'ആ പദ്ധതി വോട്ട് കിട്ടാൻ': മഹായുതി സർക്കാറിനെ വെട്ടിലാക്കി ബിജെപി എംഎൽഎയുടെ പ്രസംഗം
മഹായുതി സർക്കാർ അവതരിപ്പിക്കുന്ന പദ്ധതികള്‍ക്ക് ഒരു വിശ്വാസ്യതയുമില്ലെന്ന് പ്രതിപക്ഷം
മുംബൈ: മഹാരാഷ്ട്രയിൽ നടപ്പിലാക്കിയ ലഡ്കി ബഹിൻ യോജന പദ്ധതി വോട്ട് കിട്ടാൻ വേണ്ടിയാണെന്ന ബിജെപി എംഎൽഎ തേക്ചന്ദ് സവർക്കറിന്റെ പ്രസ്താവന മഹാരാഷ്ട്ര സർക്കാറിനെ വെട്ടിലാക്കി.
നാഗ്പൂർ ജില്ലയിലെ മൗദ നിയമസഭാ മണ്ഡലത്തിൽ നടന്ന യോഗത്തിനിടെയാണ് സര്‍ക്കാറിനെ വെട്ടിലാക്കിയുള്ള സവര്‍ക്കറുടെ പ്രസംഗം. സവർക്കർ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. നാഗ്പൂരിലെ കാമാത്തി നിയമസഭാ മണ്ഡലത്തെയാണ് ഇയാള്‍ പ്രതിനിധീകരിക്കുന്നത്.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഇക്കഴിഞ്ഞ ജൂണിൽ നടന്ന സംസ്ഥാന ബജറ്റിലാണ് ലഡ്കി ബഹിൻ യോജന പദ്ധതി സർക്കാർ നടപ്പിലാക്കിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ് ഈ പദ്ധതി. 21നും 65നും ഇടയിൽ പ്രായമുള്ള നിരാലംബരായ സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ നൽകുന്നതാണിത്.
മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പ്രതീക്ഷയോടെയാണ് ഈ പദ്ധതിയെ കാണുന്നത്. തെരഞ്ഞെടുപ്പ് യോഗങ്ങളിലെല്ലാം അഭിമാനത്തോടെ വിശദീകരിക്കുന്നുമുണ്ട്. കൂറ്റൻ ഫ്‌ളക്‌സ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിനിടയിലാണ് പരിപാടി വോട്ട് കിട്ടാൻ വേണ്ടിയാണെന്ന് സർക്കാറിന്റെ തന്നെ ഭാഗമായ ബിജെപിയുടെ ഒരു എംഎൽഎ പറയുന്നത്.
രാഷ്ട്രീയലക്ഷ്യത്തോടെ പദ്ധതിയെ തകര്‍ക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു എന്ന് ബിജെപി ക്യാംപ് ആരോപിച്ച പദ്ധതിയാണ്, സ്വന്തം എംഎല്‍എ തന്നെ വോട്ട് കിട്ടാന്‍ വേണ്ടിയാണെന്ന് പറയുന്നത്. ഈ വനിതാ ക്ഷേമ പദ്ധതിക്ക്, പ്രതിപക്ഷം തുരങ്കംവെയ്ക്കുന്നു എന്ന് ആരോപിച്ച് ശിവസേന ഷിന്‍ഡെ പക്ഷം അടുത്തിടെ പ്രതിഷേധ റാലിയും സംഘടിപ്പിച്ചിരുന്നു. എന്നാല്‍, പണം ധൂര്‍ത്തടിച്ച് തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍കണ്ടുള്ള ഗിമ്മിക്കാണ് പദ്ധതിയെന്ന് പ്രതിപക്ഷവും തിരിച്ചടിച്ചിരുന്നു.
അതേസമയം പ്രസംഗത്തെ ആയുധമാക്കി പ്രതിപക്ഷം രംഗത്ത് എത്തി. തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹായുതി സർക്കാർ അവതരിപ്പിക്കുന്ന പദ്ധതികള്‍ക്ക് ഒരു വിശ്വാസ്യതയുമില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. രാഷ്ട്രീയ പ്രേരിത പദ്ധതിയാണിതെന്ന് ബിജെപിയുടെ സ്വന്തം നേതാക്കൾ പോലും സമ്മതിക്കുന്നുണ്ടെന്നാണ് സവര്‍ക്കറുടെ പ്രസംഗം വ്യക്തമാക്കുന്നതെന്ന് മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് വിജയ് വഡെറ്റിവാർ പറഞ്ഞു.
അതേസയം മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം നീളുകയാണ്. 2019ൽ ഹരിയാനക്കൊപ്പമായിരുന്നു മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ്. എന്നാൽ ഇക്കുറി മഹാരാഷ്ട്രയെ ഒഴിവാക്കുകയായിരുന്നു. മഴയും മറ്റുമൊക്കെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തടസമായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നത്. എന്നാൽ രാഷ്ട്രീയക്കളിയുടെ ഭാഗമായാണ് തെരഞ്ഞെടുപ്പ് വൈകുന്നത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് നീട്ടിയതിന് പിന്നിലും ഈ പദ്ധയുടെ പ്രചാരണമാണെന്ന കണക്കുകൂട്ടല്‍ ഇവര്‍ക്കുണ്ട്.
ഈ വർഷം അവസാനത്തോടെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും. ലോക്സഭയിലെ വന്‍തകര്‍ച്ച മറികടക്കാന്‍ ലഡ്‌കി ബഹിന്‍ പോലുള്ള പദ്ധതികള്‍ ഷിന്‍ഡെ ശിവസേനയും ബിജെപിയും അജിത് പവാറിന്റെ എന്‍സിപിയും അടങ്ങുന്ന സര്‍ക്കാറിന് അനിവാര്യമാണ്.