നാഗ്പൂരില്‍ ബിജെപിയുടെ അടിവേരിളകുന്നു; ശക്തികേന്ദ്രങ്ങള്‍ തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്
ഉപതെരഞ്ഞെടുപ്പുകളില്‍ വന്‍പരാജയം
ആർ.എസ്.എസ്സിന്‍റെ ശക്തികേന്ദ്രമായ നാഗ്പൂരിൽ ബി.ജെ.പിയുടെ ശക്തിക്ഷയിക്കുന്നതിന്‍റെ സൂചനയാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്നത്. 1990 ന് ശേഷം ആദ്യമായാണ് ജില്ലാ പഞ്ചായത്തിലേക്കും ഗ്രാമപഞ്ചായത്തുകളിലേക്കും നടക്കുന്ന ഒരു തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഇത്രയും വലിയൊരു പരാജയം നേരിടുന്നത്. ബുധനാഴ്ചയാണ് ജില്ലാ പഞ്ചായത്തിലേക്കും ഗ്രാമപഞ്ചായത്തുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്ത് വന്നത്. തെരഞ്ഞെടുപ്പ് നടന്ന 16 ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ ഒമ്പത് സീറ്റുകൾ കോൺഗ്രസ് നേടിയപ്പോൾ വെറും മൂന്ന് സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. മറ്റ് ചെറുപാർട്ടികൾ നാല് സീറ്റ് നേടി. 31 ഗ്രാമപഞ്ചായത്ത് സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 21 ഇടത്ത് കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍. ബി.ജെ.പിക്ക് ആറ് സീറ്റ് നേടാനെ കഴിഞ്ഞുള്ളൂ. ബാക്കി സീറ്റുകൾ മറ്റ് പാർട്ടികൾ പങ്ക് വച്ചു. കഴിഞ്ഞ വർഷം മഹാരാഷ്ടാ നിയമസഭാ തെരഞ്ഞെടുപ്പിൽ നാഗ്പൂർ ഡിവിഷനിലും കോൺഗ്രസിനായിരുന്നു വിജയം. 58 വർഷമായി ബി.ജെ.പി അധികാരത്തിലിരുന്ന സീറ്റാണ് കോൺഗ്രസ് പിടിച്ചെടുത്തത്. ബി.ജെ.പി മുൻദേശീയ പ്രസിഡണ്ടായിരുന്ന നിതിൻ ഗഡ്കരിയടക്കം മത്സരിച്ചു വിജയിച്ച സീറ്റാണിത്.
നാഗ്പൂരിൽ ബി.ജെ.പി യുടെ ജനസമ്മതി ഇടിഞ്ഞു
ബി.ജെ.പിക്ക് നാഗ്പൂരില്‍ ജനസമ്മതി നഷ്ടപ്പെട്ടതാണ് പരാജയത്തിലേക്ക് നയിച്ച ഏറ്റവും പ്രധാന കാരണങ്ങളിലൊന്ന്. കഴിഞ്ഞ കുറേ വർഷങ്ങളായി നാഗ്പൂരിലെ ജില്ലാ, ഗ്രാമ പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം സൃഷ്ടിക്കാനോ ജനസമ്മതി നേടാനോ കഴിഞ്ഞിട്ടില്ല. എന്നാൽ മന്ത്രിമാരേയും കേന്ദ്ര നേതാക്കളേയുമടക്കം രംഗത്തിറക്കി കോൺഗ്രസ് പയറ്റിയ തെരഞ്ഞെടുപ്പ് തന്ത്രമാണ് ബി.ജെ.പി യുടെ തോൽവിയിൽ കലാശിച്ചത് എന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്. കൂടാതെ ശിവസേനയും എൻ.സി.പി യും പലയിടത്തും സ്ഥാനാർത്ഥികളെ നിർത്താതിരുന്നതും കോൺഗ്രസിന് ഗുണം ചെയ്തു
കോൺഗ്രസിന്‍റെ തിരിച്ചുവരവ്
1990 മുതലാണ് നാഗ്പൂരിൽ കോൺഗ്രസ് തങ്ങളുടെ സാന്നിധ്യമറിയിച്ച് തുടങ്ങിയത്. വിദർഭ നാഗ്പൂരിലെ കോൺഗ്രസിന്‍റെ ശക്തികേന്ദ്രങ്ങളിലൊന്നാണ്. എന്നാൽ തെരഞ്ഞെടുപ്പുകളിൽ വലിയ ചലനങ്ങൾ ഇതുവരെ സൃഷ്ടിക്കാൻ കഴിയാതിരുന്ന കോൺഗ്രസ് ഇതാദ്യമായാണ് ബി.ജെ.പിക്ക് മേൽ ഇത്രയും വലിയൊരാധിപത്യം നേടുന്നത്. ബി.ജെ.പിയുടെ ദൗർബല്യം മനസിലാക്കി തെരഞ്ഞെടുപ്പുകൾക്കൊരുങ്ങിയതാണ് ഉപതെരഞ്ഞുപ്പ് വിജയങ്ങളുടെ കാരണമെന്നാണ് കോൺഗ്രസിന്‍റെ പ്രാഥമിക വിലയിരുത്തൽ. മുമ്പ് പാർട്ടിക്കകത്തുണ്ടായിരുന്ന നിരവധി ആഭ്യന്തരപ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകാനായത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്