ഓരോ മണ്ഡലത്തിലും നൂറംഗസംഘം; യു.പി യില്‍ ന്യൂനപക്ഷ മോര്‍ച്ചയെ കളത്തിലിറക്കാന്‍ ബി.ജെ.പി
50% മുസ്ലിം ജനസംഖ്യയുള്ള മണ്ഡലങ്ങളില്‍ കരുത്തരായ മുസ്ലിം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ തീരുമാനം
2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഉത്തര്‍ പ്രദേശില്‍ പുതിയ തന്ത്രവുമായി ബി.ജെ.പി. ന്യൂനപക്ഷ വോട്ടുകള്‍ പിടിക്കാന്‍ ന്യൂനപക്ഷമോര്‍ച്ചയെ കളത്തിലിറക്കാനാണ് തീരുമാനം.
ഓരോ മണ്ഡലങ്ങളിലും 100 പേര്‍ വീതമുള്ള സംഘത്തെ നിയമിക്കും. ഓരോരുത്തരും ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട 50 വോട്ടര്‍മാരെ വീതം കാണുകയും വോട്ടുറപ്പിക്കുകയും ചെയ്യണം. മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് വിജയ സാധ്യതയുള്ള മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനമുണ്ട്.
50൦% മുസ്ലിം ജനസംഖ്യയുള്ള മണ്ഡലങ്ങളില്‍ കരുത്തരായ മുസ്ലിം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് ഉത്തര്‍പ്രദേശ് ന്യൂനപക്ഷ മോര്‍ച്ച പ്രസിഡണ്ട് ജമാല്‍ സിദ്ദീഖി പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളെ ബി.ജെ.പി യിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ തീരുമാനങ്ങള്‍. 2017 ലെ തെരഞ്ഞെടുപ്പില്‍ ഒരു മുസ്ലിം സ്ഥാനാര്‍ത്ഥിയെ പോലും ബി.ജെ.പി മത്സരിപ്പിച്ചിരുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 325 സീറ്റുകള്‍ നേടിയാണ് ബി.ജെ.പി അധികാരത്തിലേറിയത്.