ഒഡീഷയിൽ ബി.ജെ.പിക്ക് 'ഇരട്ട' നേട്ടം; ലോക്‌സഭയിൽ ഒരൊറ്റ സീറ്റിലൊതുങ്ങി ബി.ജെ.ഡി, നവീൻ പട്‌നായിക്ക് യുഗം അവസാനിക്കുന്നു
ലോക്‌സഭക്കൊപ്പം നിയമസഭയിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ ഒഡീഷയിൽ രണ്ടിടത്തും നേട്ടം കൊയ്ത് ബി.ജെ.പി. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ബി.ജെ.പി സർക്കാർ രൂപീകരിക്കാനൊരുങ്ങുന്നത്
ഭുവനേശ്വർ: അറിഞ്ഞുകളിച്ച ബി.ജെ.പി ഒഡീഷയിലുണ്ടാക്കിത് 'ഇരട്ട' നേട്ടം. ലോക്‌സഭയ്ക്കൊപ്പം സംസ്ഥാന നിയമസഭയിലേക്ക് കൂടി നടന്ന തെരഞ്ഞെടുപ്പില്‍, രണ്ടിടത്തും നേട്ടമുണ്ടാക്കിയാണ് ബി.ജെ.പി 'കളി' അവസാനിപ്പിക്കുന്നത്. കാറ്റിലും കോളിലും ഇളകാതെ നിന്നിരുന്ന ബി.ജെ.ഡിയുടെ എല്ലാമായ നവീൻ പട്‌നായിക്കിന്റെ ഭരണം അവസാനിപ്പിക്കാൻ ഇതോടെ ബി.ജെ.പിക്കായി.
ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 147 അംഗ നിയമസഭയിൽ 80 സീറ്റുകളുമായി കേവല ഭൂരിപക്ഷവും കടന്ന് ബി.ജെ.പി മുന്നേറുമ്പോള്‍ 49 സീറ്റുമായി ബി.ജെ.ഡി രണ്ടാം സ്ഥാനത്തായി.14 സീറ്റുകളുമായി കോൺഗ്രസ് മൂന്നാം സ്ഥാനത്താണ്. സി.പി.ഐ.എം ഒരു സീറ്റും സ്വതന്ത്രർ മൂന്ന് സീറ്റും നേടി. ചരിത്രത്തില്‍ ആദ്യമായാണ് ബി.ജെ.പി, ഒഡീഷയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിയാണ് വൻ നേട്ടം കൊയ്തത്. സംസ്ഥാനത്തെ 21 സീറ്റുകളിൽ 19 എണ്ണത്തിലും ബി.ജെ.പി മുന്നിട്ട് നിൽക്കുകയാണ്. ഒരൊറ്റ സീറ്റിലേക്ക് ബി.ജെ.ഡി ചുരുങ്ങി. കോൺഗ്രസ് തങ്ങളുടെ സീറ്റ് നിലനിര്‍ത്തുകയാണ്. ദേശീയ തലത്തിൽ ഒഡീഷ, ബി.ജെ.പിക്ക് സമ്മാനിച്ചത് അപ്രതീക്ഷിത സീറ്റുകളാണ്. ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും ബി.ജെ.പി തളര്‍ന്നപ്പോള്‍ സീറ്റ് എണ്ണം വർധിപ്പിക്കാനായത് ഒഡീഷയിലൂടെ.
2019ൽ എട്ട് സീറ്റുകളാണ് ബി.ജെ.പിക്ക് സംസ്ഥാനത്തുണ്ടായിരുന്നത്. അതാണിപ്പോൾ വർധിച്ച് 19ൽ എത്തിയത്. പതിനൊന്ന് സീറ്റുകളാണ് ഈ സംസ്ഥാനത്ത് നിന്ന് കാവിപ്പാർട്ടി നേടി എടുത്തത്. അന്ന് 12 സീറ്റുകളായിരുന്നു ബി.ജെ.ഡിക്ക്. അത് ചുരുങ്ങിയാണ് ഒന്നിലൊതുങ്ങിയത്. കോൺഗ്രസ് തങ്ങളുടെ സീറ്റ് നിലനിർത്തുകയും ചെയ്തു. കോരാപുട്ട് മണ്ഡലത്തിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ജജ്പൂർ എന്ന മണ്ഡലത്തിലാണ് ബി.ജെ.ഡി ലീഡ് ചെയ്യുന്നത്.
