'പരാതി വന്നാൽ പരിശോധിക്കണം'; ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണയുമായി ബി.ജെ.പി എം.പി പ്രീതം മുണ്ടെ
പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രീതം ആവശ്യപ്പെട്ടു
ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് പിന്തുണയറിയിച്ച് ബി.ജെ.പി എം.പി പ്രീതം മുണ്ടെ. പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രീതം ആവശ്യപ്പെട്ടു.
" ഒരു പാർലമെന്‍റംഗം എന്ന നിലയിലല്ല, ഒരു സ്ത്രീ എന്ന നിലയിലാണ് പറയുന്നത്, ഏതെങ്കിലും സ്ത്രീയിൽ നിന്ന് ഇത്തരമൊരു പരാതി വന്നാൽ അത് പരിശോധിക്കണം." പ്രീതം പറഞ്ഞതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. പരാതി പരിശോധിച്ച ശേഷം ഇതില്‍ കഴമ്പുണ്ടോ എന്ന് അധികാരികള്‍ തീരുമാനിക്കണം. നടപടി എടുത്തില്ലെങ്കില്‍ അത് ജനാധിപത്യം സ്വാഗതം ചെയ്യില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്ത്രീകള്‍ ഇത്രയും ഗൗരവമുള്ള പരാതികള്‍ ഉന്നയിക്കുമ്പോള്‍ അത് ഗൗരവത്തിലെടുക്കണം. ബന്ധപ്പെട്ട അധികാരികൾ ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തണം. അന്വേഷണത്തിന് ശേഷമേ നടപടികളിലേക്ക് കടക്കാന്‍ പാടുള്ളൂവെന്ന് അറിയാം. എന്നാല്‍ ഇത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. ഈ പരാതിയെ അവഗണിക്കാന്‍ സാധിക്കില്ല. ഗുസ്തി താരങ്ങളുടെ പരാതി ഉടനടി പരിഗണിച്ച് പരിഹാരം കാണണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്' പ്രീതം മുണ്ടെ പറഞ്ഞു.
അന്തരിച്ച മുതിർന്ന ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകളും മുൻമന്ത്രിയുമായ പങ്കജ മുണ്ടെയുടെ സഹോദരിയുമാണ് പ്രീതം മുണ്ടെ.നേരത്തെ, ഗുസ്തിക്കാർ തങ്ങളുടെ മെഡലുകൾ ഗംഗാ നദിയിൽ ഒഴുക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ ഹരിയാന ബി.ജെ.പി എം.പി ബ്രിജേന്ദ്ര സിംഗ് പ്രതിഷേധത്തെ തികച്ചും ഹൃദയഭേദകമെന്ന് വിശേഷിപ്പിച്ചിരുന്നു. അതേസമയം വിഷയത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി ഓടി മാറുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.