പണവും മദ്യവുമൊഴുക്കി തെരഞ്ഞെടുപ്പ് പ്രചാരണം; പ്രതിഷേധിച്ച് ബി.ജെ.പി വിട്ട് തെലങ്കാനയിലെ പ്രമുഖ നേതാവ്
തെലങ്കാനയിലെ പ്രമുഖ ബി.ജെ.പി നേതാവായ ദസോജു ശ്രാവൺ ടി.ആര്‍.എസില്‍ ചേരും
ഹൈദരാബാദ്: തെലങ്കാന ബി.ജെ.പിയിൽ ഞെട്ടലുണ്ടാക്കി മുതിർന്ന നേതാവ് പാർട്ടി വിട്ടു. സംസ്ഥാനത്തെ മുതിർന്ന നേതാവായ ദസോജു ശ്രാവൺ ആണ് ബി.ജെ.പി വിട്ട് തെലങ്കാന രാഷ്ട്രസമിതി(ടി.ആർ.എസ്)യിൽ ചേരാൻ തീരുമാനിച്ചത്. മുനുഗോഡെ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാർട്ടി നേതൃത്വം വോട്ടർമാർക്ക് പണവും മദ്യവും മാംസവിഭവങ്ങളും വിതരണം ചെയ്‌തെന്ന് ആരോപിച്ചാണ് രാജി.
കോൺഗ്രസ് ദേശീയ വക്താവായിരുന്നു ശ്രാവൺ. മൂന്നു മാസംമുൻപാണ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരുന്നത്. തെലങ്കാന ബി.ജെ.പി അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാറിന് ശ്രാവൺ രാജിക്കത്ത് നൽകിയിട്ടുണ്ട്. കാര്യമായ പ്രതീക്ഷകളൊന്നുമില്ലാതെയാണ് താൻ ബി.ജെ.പിയിൽ ചേർന്നതെന്നും എന്നാൽ, പാർട്ടി നേതൃത്വത്തിന്റെ ദിശാബോധമില്ലായ്മ കാരണം നിരാശനാകേണ്ടിവന്നിരിക്കുകയാണെന്നും രാജിക്കത്തിൽ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ബദൽരാഷ്ട്രീയമാണ് ബി.ജെ.പി വാഗ്ദാനം ചെയ്യന്നത്. എന്നാൽ, മുനുഗോഡെയിലെ പാർട്ടി നേതൃത്വത്തിന്റെ സമീപനം മടുപ്പിക്കുന്നതാണെന്നും ശ്രാവൺ പറഞ്ഞു. സാമൂഹിക ഉത്തരവാദിത്തമില്ലാത്തിനാലാണ് ബി.ജെ.പി പണസഞ്ചി വിതറണ ചെയ്യുകയും ദല്ലാളുകളെ പ്രോത്സാഹിപ്പിക്കുകയും നിക്ഷേപരാഷ്ട്രീയം തുടരുകയും ചെയ്യുന്നത്. ഇത്തരം സാഹചര്യങ്ങളിൽ സമൂഹത്തിന്റെ ദുർബല വിഭാഗത്തിൽനിന്നു വരുന്ന തന്നെപ്പോലെയുള്ള നേതാക്കൾക്ക് അവിടെ ഇടമില്ലെന്നു വ്യക്തമാകുകയാണെന്നും ശ്രാവൺ കൂട്ടിച്ചേർത്തു.
പാർട്ടിയിൽ അടിമയെപ്പോലെ ജീവിക്കാൻ താൽപര്യമില്ലെന്നു പറഞ്ഞാണ് കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് ശ്രാവൺ കോൺഗ്രസ് വിടുന്നത്. തെലങ്കാന സംസ്ഥാന രൂപീകരണത്തിന് സോണിയ ഗാന്ധിയോടുള്ള നന്ദിസൂചകമായാണ് താൻ 2014ൽ കോൺഗ്രസിൽ ചേർന്നത്. ജെയ്പൂർ ചിന്തൻ ശിബിരത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗവും പ്രചോദിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തെലങ്കാനയിൽ അധികാരം പിടിക്കാനുള്ള ബി.ജെ.പിയുടെ ഊർജിത നീക്കങ്ങൾക്കിടെയാണ് മുതിർന്ന നേതാവായ ശ്രാവൺ പാർട്ടി വിടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ തുടങ്ങി മുതിർന്ന നേതാക്കളാണ് സംസ്ഥാനത്ത് ക്യാംപ് ചെയ്ത് പ്രവർത്തിക്കുന്നത്. ദക്ഷിണേന്ത്യയിൽ സ്വാധീനമുറപ്പിക്കാനുള്ള നീക്കത്തിൽ നിർണായകഘട്ടമായി കൂടിയാണ് തെലങ്കാനയെ ബി.ജെ.പി പരിഗണിക്കുന്നത്. എന്നാൽ, ബി.ജെ.പി വിരുദ്ധ സഖ്യം ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് അടുത്തിടെയാണ് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ഭാരതീയ രാഷ്ട്രസമിതി(ബി.ആർ.എസ്) എന്ന പേരിൽ ദേശീയ പാർട്ടി രൂപീകരിച്ചത്.
Summary: Senior BJP leader from Telangana, Dasoju Sravan, quit the party in protest against the distribution of money, meat and liquor among voters in Munugode Assembly constituency