ഏക സിവിൽ കോഡ് തെരഞ്ഞെടുപ്പ് വരുമ്പോൾ ബി.ജെ.പി കൊണ്ടുവരുന്ന വിഷയം-ജയറാം രമേശ്

''ജസ്റ്റിസ് ബി.എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള ലോ കമ്മിഷൻ 2018 ആഗസ്റ്റ് 31ന് പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത് ഏക സിവിൽ കോഡ് രാജ്യത്ത് ആവശ്യമല്ലെന്നാണ്.''

Update: 2022-12-02 15:36 GMT
Editor : Shaheer | By : Web Desk
Advertising

ഭോപ്പാല്‍: രാജ്യത്ത് തെരഞ്ഞെടുപ്പുകൾ വരുമ്പോഴെല്ലാം ബി.ജെ.പി ഉയർത്തിക്കൊണ്ടുവരുന്ന വിഷയമാണ് ഏക സിവിൽകോടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. ഭാരത് ജോഡോ യാത്ര ഒരു പരിപാടിയല്ലെന്നും ഒരു മുന്നേറ്റമാണെന്നും കോൺഗ്രസിന്റെ മാധ്യമവിഭാഗം തലവൻ കൂടിയായ ജയറാം രമേശ് പറഞ്ഞു.

മധ്യപ്രദേശിൽ ഭാരത് ജോഡോ യാത്രയുടെ പര്യടനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു ജയറാം രമേശ്. 'തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം ബി.ജെ.പി ഏക സിവിൽകോഡുമായി വരും. ഇത്തവണ ഗുജറാത്തിലും ഹിമാചൽപ്രദേശിലുമാണ് തെരഞ്ഞെടുപ്പ്. ജസ്റ്റിസ് ബി.എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള ലോ കമ്മിഷൻ 2018 ആഗസ്റ്റ് 31ന് പാർലമെന്റിൽ സമർപ്പിച്ച 185 പേജുള്ള റിപ്പോർട്ടിൽ പറയുന്നത് ഏക സിവിൽ കോഡ് രാജ്യത്ത് ആവശ്യമല്ലെന്നാണ്.'-അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏക സിവിൽ കോഡ് നടപ്പാക്കാനായി കമ്മിറ്റി രൂപീകരിക്കുമെന്ന് മധ്യപ്രദേശിലെ ശിവരാജ് സിങ് ചൗഹാൻ സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത്, ഹിമാചൽപ്രദേശ് സർക്കാരുകളും ഇതേ പ്രഖ്യാപനം നടത്തിയിട്ടുണ്ട്.

ഭാരത് ജോഡോ യാത്ര കേവലമൊരു പരിപാടിയല്ലെന്നും ഒരു മുന്നേറ്റമാണെന്നും ജയറാം രമേശ് പറഞ്ഞു. ഇവന്റ് മാനേജ്‌മെന്റിന്റെ ആശാന്മാരാണ് ബി.ജെ.പി. മോദി ലോകത്തെ ഏറ്റവും മികച്ച ഇവന്റ് മാനേജറാണെന്നാണ് ഒരിക്കൽ എൽ.കെ അദ്വാനി തന്നെ പറഞ്ഞിട്ടുള്ളത്. ഇത്തരം പരിപാടികൾ അധികകാലം നീണ്ടുനിൽക്കില്ല. 140 ദിവസം നീണ്ടുനിൽക്കുന്നതാണ് ഭാരത് ജോഡോ യാത്ര. ഒരു പരിപാടിയും ഇത്രയും നീണ്ടുനിൽക്കാറില്ലെന്നും ജയറാം രമേശ് പറഞ്ഞു.

ജ്യോതിരാദിത്യ സിന്ധ്യയും ഹിമാന്ത ബിശ്വശർമയും പോലുള്ള നേതാക്കൾക്ക് ഇനി കോൺഗ്രസിലേക്ക് മടക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. സിന്ധ്യ 24 കാരറ്റ് വഞ്ചകനാണ്. പാർട്ടി വിട്ട ശേഷം അധിക്ഷേപം നടത്തുന്ന നേതാക്കളുണ്ടെന്നും അവരെ തിരിച്ചെടുക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Summary: BJP always raises issue of Uniform Civil Code during elections: Congress leader Jairam Ramesh

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News