ഇളകാതെ ആഹിർവാൾ ബെൽറ്റ്; ഹരിയാനയിൽ ബിജെപി കുതിപ്പിനു പിന്നിലെന്ത്?

ആഹിർവാൾ മുഖമായ റാവു ഇന്ദ്രജിത് സിങ് തന്നെയാണ് ബിജെപിയുടെ വജ്രായുധം. തുടർച്ചയായി ആറാം തവണയാണ് ഗുരുഗ്രാമിൽനിന്ന് ഇന്ദ്രജിത് ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്ര കാബിനറ്റിലും അദ്ദേഹത്തിന് ഇടംലഭിച്ചു

Update: 2024-10-08 05:22 GMT
Editor : Shaheer | By : Web Desk
Advertising

ചണ്ഡിഗഢ്: കോൺഗ്രസ് നിഷ്പ്രയാസം ഹരിയാന തൂത്തുവാരുമെന്നായിരുന്നു എക്‌സിറ്റ്‌പോൾ ഫലങ്ങളെല്ലാം സൂചിപ്പിച്ചിരുന്നത്. എക്‌സിറ്റ് പോൾ ഫലങ്ങളെയും മറികടന്നായിരുന്നു ഇന്ന് ആദ്യ ഫലസൂചനകൾ പുറത്തുവന്നപ്പോൾ കോൺഗ്രസ് മുന്നേറ്റം. ആകെ 90 സീറ്റിൽ ഒറ്റയ്ക്ക് 60 സീറ്റുമായിരുന്നു കോൺഗ്രസ് തുടക്കത്തിൽ കുതിച്ചത്. എന്നാൽ, വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ സ്ഥിതിഗതികൾ മാറിമറിഞ്ഞു. വൻ തിരിച്ചുവരവ് നടത്തി 46 സീറ്റുമായി മാന്ത്രികസംഖ്യയിൽ എത്തിനിൽക്കുകയാണ് ബിജെപി. 36 സീറ്റിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.

കർഷകരോഷം തെരഞ്ഞെടുപ്പിൽ അലയടിക്കുമെന്ന് നേരത്തെ തന്നെ ഉറപ്പിച്ചതാണ്. ജാട്ട് സമുദായം ഇത്തവണ ബിജെപിയോട് മുഖംതിരിഞ്ഞുനിൽക്കുന്നുവെന്നാണു വിലയിരുത്തൽ. ഇതോടൊപ്പം ഗുസ്തി താരം വിനേഷ് ഫോഗട്ട് ഫാക്ടറും അലയടിക്കുമെന്ന വിലയിരുത്തലുണ്ടായിരുന്നു.

എന്നാൽ, ആഹിർവാൾ ബെൽറ്റ് ബിജെപിക്ക് നിർണായകമാണ്. കാലങ്ങളായി ബിജെപിയുടെ വിശ്വസ്ത വോട്ട് ബാങ്ക് ആണ് ദക്ഷിണ ഹരിയാനയിലെ ആഹിർവാൾ മേഖല. ഗുരുഗ്രാം, റെവാരി, മഹേന്ദ്രഗഢ് എന്നിവ ഉൾപ്പെടുന്നതാണിത്. മറ്റു മേഖലയിൽ തിരിച്ചടി നേരിട്ടാലും ആഹിർവാൾ കൈവിടില്ലെന്ന പ്രതീക്ഷയിലാണ് ബിജെപി. കോൺഗ്രസ് മുന്നേറ്റമുണ്ടാക്കിയ ആദ്യ ഫലസൂചനകളിലും ഈ മേഖലയിൽ ബിജെപി തന്നെയാണു മുന്നിട്ടുനിൽക്കുന്നത്.

ഗുരുഗ്രാം, റെവാരി, ഫരീദാബാദ്, ഭിവാനി-മഹേന്ദ്രഗഢ് എന്നിങ്ങനെ നാല് ലോക്‌സഭാ മണ്ഡലങ്ങളാണ് ദക്ഷിണ ഹരിയാനയിലെ ആഹിർവാൾ മേഖലയിലുള്ളത്. 27 നിയമസഭാ മണ്ഡലങ്ങളുണ്ട് ഇവിടെ. 60 ശതമാനം വോട്ടർമാരും നഗരമേഖലയിലാണുള്ളത്. നാലു മാസം മുൻപ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗുരുഗ്രാം, റോത്തക്, ഭിവാനി-മഹേന്ദ്രഗഢ് ഉൾപ്പെടുന്ന 11 നിയമസഭാ മണ്ഡലങ്ങളിൽ പത്തും ബിജെപി തൂത്തുവാരിയിരുന്നു.

