യപ്രദേശിലെ മുൻ മന്ത്രി കൂടിയായ ഇമാർതി ദേവി മാസ്‌ക് വലിച്ചെറിയുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.

കോൺഗ്രസ് നേതാവായിരുന്ന ഇമാര്‍തി ദേവി കമൽനാഥ് മന്ത്രിസഭയിലെ വനിതാ-ശിശു വികസന വകുപ്പ് മന്ത്രിയായിരുന്നു. പിന്നീട് 21 കോൺഗ്രസ് എം.എൽ.എ മാർക്കൊപ്പം ഇവർ ബി.ജെ.പി യിൽ ചേരുകയായിരുന്നു. നിലവില്‍ മധ്യപ്രദേശിലെ ചെറുകിട വ്യവസായ കോര്‍പ്പറേഷന്‍റെ ചെയര്‍ പേഴ്സണാണ് ഇമാര്‍തി ദേവി.

ബി.ജെ.പി ഭരണത്തിലുള്ള മധ്യപ്രദേശിൽ കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. പ്രതിദിനം പതിനായിരത്തിലധികം കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നിലവില്‍ 8,71,632 പേർ സംസ്ഥാനത്ത് കോവിഡ് ബാധിതരായുണ്ട്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News