ബി.ജെ.പി തകർക്കാൻ ശ്രമിച്ചു, പക്ഷേ, ഞാൻ ചിരിച്ചുകൊണ്ടാണ് ജയിലിൽ നിന്നിറങ്ങിയത്: മനീഷ് സിസോദിയ
കെജ്‌രിവാൾ ജയിലിൽ കിടക്കുന്നത് അഴിമതിയുടെ പേരിലല്ല, മറിച്ച് ബി.ജെ.പിയുടെ ഗൂഢാലോചന കൊണ്ടാണെന്നും സിസോദിയ
ന്യൂഡല്‍ഹി: കരഞ്ഞുകൊണ്ട് തിഹാർ ജയിലിൽ നിന്ന് പുറത്തുവരുമെന്നാണ് ബി.ജെ.പി കരുതിയതെന്നും എന്നാല്‍ ഞാന്‍ ചിരിച്ചുകൊണ്ടാണ് വന്നതെന്നും ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞടുപ്പ് മുന്നില്‍കണ്ട് എ.എ.പി നടത്തുന്ന കാല്‍നടയാത്ര പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ അടുത്തിടെയാണ് മനീഷ് സിസോദിയ, ജാമ്യത്തിലിറങ്ങിയത്. എനിക്ക് ജാമ്യം ലഭിച്ച പോലെ കെജരിവാളിനും ജാമ്യം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെജ്‌രിവാൾ ജയിലിൽ കിടക്കുന്നത് അഴിമതിയുടെ പേരിലല്ല, മറിച്ച് ബി.ജെ.പിയുടെ ഗൂഢാലോച കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. മാർച്ച് 21നാണ് ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. നിലവിൽ അദ്ദേഹം തിഹാർ ജയിലിലാണ്.
അതേസമയം ബുരാരിയിലെ തെരുവുകളിലൂടെയായിരുന്നു സിസോദിയയുടെ പ്രചാരണം. മനീഷ് സിസോദിയ മോചിതനായി, കെജ്‌രിവാളും ജയിലിൽ നിന്ന് പുറത്തുവരും എന്നായിരുന്നു എ.എ.പി പ്രവര്‍ത്തകരുടെ മുദ്രാവാക്യം.
"ഞാൻ കരഞ്ഞുകൊണ്ട് ജയിലിൽ നിന്ന് പുറത്തുവരുമെന്ന് ബി.ജെ.പി നേതാക്കൾ കരുതിയത്. പക്ഷേ ഞാൻ ചിരിച്ചുകൊണ്ട് പുറത്തിറങ്ങി, ഇപ്പോൾ അവർക്ക് എന്നെ നോക്കാന്‍ പോലും ധൈര്യമില്ല''- സിസോദിയ പറഞ്ഞു.
ഇ.ഡിയും സി.ബി.ഐയും രജിസ്റ്റർ ചെയ്ത മദ്യനയവുമായി ബന്ധപ്പെട്ട കേസുകളിൽ ഈ മാസം ആദ്യമാണ് സിസോദിയയ്ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
ഓഗസ്റ്റ് 16ന് ഗ്രേറ്റർ കൈലാഷ് മണ്ഡലത്തിൽ കാൽനട ജാഥയോടെയാണ് സിസോദിയ തൻ്റെ 'പദയാത്ര' ആരംഭിച്ചത്. പ്രചാരണത്തിനിടെ ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളും അദ്ദേഹം സന്ദർശിക്കും.