'ഡൽഹി മുസ്തഫാബാദ് മണ്ഡലത്തിന്റെ പേര് മാറ്റണം'; നിയമസഭയിൽ പ്രമേയവുമായി ബിജെപി എംഎൽഎ

എംഎൽഎ ആയാലുടനെ തന്റെ മണ്ഡലത്തിന്റെ പേര് 'ശിവ പുരി' എന്നോ 'ശിവ വിഹാർ' എന്നോ പുനർനാമകരണം ചെയ്യുമെന്ന് ബിഷ്ത് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു.

Update: 2025-03-28 08:23 GMT
BJP MLA to present resolution renaming Mustafabad to Shiv Vihar in Delhi Assembly |
AddThis Website Tools
Advertising

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും സ്ഥലപ്പേര് മാറ്റത്തിനുള്ള നീക്കവുമായി ബിജെപി. ഡൽഹിയിലെ മുസ്തഫാബാദിന്റെ പേര് മാറ്റണമെന്നാണ് പുതിയ ആവശ്യം. മുസ്തഫാബാദ് നിയമസഭാ മണ്ഡലത്തിന്റെ പേര് ശിവ വിഹാർ എന്നാക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎയും ഡൽഹി നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ മോഹൻ സിങ് ബിഷ്താണ് ആവശ്യവുമായി രം​ഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ബിഷ്ത് കൊണ്ടുവന്ന പ്രമേയം സഭ നാളെ ചർച്ച ചെയ്യാനുള്ള വിഷയങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മുസ്തഫാബാദിൽ നിന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിഷ്ത്, എംഎൽഎ ആയാലുടനെ തന്റെ മണ്ഡലത്തിന്റെ പേര് ശിവ പുരി എന്നോ ശിവ വിഹാർ എന്നോ പുനർനാമകരണം ചെയ്യുമെന്ന് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു. തുടർന്ന്, ആം ആദ്മി സ്ഥാനാർഥിയായ അദീൽ അഹമ്മദിനെ പരാജയപ്പെടുത്തി ബിഷ്ത് നിയമസഭയിലെത്തുകയും ചെയ്തു. ഇതോടെയാണ് പേരുമാറ്റ നീക്കം ആരംഭിച്ചത്.

"മുസ്തഫാബാദ് എന്ന പേര് ശിവ് പുരി അല്ലെങ്കിൽ ശിവ് വിഹാർ എന്നാക്കി മാറ്റുമെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾ മുസ്തഫാബാദ് എന്ന പേര് നിലനിർത്താൻ നിർബന്ധിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. ഹിന്ദുക്കൾ കൂടുതലായി അധിവസിക്കുന്ന ഒരു പ്രദേശത്തിന് ശിവ് പുരി അല്ലെങ്കിൽ ശിവ് വിഹാർ എന്ന് പേരിടാൻ കഴിയാത്തത് എന്തുകൊണ്ട്? 'മുസ്തഫ' എന്ന പേര് ആളുകളെ ബുദ്ധിമുട്ടിക്കുന്നു, അത് മാറ്റണം. അത് ഞാൻ ഉറപ്പാക്കും"- ബിഷ്ത് പറഞ്ഞു.

2020ൽ ദേശീയ തലസ്ഥാനത്ത് നടന്ന വർഗീയ കലാപത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങളിലൊന്നായിരുന്നു വടക്കുകിഴക്കൻ ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന മുസ്തഫാബാദ്. ബിഷ്തിന്റെ പ്രമേയം നിയമസഭയിൽ ചർച്ച ചെയ്യപ്പെടുമെങ്കിലും, ഔദ്യോഗിക നാമമാറ്റത്തിന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ആവശ്യമാണ്.

തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ നജഫ്ഗഢിന്റെ പേര് നഹർഗഢ് എന്ന് പുനർനാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎ നീലം പഹൽവാൻ കഴിഞ്ഞമാസം രം​ഗത്തെത്തിയിരുന്നു. ഇതിനിടെ, ഡൽഹിയിലെ റോഡിന്റെ പേര് ബിജെപി എംപിയും മന്ത്രിയും സ്വന്തം ഇഷ്ടത്തിന് മാറ്റിയിരുന്നു. തുഗ്ലക് ലെയ്നിന്റെ പേരാണ് മാറ്റിയത്.

കേന്ദ്ര സഹമന്ത്രി കിഷന്‍ പാല്‍ ഗുജറും രാജ്യസഭാ എംപി ദിനേശ് ശര്‍മയുമാണ് വീടിന് മുന്നിലെ റോഡിന്റെ പേര് മാറ്റിയെഴുതിയത്. ഔദ്യോഗിക വസതിക്ക് മുന്നില്‍ വീടിന്റെ പേര് വച്ച ബോര്‍ഡില്‍ തുഗ്ലക് ലെയ്നിന് പകരം സ്വാമി വിവേകാനന്ദ മാര്‍ഗ് എന്ന് എഴുതിച്ചേർക്കുകയായിരുന്നു. ഇതു കൂടാതെ, മുഹമ്മദ്പുരിനെ മാധവ്പുരം എന്നാക്കണമെന്ന ആവശ്യവും ബിജെപി നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News