അതേസമയം വോട്ട് ഷെയറിലും ബി.ജെ.പി കാര്യമായ നേട്ടമുണ്ടാക്കി. 45.53 ശതമാനമാണ് ഇവിടെ ബി.ജെ.പിയുടെ വോട്ട് ഷെയർ. എന്നാൽ വോട്ട് ഷെയറിൽ കാര്യമായ ഇടിവുണ്ടാകാത്തത് (37.48)ബി.ജെ.ഡിക്ക് ആശ്വാസമാണ്. സംസ്ഥാനം പൂർണമായും തങ്ങളെ കയ്യൊഴിഞ്ഞില്ലെന്ന് പറഞ്ഞ് പിടിച്ചുനിൽക്കാം.
ഭരണം പിടിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ബി.ജെ.പി സംസ്ഥാനത്തുടനീളം നടത്തിയത്. ഒഡീഷ വികാരം ആളിക്കത്തിച്ചും മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ ആരോഗ്യം വരെ എത്തിച്ചും പ്രചാരണം കൊഴുപ്പിച്ചു. 'പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭക്തനാണ് ഭഗവാൻ ജഗന്നാഥൻ' എന്ന് വരെ ബി.ജെ.പി നേതാവും സ്ഥാനാര്‍ഥിയുമായ സമ്പിത് പത്ര കടത്തി പറഞ്ഞിരുന്നു.
നവീൻ പട്‌നായിക്ക് ആരോഗ്യപരമായി ക്ഷയിച്ചെന്നും തമിഴ്‌നാട്ടുകാരനായ ഐ.എ.എസ് ഉദ്യോഗസ്ഥൻ വി.കെ പാണ്ഡ്യനാണ് ഭരണം നടത്തുന്നത് എന്നുമായിരുന്നു ബി.ജെ.പി ആരോപിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇക്കാര്യം പ്രചാരണത്തിന് ഉപയോഗിച്ചു. വി.കെ പാണ്ഡ്യന്റെ പേര് എടുത്ത് പറഞ്ഞില്ലെങ്കിലും അയാളെയാണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമായിരുന്നു.
അവസാന ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒഡീഷയിലെ ബരിപാഡയിൽ നടത്തിയ പ്രസംഗത്തിൽ നവീൻ പട്‌നായിക്കിന്റെ ആരോഗ്യം പെട്ടെന്ന് വഷളായതിന്റെ കാരണം അന്വേഷിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് വരെ പറഞ്ഞു. ബി.ജെ.പി അധികാരത്തിൽ എത്തിയാൽ, പ്രത്യേക സമിതി രൂപീകരിക്കുമെന്നാണ് മോദി പറഞ്ഞത്. ഇതെല്ലാം ഒഡീഷയിൽ ബി.ജെ.പിയെ തുണച്ചു.
2000 മാര്‍ച്ചില്‍ ഒഡീഷ മുഖ്യമന്ത്രിയായി അധികാരമേറ്റ നവീന്‍ പട്നായിക് തുടര്‍ച്ചയായി 24 വര്‍ഷം സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായതിന് ശേഷമാണ് നവീന്‍ പട്നായിക്ക് പടിയിറങ്ങുന്നത്. ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി പദവി സ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രണ്ടാമത്തെ നേതാവെന്ന റെക്കോര്‍ഡുമായണ് നവീന്റെ ഇറക്കം.