കേന്ദ്രകമ്മിറ്റിയംഗങ്ങൾക്കെതിരെ പ്രതിഷേധിച്ചു; ബംഗാളിലെ നേതാവിനെ പുറത്താക്കി ബി.ജെ.പി

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡയമണ്ട് ഹാർബറിലെ ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയായിരുന്നു അഭിജിത് ദാസ്

Update: 2024-06-19 10:14 GMT
Editor : Lissy P | By : Web Desk
Advertising

കൊൽക്കത്ത: അടുത്തിടെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്കെതിരെ മത്സരിച്ച് തോറ്റ സ്ഥാനാർഥിയും ബംഗാളിലെ ബി.ജെ.പി നേതാവായ അഭിജിത് ദാസിനെ  സസ്‌പെൻഡ് ചെയ്തു. പാർട്ടി അച്ചടക്കവും മര്യാദയും പാലിക്കാത്തതിനാലാണ് അഭിജിത് ദാസ് (ബോബി)യെ പുറത്താക്കിയതെന്നാണ് വിശദീകരണം. അഭിജിത് ദാസിന്റെ പാർട്ടി അംഗത്വവും താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിന് പിന്നാലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ അംതലയിലെത്തിയപാർട്ടിയുടെ കേന്ദ്ര വസ്തുതാന്വേഷണ സംഘത്തിനെതിരെ ഒരുവിഭാഗം ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ നേതൃത്വത്തിലുള്ള നാലംഗ ബിജെപി കേന്ദ്രസംഘമാണ് തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമസംഭവങ്ങൾ വിലയിരുത്താൻ പശ്ചിമ ബംഗാൾ സന്ദർശിച്ചത്. അക്രമങ്ങളെത്തുടർന്ന് തങ്ങളെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചപ്പോൾ പാർട്ടിയുടെ സംസ്ഥാനനേതാക്കൾ തങ്ങൾക്കൊപ്പം നിന്നില്ലെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, ഉത്തർപ്രദേശ് മുൻ പൊലീസ് ഡയറക്ടർ ജനറലും നിലവിലെ രാജ്യസഭാംഗവുമായ ബ്രിജ്‍ലാൽ, കബിത പാട്ടിദാർ എന്നിവർക്കെതിരെയായിരുന്നു പ്രതിഷേധം നടന്നത്. ഇതിന് പിന്നിൽ അഭിജിത് ദാസാണെന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത്. ചൊവ്വാഴ്ച നടന്ന പാർട്ടി യോഗത്തിലും ദാസ് പങ്കെടുത്തിരുന്നില്ല.ഇതിന് പുറമെ ജില്ലയിലെ പാർട്ടിയിൽ ചേരിതിരിവ് സൃഷ്ടിച്ചതും ഇദ്ദേഹമാണെന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത്. തുടർന്നാണ് അഭിജിത് ദാസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതെന്നും പാർട്ടിയുടെ അച്ചടക്കവും മര്യാദയും പാലിക്കാത്തതിനാണ് സസ്‌പെൻഡ് ചെയ്തതെന്നും ബിജെപി സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ സുകാന്ത മജുംദാർ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

കാരണം കാണിക്കൽനോട്ടീസിന് ഏഴ്ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം,സംഭവത്തിൽ അഭിജിത് ദാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News