Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ചെന്നൈ: പോക്സോ കേസിൽ തമിഴ്‌നാട് ബിജെപി സാമ്പത്തികവിഭാഗം അധ്യക്ഷൻ എം.എസ് ഷാ അറസ്റ്റിൽ. മധുര സ്വദേശിനിയായ പതിനഞ്ചുകാരിയുടെ അച്ഛന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. സ്‌കൂള്‍വിദ്യാര്‍ഥിനിയായ മകളുടെ ഫോണിലേക്ക് ഷാ തുടര്‍ച്ചയായി അശ്ലീലസന്ദേശങ്ങളും ചിത്രങ്ങളും അയച്ചെന്നും ലൈംഗികപീഡനത്തിന് ശ്രമിച്ചെന്നുമാണ് പരാതി.
കഴിഞ്ഞ വർഷമാണ് എം.എസ് ഷാക്കെതിരെ മധുര സൗത്തിലെ വനിതാ പൊലീസ് സ്റ്റേഷനിൽ വിദ്യാർഥിനിയുടെ അച്ഛൻ പരാതി നൽകിയത്. പരാതിക്കാരന്റെ ഭാര്യയുമായി ഷായ്ക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നു എന്നും തന്റെ ഭാര്യ ഇതിനുവേണ്ട സഹായം ചെയ്തുകൊടുത്തെന്നും പരാതിയില്‍ പറയുന്നുണ്ട്. സാമ്പത്തികസഹായം നല്‍കിയും ഉപഹാരങ്ങള്‍ നല്‍കിയുമാണ് ഷാ തന്റെ ഭാര്യയുമായി അടുത്തതെന്ന് പരാതിക്കാരൻ പറഞ്ഞു.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ നിർദേശ പ്രകാരമാണ് കേസിൽ അന്വേഷണമാരംഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരന്റെ ഭാര്യക്കും ഷായ്ക്കുമെതിരെ പോക്സോ കേസ് ചുമത്തുകയായിരുന്നു. ഇതിനെതിരെ ഷാ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ ഹരജി നല്‍കിയിരുന്നു. എന്നാൽ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ ഹൈക്കോടതി പൊലീസിന് അനുമതിനല്‍കി. പിന്നാലെ ഒളിവിൽ പോയ ഷാ തിങ്കളാഴ്ച പിടിയിലാകുകയായിരുന്നു.