2014ലെ തെരഞ്ഞെടുപ്പിൽ ആഹിർവാൾ മേഖലയിലെ 15 സീറ്റും ബിജെപി പിടിച്ചിരുന്നു. 2019ൽ ഇത് 16 ആക്കി ഉയർത്തി. ബിജെപിയുടെ ആകെ സീറ്റ് നില 47ൽനിന്ന് 40ലേക്ക് കുറഞ്ഞപ്പോഴും ആഹിർവാളിൽ അക്കം കൂട്ടുകയായിരുന്നു. 2014ൽ കോൺഗ്രസിന് രണ്ടിടത്തു മാത്രമാണ് ഇവിടെ വിജയിക്കാനായത്. ഐഎൻഎൽഡിക്ക് എട്ടും സീറ്റ് ലഭിച്ചിരുന്നു. സ്വതന്ത്രർ രണ്ടിടത്തും വിജയിച്ചു. 2019ൽ ബിജെപിക്കൊപ്പം കോൺഗ്രസും സീറ്റ് നില ഉയർത്തി. കോൺഗ്രസിന് ഏഴ് സീറ്റാണ് ഇത്തവണ ലഭിച്ചത്.

അതേസമയം, ഇത്തവണ പാർട്ടിക്കുള്ളിലുണ്ടായ ആഭ്യന്തര കലഹത്തിൽ മാത്രമായിരുന്നു ബിജെപിയുടെ ഭയം. സംസ്ഥാനത്ത് പൊതുവിലുണ്ടെന്നു വിലയിരുത്തപ്പെട്ട ഭരണവിരുദ്ധ വികാരത്തിനൊപ്പം പാളയത്തിൽ പടയായിരുന്നു ബിജെപിക്കു മുന്നിലുണ്ടായിരുന്ന ഭീഷണി. ഈ സാഹചര്യം മുതലെടുത്ത് ആഹിർവാളിലും നേട്ടമുണ്ടാക്കാമെന്നാണു കോൺഗ്രസ് കണക്കുകൂട്ടിയിരുന്നത്.

ആഹിർവാൾ മുഖമായ റാവു ഇന്ദ്രജിത് സിങ് തന്നെയാണ് ബിജെപിയുടെ വജ്രായുധം. തുടർച്ചയായി ആറാം തവണയാണ് ഇത്തവണ ഗുരുഗ്രാമിൽനിന്ന് ഇന്ദ്രജിത് ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്ര കാബിനറ്റിലും അദ്ദേഹത്തിന് ഇടംലഭിച്ചു. കേന്ദ്ര ആസൂത്രണ വകുപ്പ് മന്ത്രിയാണ് ഇന്ദ്രജിത്. വിമതനീക്കങ്ങൾക്കിടയിലും ഇന്ദ്രജിതിന്റെ വ്യക്തിപ്രഭാവത്തിലും സ്വാധീനത്തിലുമാണ് ബിജെപിയുടെ പ്രതീക്ഷയത്രയും. സ്വന്തം മകൾ ആരതി ഉൾപ്പെടെ അദ്ദേഹത്തിന്റെ വിശ്വസ്തരായ നേതാക്കൾക്കെല്ലാം ഇത്തവണ സീറ്റ് ലഭിച്ചിട്ടുണ്ട്. ആഹിർവാൾ ഇളകാതെ നിലനിർത്താനുള്ള ഉത്തരവാദിത്തമാണ് പാർട്ടി ഇന്ദ്രജിതിനെ ഏൽപിച്ചിട്ടുള്ളത്.

1966ൽ സംസ്ഥാന രൂപീകരണത്തിനുശേഷം ഒരു പാർട്ടിയും തുടർച്ചയായി മൂന്നു തവണ ഹരിയാന ഭരിച്ചിട്ടില്ല. ഇത്തവണ സ്ഥിതി മാറുമോ എന്നാണു രാഷ്ട്രീയനിരീക്ഷകർ ഉറ്റുനോക്കുന്നത്. കടുത്ത ഭരണവിരുദ്ധ വികാരവും കര്‍ഷകരോഷവും പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങളും മുതിര്‍ന്ന നേതാക്കളുടെ കൂടുമാറ്റവുമെല്ലാം ബിജെപിക്ക് തിരിച്ചടിയാകുമെന്നു വിലയിരുത്തപ്പെട്ടപ്പോഴും ഉറച്ച വിശ്വാസത്തിലായിരുന്നു മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ നയാബ് സിങ് സൈനി. ആ വിശ്വാസം അദ്ദേഹത്തെയും പാര്‍ട്ടിയെയും രക്ഷിക്കുമോ എന്നാണു കണ്ടറിയാനുള്ളത്.

Summary: What is behind BJP's surprise comeback in Haryana? The saffron party keeps its Ahirwal belt intact

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News