'ദ്രാവിഡ നാട്ടില്‍ നിന്നും ബിജെപിയെ തുരത്തി'; കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തില്‍ സ്റ്റാലിന്‍
ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന് കൃത്യമായ മറുപടി നല്‍കി കന്നഡിക അഭിമാനം ഉയര്‍ത്തി പിടിച്ചതായും സ്റ്റാലിന്‍
കര്‍ണാടകയില്‍ കോണ്‍ഗ്രസ് ചരിത്ര വിജയം ഉറപ്പിച്ചതോടെ അഭിനന്ദനങ്ങളുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ദ്രാവിഡ നാട്ടില്‍ നിന്നും ബിജെപിയെ പൂര്‍ണമായും തുരത്തിയതായി സ്റ്റാലിന്‍ ട്വിറ്ററില്‍ പറഞ്ഞു. ഇന്ത്യയിൽ ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും പുനഃസ്ഥാപിക്കുന്നതിനായി 2024ലെ പൊതുതെരഞ്ഞെടുപ്പ് വിജയിക്കാൻ എല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കാമെന്നും സ്റ്റാലിന്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതും രാജ്യത്തെ ഉയര്‍ന്ന അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്തതും ഹിന്ദി അടിച്ചേല്‍പ്പിച്ചതും വ്യാപകമായ അഴിമതികളും കര്‍ണാടകയിലെ ജനങ്ങള്‍ വോട്ട് ചെയ്യും മുമ്പ് മനസ്സില്‍ ഓര്‍ത്തതായി സ്റ്റാലിന്‍ പറഞ്ഞു. ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന് കൃത്യമായ മറുപടി നല്‍കി കന്നഡിക അഭിമാനം ഉയര്‍ത്തി പിടിച്ചതായും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.
അതേസമയം, കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കവേ വ്യക്തമായ ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരം ഉറപ്പിച്ചിരിക്കുകയാണ്. മന്ത്രിമാർ ഉൾപ്പെടെ ബി.ജെ.പിയുടെ പ്രമുഖ നേതാക്കൾക്ക് അടിതെറ്റി. വോട്ടെണ്ണൽ എട്ട് മണിക്കൂർ പിന്നിട്ടപ്പോൾ കോൺഗ്രസ് 136 സീറ്റിൽ മുന്നിലാണ്. ബി.ജെ.പി 64 സീറ്റിലും ജെ.ഡി.എസ് 20 സീറ്റിലും മറ്റുള്ളവർ 4 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.