മകള്‍ ട്രാഫിക് പൊലീസിനെ അധിക്ഷേപിച്ച സംഭവം; ബി.ജെ.പി എം.എല്‍.എ മാപ്പു പറഞ്ഞു
ചുവപ്പ് സിഗ്നല്‍ മറികടന്നത് ചോദ്യം ചെയ്തതിനാണ് അരവിന്ദിന്‍റെ മകള്‍ ട്രാഫിക് പൊലീസിനെ അധിക്ഷേപിച്ചത്.
കര്‍ണാടക: മകള്‍ ബെംഗളൂരു ട്രാഫിക് പൊലീസിനോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ കര്‍ണാടക ബി.ജെ.പി എം.എല്‍.എ അരവിന്ദ് ലിംബാവലി മാപ്പു പറഞ്ഞു. ചുവപ്പ് സിഗ്നല്‍ മറികടന്നത് ചോദ്യം ചെയ്തതിനാണ് അരവിന്ദിന്‍റെ മകള്‍ ട്രാഫിക് പൊലീസിനെ അധിക്ഷേപിച്ചത്.
''ഞാനാ വീഡിയോ കണ്ടു. അവള്‍ അവിടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകനെ സര്‍ എന്നാണ് അഭിസംബോധന ചെയ്തത്. മാധ്യമങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവള്‍ക്കു വേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു. നല്ല പാരമ്പര്യമുള്ള കുടുംബമാണ് ഞങ്ങളുടേത്'' എം.എല്‍.എ പറഞ്ഞു. അരവിന്ദിന്‍റെ മകള്‍ ട്രാഫിക് പൊലീസിനോട് തര്‍ക്കിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
വ്യാഴാഴ്ചയായിരുന്നു സംഭവം. ബിഎംഡബ്ല്യു കാറിലെത്തിയ രേണുക ലിംബാവലി ട്രാഫിക് സിഗ്നല്‍ മറികടന്നതിനാണ് പൊലീസുകാരന്‍ ചോദ്യം ചെയ്തത്.ട്രാഫിക് സിഗ്നല്‍ ചുവപ്പ് ആയിരിക്കുമ്പോഴാണ് കാര്‍ നിര്‍ത്താതെ യുവതി ഓടിച്ചുപോയത്. ട്രാഫിക് പൊലീസ് തടഞ്ഞപ്പോള്‍ അവരോട് യുവതി ദേഷ്യപ്പെടുകയായിരുന്നു. മാത്രമല്ല അവര്‍ സീറ്റ് ബെല്‍റ്റും ധരിച്ചിട്ടുണ്ടായിരുന്നില്ലെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.''എനിക്ക് ഇപ്പോൾ പോകണം. വാഹനം പിടിച്ചുവയ്ക്കരുത്. ഓവർടേക്ക് ചെയ്തതിന് നിങ്ങൾക്ക് എനിക്കെതിരെ കേസെടുക്കാൻ കഴിയില്ല. എം.എൽ.എയുടെ വാഹനമാണിത്. ഞങ്ങൾ അശ്രദ്ധമായി ഓടിച്ചിട്ടില്ല. അരവിന്ദ് ലിംബാവലി എന്‍റെ അച്ഛനാണ്'' എന്നായിരുന്നു യുവതിയുടെ മറുപടി.
"For your information, this is an MLA vehicle": BJP MLA Aravind Limbavali's daughter 'misbehaves' with traffic cops for imposing fine
— Express Bengaluru (@IEBengaluru) June 10, 2022
Read here: https://t.co/znGgj9ApfQ#Karnataka #Bengaluru pic.twitter.com/jMk5EMDmKN