ജോര്‍ജ് സോറോസുമായി രാഹുല്‍ ഗാന്ധിക്ക് അവിശുദ്ധ കൂട്ടുകെട്ട്; സുനിത വിശ്വനാഥിനൊപ്പമുള്ള ചിത്രം ഉയര്‍ത്തിക്കാട്ടി സ്മൃതി ഇറാനി

ജോർജ് സോറോസിന് ഫണ്ട് എത്തിച്ചുനൽകുന്നവരുമായി രാഹുൽ ഗാന്ധി എന്തിനാണ് കൂടിക്കാഴ്‌ച നടത്തുന്നതെന്ന് വാർത്താസമ്മേളനത്തിൽ സ്‌മൃതി ചോദിച്ചു

Update: 2023-06-30 08:24 GMT
Editor : Jaisy Thomas | By : Web Desk

സ്മൃതി ഇറാനിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

Advertising

ഡല്‍ഹി: ശതകോടീശ്വരന്‍ ജോര്‍ജ് സോറോസിന്‍റെ സംഘാംഗമായ സുനിത വിശ്വനാഥുമായി യു.എസില്‍ രാഹുല്‍ ഗാന്ധി നടത്തിയ കൂടിക്കാഴ്ചക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന നിക്ഷേപകൻ ജോർജ് സോറോസിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ അംഗമാണ് സുനിത വിശ്വനാഥ് എന്ന് സ്മൃതി ഇറാനി ആരോപിച്ചു. ജോർജ് സോറോസിന് ഫണ്ട് എത്തിച്ചുനൽകുന്നവരുമായി രാഹുൽ ഗാന്ധി എന്തിനാണ് കൂടിക്കാഴ്‌ച നടത്തുന്നതെന്ന് വാർത്താസമ്മേളനത്തിൽ സ്‌മൃതി ചോദിച്ചു.

രാഹുൽ ഗാന്ധി സുനിത വിശ്വനാഥിനൊപ്പം യോഗത്തിൽ പങ്കെടുക്കുന്ന ചിത്രവും സ്മൃതി ഇറാനി വാർത്താ സമ്മേളനത്തിൽ ഉയർത്തിക്കാട്ടി. ഇസ്‌ലാമിക് സർക്കിൾ ഓഫ് നോർത്ത് അമേരിക്കയുടെ പ്രോജക്ട് ഡയറക്ടർ തൻസീം അൻസാരിയാണ് ന്യൂയോർക്കിലേക്കുള്ള രാഹുൽ ഗാന്ധിയുടെ യാത്ര സ്പോൺസർ ചെയ്തതെന്നും ജമാഅത്തെ ഇസ്‌ലാമി പോലെയുള്ള സംഘടനകളുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് ഐസിഎൻഎ എന്നും സ്മൃതി ഇറാനി പറഞ്ഞു.

‘‘സോറോസുമായുള്ള രാഹുൽ ഗാന്ധിയുടെ അവിശുദ്ധ കൂട്ടുകെട്ടിന്‍റെ ആദ്യത്തെ ഉദാഹരണമല്ല ഇത്. ഭാരത് ജോഡോ യാത്രയ്ക്കിടെ കർണാടകയിൽ വച്ച് ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷന്റെ ഗ്ലോബൽ വൈസ് പ്രസിഡന്‍റുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. ജോർജ് സോറോസ് ഫണ്ട് നൽകുന്ന സംഘടനയാണ് ഇത്. രാഹുൽ ഗാന്ധിക്ക് ഇവരുമായി അവിശുദ്ധ കുട്ടുകെട്ടുണ്ട് എന്നതിനു തെളിവാണിത്’’– സ്മൃതി ഇറാനി കൂട്ടിച്ചേർത്തു. മേയ് 31 മുതൽ 10 ദിവസത്തേക്കായിരുന്നു രാഹുല്‍ ഗാന്ധിയുടെ ന്യൂയോർക്ക് സന്ദർശനം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News