ഡൽഹി സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി?; എ.എ.പി സർക്കാറിനെ പിരിച്ചുവിടണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു

തെരഞ്ഞെടുപ്പിന് മുമ്പേ ബി.ജെ.പി പരാജയം സമ്മതിച്ചതിന്റെ തെളിവെന്ന് എ.എ.പി

Update: 2024-08-31 04:42 GMT
Advertising

ഡൽഹി: ആംആദ്മി പാർട്ടി സർക്കാറിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നിന്നുള്ള ബിജെപി എം.എൽ.എമാരുടെ സംഘം രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിലിലായതിന്റെ പശ്ചാത്തലത്തിൽ ഭരണഘടനാ പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കൂടികാഴ്ച്ച.

ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്തയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി പ്രതിനിധി സംഘം രാഷ്ട്രപതിക്ക് മെമ്മോറാണ്ടം സമർപ്പിക്കുകയും സംസ്ഥാനം നേരിടുന്ന ഭരണഘടനാ പ്രതിസന്ധിക്ക് അടിയന്തര നടപടി വേണമെന്നാവശ്യപ്പെടുകയും ചെയ്തു. എ.എ.പി സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആശങ്കകളും സംഘം രാഷ്ട്രപതിയെ അറിയിച്ചു. എ.എ.പി സർക്കാരിന് ഭരിക്കാനുള്ള എല്ലാ ധാർമ്മിക അവകാശങ്ങളും നഷ്ടപ്പെട്ടുവെന്നും ഡൽഹിയിലെ ജനങ്ങളെ അവർ വഞ്ചിച്ചെന്നും മെമ്മോറാണ്ടത്തിൽ ബി.ജെ.പി ആരോപിച്ചു.

ഗുരുതരമായ അഴിമതിക്കേസിൽ നാല് മാസത്തിലേറെയായി കെജ്‌രിവാൾ ജയിലിലാണ്. അദ്ദേഹം രാജിവെക്കാൻ വിസമ്മതിച്ചു. അത് സ്ഥിതിഗതികൾ ഗുരുതരമാക്കി. സംസ്ഥാനത്ത് ഭരണം പൂർണ്ണമായും തകരാൻ ഇത് കാരണമായി. നിർണായകമായ ഭരണപരമായ തീരുമാനങ്ങൾ വൈകുന്നു. അവശ്യ സേവനങ്ങളിൽ ഉൾപ്പെടെ നേരിടുന്ന കാലതാമസം പൗരന്മാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നു. വിജേന്ദർ ഗുപ്ത പറഞ്ഞു.

സർക്കാറിന്റെ കാര്യക്ഷമതയില്ലായ്മ ഡൽഹിയിലെ സാമ്പത്തിക ആസൂത്രണത്തെ ബാധിച്ചെന്നാണ് ബിജെപി പ്രധാനമായും ആരോപിച്ചത്. 2021 ഏപ്രിൽ മുതൽ ആറാമത് ഡൽഹി ധനകാര്യ കമ്മീഷൻ രൂപീകരിക്കുന്നതിലെ പരാജയം ഭരണഘടനയുടെ 243-I, 243-Y വകുപ്പുകളുടെ ഗുരുതരമായ ലംഘനമാണെന്ന് അവർ ചൂണ്ടിക്കാട്ടി. സി.എ.ജി റിപ്പോർട്ട് ഉൾപ്പെടെയുള്ള സുപ്രധാന റിപ്പോർട്ടുകൾ മേശപ്പുറത്ത് വയ്ക്കുന്നതിൽ എ.എ.പി സർക്കാർ പരാജയമാണെന്നും ബി.ജെ.പി രാഷ്ട്രപതിക്കുമുന്നിൽ ബോധിപ്പിച്ചു. എ.എ.പി സർക്കാറിന്റെ അഴിമതിയും കേന്ദ്രം അനുവദിക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ മെല്ലെപ്പോക്കും ബിജെപി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഗുപ്തയെ കൂടാതെ, മോഹൻ സിംഗ് ബിഷ്ത്, ഓം പ്രകാശ് ശർമ്മ, അജയ് മഹാവാർ, അഭയ് വർമ്മ, അനിൽ ബാജ്പേയ്, ജിതേന്ദർ മഹാജൻ, കർത്താർ സിംഗ്, എഎപി വിട്ട് അടുത്തിടെ ബിജെപിയിൽ ചേർന്ന മുൻമന്ത്രി രാജ് കുമാർ ആനന്ദ് എന്നിവരും ബിജെപി പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

അതേസമയം ബി.ജെ.പിയുടെ വഴിവിട്ട നീക്കത്തിനെതിരെ ആഞ്ഞടിച്ച് ആംആദ്മി രംഗത്തവന്നു. തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ട ബിജെപി സർക്കാരിന്റെ പ്രവർത്തനം തടസ്സപ്പെടുത്തി സമാന്തര സർക്കാർ ഉണ്ടാക്കാനുള്ള അധാർമിക നീക്കമാണ് നടത്തുന്നതെന്ന് എ.എ.പി ആരോപിച്ചു. കെജ്രിവാൾ സർക്കാരിനെ പിരിച്ചുവിടാൻ രാഷ്ട്രപതിയെ സമീപിച്ച നീക്കം നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ബിജെപി പരാജയം സമ്മതിച്ചെന്നതിന്റെ തെളിവാണെന്നും എ.എ.പി പ്രസ്താവനയിൽ പറഞ്ഞു. എഎപിയെ തകർക്കാനുള്ള തുടർച്ചായായ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ അധികാരം പിടിക്കാൻ അവർ പിൻവാതിൽ തന്ത്രങ്ങൾ പയറ്റുകയാണെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

അടുത്ത വർഷം ആദ്യമാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. 70 അംഗ നിയമസഭയിൽ നിലവിൽ എഎപിക്ക് 61 സീറ്റും പ്രതിപക്ഷമായ ബിജെപിക്ക് 7 സീറ്റുമാണുള്ളത്. 2 സീറ്റ് ഒഴിഞ്ഞു കിടക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ മുഴുവൻ സീറ്റിലും ബിജെപിയാണ് വിജയിച്ചത്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News