മുസ്‌ലിം യുവാവുമായി ബിജെപി നേതാവിന്റെ മകളുടെ വിവാഹം; ഇരട്ടത്താപ്പ്, ലൗ ജിഹാദ് ആരോപണവുമായി ഹിന്ദുത്വ പ്രൊഫൈലുകൾ

ഇരു വീട്ടുകാരുടെയും സമ്മതത്തോടെ നടക്കുന്ന വിവാഹത്തിന് പുറത്തിറക്കിയ ഹിന്ദിയിലുള്ള കാർഡാണ് വൈറലായത്.

Update: 2023-05-19 14:36 GMT
Advertising

ഡെറാഡൂൺ: മുസ്‌ലിം യുവാവുമായുള്ള ബിജെപി നേതാവിന്റെ മകളുടെ വിവാഹം വിവാദത്തിൽ. കല്യാണ കാർഡ് വൈറലായതോടെ ഇരട്ടത്താപ്പ്, ലൗ ജിഹാദ് ആരോപണവുമായി ഹിന്ദുത്വ പ്രൊഫൈലുകൾ രം​ഗ​ത്തെത്തി. ഉത്തരാഖണ്ഡിലെ നേതാവും പൗരി മുനിസിപ്പൽ കോർപ്പറേഷൻ ചെയർമാനുമായ യശ്പാൽ ബെനമിന്റെ മകളാണ് വധു. ഇയാളുടെ മകളായ മോണിക്ക മുസ്‌ലിം യുവാവിനെ വിവാഹം കഴിക്കുന്നതിൽ പാർട്ടി നേതാക്കൾക്കിടയിൽ നിന്നും വിമർശനം ഉയർന്നിട്ടുണ്ട്.

സംഭവത്തിൽ ബിജെപിയെ പിന്തുണയ്ക്കുന്നവരും ഇയാളുടെ എതിരാളികളും വിമർശനം ഉന്നയിച്ചിട്ടുണ്ട്. ഇത് മുൻ എംഎൽഎ കൂടിയായ ബെനമിന്റേയും ബിജെപിയുടേയും ഇരട്ടത്താപ്പ് ആണെന്ന് ചില ഹിന്ദുത്വവാദികൾ ആരോപിക്കുമ്പോൾ, മറ്റു ചിലർ വിവാഹത്തെ "ലവ് ജിഹാദ്" എന്ന് വിളിക്കുന്നു. അടുത്തിടെ പുറത്തിറങ്ങിയ വിവാദ സിനിമയായ ‘ദി കേരള സ്റ്റോറി‘യുമായും ഇതിനെ ചിലർ താരതമ്യപ്പെടുത്തി.

“ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ‘ദി കേരള സ്റ്റോറി’ പോലുള്ള സിനിമകൾ നികുതിയില്ലാതെ നിർമിക്കുന്നു. പ്രചരിപ്പിക്കുന്നു. ഇവിടെ ഒരു ബിജെപി നേതാവിന്റെ മകൾ മുസ്‌ലിം യുവാവിനെ വിവാഹം കഴിക്കുന്നു. ഇത് ബിജെപിയുടെ ഇരട്ടത്താപ്പാണ്, ഇത് പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകർക്കും“- ഒരു ഫേസ്ബുക്ക് ഉപയോക്താവ് പറഞ്ഞു.

ഈ വിവാഹം ആശങ്കാജനകമാണ് എന്നായിരുന്നു പൗരി ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ വാദം. ‘ഇത് ആശങ്കാജനകമാണ്. ഹിന്ദു കുടുംബങ്ങളിലെ പെൺമക്കളെ മറ്റ് മതങ്ങളിൽ നിന്നുള്ള പുരുഷന്മാരെ വിവാഹം കഴിക്കുന്നത് ചില പ്രൊ​പ​ഗണ്ടയുടെ ഭാഗമാണ്. ഇന്ത്യയിൽ, മതപരിവർത്തന നിയമങ്ങളിൽ മാറ്റം വരുത്തുന്നു, സർക്കാർ വസ്‌തുക്കളിൽ മറ്റ് സമുദായക്കാർക്കായി നിർമിച്ച ശവകുടീരങ്ങൾ കേന്ദ്രസർക്കാർ പൊളിക്കുന്നു, എന്നിട്ടും ബിജെപിയുടെ സ്വന്തം നേതാക്കൾ അവരുടെ പെൺമക്കളെ മുസ്‌ലിം പുരുഷനെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയാണ്"- കമ്മിറ്റി അംഗങ്ങളിൽ ഒരാൾ പറഞ്ഞു.

‘വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദൾ സംഘടനകൾ ഇതിനെ എതിർക്കണം. ബിജെപി ഹിന്ദുക്കളുടെ സംരക്ഷണത്തിനുള്ള പാർട്ടിയാണ്. ഇത്തരക്കാരെ പാർട്ടിയിൽ നിന്ന് ഉടൻ പുറത്താക്കണം‘- എന്നും അയാൾ ആവശ്യപ്പെട്ടു.

യശ്പാൽ ബെനമിന്റെ മകൾ ലഖ്‌നൗ യൂണിവേഴ്‌സിറ്റിയിൽ പഠിച്ചിരുന്നതായും വരനായ യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും പേരു വെളിപ്പെടുത്താത്ത ഒരു ബന്ധു പറഞ്ഞു. ഇരു വീട്ടുകാരുടെയും സമ്മതത്തോടെ നടക്കുന്ന വിവാഹത്തിന് പുറത്തിറക്കിയ ഹിന്ദിയിലുള്ള കാർഡാണ് വൈറലായത്.

ഉത്തരാഖണ്ഡിലെ തന്നെ മോനിഷ് എന്ന യുവാവുമായി മെയ് 28ന് പൗരിയിലെ ഒരു റിസോർട്ടിലാണ് വിവാഹം. നേരത്തെ കോൺഗ്രസിലായിരുന്ന ബെനം 2007ൽ പൗരി നിയമസഭാ മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി വിജയിച്ചിരുന്നു. ബിജെപിയുടെയും കോൺഗ്രസിന്റെയും രാഷ്ട്രീയ നേതാക്കളെ വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News