'മുൻ മുഖ്യമന്ത്രിയെ ഹണിട്രാപ്പിൽ കുടുക്കി; ബ്ലാക്ക്‌മെയിൽ ചെയ്ത് മന്ത്രിസ്ഥാനം ഒപ്പിച്ചു'; ബിജെപി എംഎൽഎയ്‌ക്കെതിരെ യുവതി

നിരവധി രാഷ്ട്രീയക്കാരുടെ രഹസ്യ വിഡിയോകൾ ബിജെപി നേതാവിന്റെ കൈയിലുണ്ടെന്നും പരാതിക്കാരി വെളിപ്പെടുത്തി

Update: 2024-10-16 05:27 GMT
Editor : Shaheer | By : Web Desk

മുനിരത്ന നായിഡു

Advertising

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ ബിജെപി എംഎൽഎയ്‌ക്കെതിരെ കൂടുതൽ ആരോപണവുമായി പരാതിക്കാരി. ബെംഗളൂരുവിലെ രാജേശ്വരി നഗർ എംഎൽഎ മുനിരത്‌ന നായിഡു മുൻ കർണാടക മുഖ്യമന്ത്രിയെ ഹണിട്രാപ്പിൽപെടുത്തി ബ്ലാക്ക്‌മെയിൽ ചെയ്തു മന്ത്രിസ്ഥാനം ഒപ്പിച്ചെന്നാണു പുതിയ ആരോപണമെന്ന് 'ഇന്ത്യന്‍ എക്സ്‍പ്രസ്' റിപ്പോര്‍ട്ട് ചെയ്തു. ബസവരാജ ബൊമ്മൈ സർക്കാരിൽ ഹോർട്ടികൾചർ മന്ത്രിയായിരുന്നു മുനിരത്‌ന.

സാമൂഹിക പ്രവർത്തകയുടെ ലൈംഗിക പീഡന പരാതിയിൽ കഴിഞ്ഞ സെപ്റ്റംബറിലാണ് മുനിരത്‌ന നായിഡുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ബെംഗളൂരു കോടതി കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. 2021ൽ മുൻ മുഖ്യമന്ത്രിയെ ഹണിട്രാപ്പിൽപെടുത്തി രഹസ്യ വിഡിയോ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്തു എന്നാണു പരാതിക്കാരി ആരോപിക്കുന്നത്. സംഭവത്തിനു പിന്നാലെയാണ് അവസാന നിമിഷം മുനിരത്‌നയെ മന്ത്രിസഭയിലെടുത്തതെന്നും ഇവർ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും തെളിവുകളും കർണാടക പൊലീസിന്റെ സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന് കൈമാറുമെന്ന് 38കാരി അറിയിച്ചു. എംഎൽഎയ്‌ക്കെതിരെ ഉന്നയിച്ച പുതിയ ആരോപണങ്ങളിൽ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് എസ്‌ഐടി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ലൈംഗിക പീഡനം, ബ്ലാക്ക്‌മെയിൽ, ജാതി അധിക്ഷേപം തുടങ്ങിയ കുറ്റങ്ങളാണ് നിലവിൽ മുനിരത്‌നയ്‌ക്കെതിരെയുള്ളത്.

ലൈംഗിക പീഡനക്കേസിൽ ബെംഗളൂരുവിലെ സ്‌പെഷൽ കോടതിയാണു ജാമ്യം അനുവദിച്ചത്. നിരവധി സ്ത്രീകളെ ഉപയോഗിച്ച് രാഷ്ട്രീയക്കാരെയും സർക്കാർ ജീവനക്കാരെയും ഹണിട്രാപ്പിൽ അകപ്പെടുത്തി ബ്ലാക്ക്‌മെയിൽ ചെയ്തു കാര്യങ്ങൾ സാധിക്കുന്നതാണ് ഇയാളുടെ രീതിയെന്നാണു പ്രധാന പരാതി. ഇയാൾ ബ്ലാക്ക്‌മെയിലിങ്ങിനായി ഉപയോഗിച്ച നിരവധി സ്ത്രീകളെ നേരിട്ട് അറിയാമെന്നു പരാതിക്കാരി പറയുന്നു. മുൻ മുഖ്യമന്ത്രിയെ കുടുക്കാൻ ഉപയോഗിച്ച സ്ത്രീകളെയും അറിയാം. ഹൈടെക് രഹസ്യ കാമറകൾ ഉപയോഗിച്ചാണ് ഇയാൾ വിഡിയോകൾ പകർത്തുന്നത്. നിരവധി രാഷ്ട്രീയക്കാരുടെ രഹസ്യ വിഡിയോകൾ ഇയാളുടെ കൈവശമുണ്ടെന്നും പരാതിക്കാരി വെളിപ്പെടുത്തുന്നു.

2020നും 2022നും ഇടയിൽ എംഎൽഎ തന്നെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നും രാജേശ്വരി നഗർ സ്വദേശിയായ യുവതി പരാതി നൽകിയിരുന്നു. ഇതിന്റെയെല്ലാം വിഡിയോ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്‌തെന്നും പരാതിയിൽ പറയുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബർ 18നാണ് പരാതി നൽകിയത്. നേരത്തെ ജാത്യാധിക്ഷേപക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിലായിരുന്നു മുനിരത്‌ന.

നേരത്തെ സിനിമ നിർമാതാവായിരുന്ന മുനിരത്‌ന 2019ൽ കോൺഗ്രസ് വിട്ടാണ് ബിജെപിയിലെത്തുന്നത്. കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിനെ പുറത്താക്കാൻ ബിഎസ് യെദ്യൂരപ്പ നടത്തിയ ഓപറേഷന്റെ ഭാഗമായായിരുന്നു കൂടുമാറ്റം.

Summary: Karnataka BJP MLA Munirathna Naidu, accused of rape, also blackmailed former CM for minister’s post using private video recorded after honey-trapping

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News