‘വഖഫ് ബില്ലിലെ 1.25 കോടി പ്രതികരണത്തിന് പിന്നി​ൽ ഐഎസ്ഐയും ചൈനയും?’; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എംപി

‘കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദ അന്വേഷണം നടത്തണം’

Update: 2024-09-25 08:31 GMT
Advertising

ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ പരിശോധിക്കുന്ന പാർലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ വന്ന 1.25 കോടി പ്രതികരണത്തിൽ സംശയമുന്നയിച്ച് ബിജെപി എംപി. കമ്മിറ്റി അംഗ കൂടിയായ നിഷികാന്ത് ദുബെയാണ് പ്രതികരണങ്ങൾക്കെതിരെ രംഗത്തുവന്നത്. സംഭവം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കണമെന്ന് ദു​ബെ ആവശ്യപ്പെട്ടു. ഇത്രയുമധികം പ്രതികരണങ്ങൾ ലഭിച്ചതിൽ പാകിസ്താന്റെ ചാരസംഘടനയായ ഐഎസ്ഐക്കും ചൈനക്കും ബന്ധമുണ്ടാകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. അന്വേഷണം ആവശ്യപ്പെട്ട് കമ്മിറ്റി അധ്യക്ഷൻ ജഗദാംബിക പാലിന് കത്തയക്കുകയും ചെയ്തു.

എവിടെനിന്നാണ് ഈ പ്രതികരണങ്ങൾ വന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്. ഇത്തരത്തിൽ വലിയരീതിയിലുള്ള പ്രതികരണം ഇന്ത്യക്കകത്തുനിന്ന് മാത്രം വരിക എന്നത് അസംഭവ്യമാണെന്ന് ദുബെ പറയുന്നു.

പാക് ചാര സംഘടനയായ ഐഎസ്ഐ, ചൈന, തീവ്ര സംഘടനകളായ താലിബാൻ, ജമാ​അത്തെ ഇസ്‍ലാമി ബംഗ്ലാദേശ് തുടങ്ങിയ വിദേശ ശക്തികൾക്ക് ഇന്ത്യയെ അസ്ഥിരപ്പെടുത്താനും ജനാധിപത്യത്തെ അട്ടിമറിക്കാനും ആഗ്രഹിക്കുന്നുണ്ട്. ഇവരാണ് ഇതിന് പിന്നിലെങ്കിൽ ഇത് രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള ആക്രമണമാണ്. ഇതിനാൽ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദ അന്വേഷണം നടത്തണം. ഇതിലെ സുതാര്യത ഉറപ്പുവരുത്താൻ കമ്മിറ്റി അംഗങ്ങൾക്ക് അന്വേഷണ റിപ്പോർട്ട് കൈമാറണമെന്നും ദുബെ കത്തിൽ ആവശ്യപ്പെട്ടു.

സമിതിക്ക് മുമ്പാകെ കോടിക്കണക്കിന് നിർദേശങ്ങൾ വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

വിവിധ കോണുകളിൽനിന്ന് പ്രതിഷേധമുയർന്നതോടെയാണ് വഖഫ് ഭേദഗതി ബിൽ കേന്ദ്ര സർക്കാർ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് വിടാൻ തീരുമാനിച്ചത്. ഭരണഘടനാപരമായ നിരവധി പിഴവുകൾ ബില്ലിലുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ വിശദമായ പരിശോധന നടത്താനാണ് സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് വിട്ടത്. പാർലമെന്ററി സമിതിയുടെ ആദ്യ​യോഗത്തിൽ സഖ്യകക്ഷികൾ ആശങ്കകളും പ്രതിപക്ഷം എതിർപ്പുകളും ഉയർത്തിക്കാട്ടിയതോടെ ബിജെപി പ്രതിരോധത്തിലായിരുന്നു. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News