ഹൈദരാബാദ് കൂട്ടബലാത്സംഗം: പെൺകുട്ടിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ട ബിജെപി എംഎൽഎക്കെതിരെ കേസ്

മെയ് 28നാണ് ഹൈദരാബാദിൽ 17-കാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. പബ്ബിൽ പാർട്ടിക്ക് പോയ പെൺകുട്ടിയെ കാറിൽ ലിഫ്റ്റ് തരാമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

Update: 2022-06-07 11:52 GMT
Advertising

ഹൈദരാബാദ്: ഹൈദരാബാദിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ട ബിജെപി എംഎൽഎക്കെതിരെ കേസെടുത്തു. ദുബ്ബാക്ക മണ്ഡലത്തിൽനിന്നുള്ള ബിജെപി എംഎൽഎ രഘുനന്ദൻ റാവുവിന് എതിരെയാണ് കേസ്. ഐപിസി 228-എ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.

മെയ് 28നാണ് ഹൈദരാബാദിൽ 17-കാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. പബ്ബിൽ പാർട്ടിക്ക് പോയ പെൺകുട്ടിയെ കാറിൽ ലിഫ്റ്റ് തരാമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അഞ്ച് പ്രതികളിൽ മൂന്നുപേർ പ്രായപൂർത്തിയാകാത്തവരാണ്. പീഡനത്തിനിരയായ പെൺകുട്ടി പ്രതികൾക്കൊപ്പം ഹോട്ടലിൽനിന്ന് പുറത്തേക്ക് ഇറങ്ങിപ്പോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് എംഎൽഎ പുറത്തുവിട്ടത്.

എഐഎംഐഎം എംഎൽഎയുടെ മകൻ പ്രതികളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ചാണ് റാവു ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഇത് വിവാദമായതോടെ പെൺകുട്ടിയുടെ മുഖം ദൃശ്യങ്ങളിൽ വ്യക്തമല്ലെന്നും തിരിച്ചറിയാൻ സാധിക്കില്ലെന്നും ന്യായീകരിച്ച് എംഎൽഎ രംഗത്തെത്തിയിരുന്നു.

പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളിൽ ഒരാൾ സർക്കാറിന്റെ ന്യൂനപക്ഷ സ്ഥാപനത്തിലെ ചെയർമാന്റെ മകനാണ്. രണ്ടാമത്തെയാൾ ടിആർഎസ് നേതാവിന്റെ മകനും മൂന്നാമൻ ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപറേഷനിലെ സഹകാരിയുടെ മകനുമാണ്. അതേസമയം പബ്ബ് ബുക്ക് ചെയ്തതിൽ തന്റെ ചെറുമകന് പങ്കുണ്ടെന്ന വാർത്ത സംസ്ഥാന ആഭ്യന്തര മന്ത്രി മഹ്‌മൂദ് അലി നിഷേധിച്ചു. സംഭവം നടന്ന സമയം തന്റെ ചെറുമകൻ വീട്ടിലുണ്ടായിരുന്നുവെന്നും അതിന് സിസിടിവി തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News