ഓർക്കാപ്പുറത്തേറ്റ തിരിച്ചടി; നിതീഷിനു മുന്നിൽ അടവു മറന്ന് ബിജെപി
മഹാരാഷ്ട്രയിൽ ശിവസേനയെ ഭിന്നിപ്പിച്ചു സർക്കാർ രൂപീകരിച്ചപ്പോഴാണ് ബിഹാർ കൈവിട്ടുപോയത്
2015 ൽ ആർ.ജെ.ഡി മുന്നണിയിൽ മത്സരിച്ചു മുഖ്യമന്ത്രി പദവിയിൽ 2 വർഷം പൂർത്തിയാക്കിയപ്പോഴാണ് ബിജെപിയോടൊപ്പമുള്ള നിതീഷ് കുമാറിന്‍റെ ചേക്കേറല്‍. മഹാസഖ്യത്തിലേക്കുള്ള ഇപ്പോഴത്തെ മടങ്ങി വരവ് ബിജെപിക്കെതിരെ പോരാട്ടത്തിന് ശക്തിപകരുമെന്നാണ് രാജ്യത്തെ പ്രതിപക്ഷത്തിന്‍റെ കണക്ക് കൂട്ടല്‍.
നിതീഷ് കുമാർ ഇടഞ്ഞു നിൽക്കുകയാണെന്ന് മനസിലായെങ്കിലും മറുതന്ത്രം പയറ്റാൻ ബിജെപിക്ക് കഴിഞ്ഞില്ല. 4 എ.ഐ.എം.ഐ.എം എംഎല്‍എ മാർ ഒരു മാസം മുൻപ് ആർ.ജെ.ഡിയിൽ ചേർന്നതോടെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന പദവി ലാലുപ്രസാദ് യാദവിന്റെ പാർട്ടിക്കായി. നിതീഷ് മറുകണ്ടം ചാടിയാലും ഏറ്റവും വലിയ ഒറ്റക്കക്ഷി ആയ ബിജെപിയെ ഗവർണർ സർക്കാർ രൂപീകരിക്കാൻ വിളിക്കുമെന്ന ബിജെപിയുടെ പ്രതീക്ഷയ്ക്കു മുകളിലൂടെ, ഒരുമുഴം മുൻപേ നീട്ടി എറിഞ്ഞ കല്ലായിരുന്നു ഈ ലയനം.
നിതീഷിലേക്കുള്ള ബിജെപിയുടെ പാലമായിരുന്ന സുശീൽകുമാർ മോദിയെ രാജ്യസഭയിൽ എത്തിച്ചു തട്ടകം മാറ്റിയതോടെ ജെഡിയു വിനോട് സംസാരിക്കാൻ പോലും ബിജെപിയിൽ ആരുമുണ്ടായില്ല. ബിഹാറിനു പ്രത്യേക പദവി അടക്കമുള്ള നിതീഷിന്റെ ആവശ്യങ്ങൾ ബിജെപി നിരന്തരം തള്ളിയതും ബിജെപി നേതാക്കൾ പലപ്പോഴും തള്ളി പറഞ്ഞതും നിതീഷിന് അപമാനമായി. ഒരു ബിജെപി മന്ത്രി രാജി ഭീഷണി വരെ മുഴക്കിയിരുന്നു.
ജാതി സെൻസസ്, അഗ്‌നിപഥ് എന്നീ വിഷയങ്ങളിൽ, കേന്ദ്രസർക്കാരിനോട് വിരുദ്ധ നിലപാട് സ്വീകരിച്ചിരിക്കുന്ന നിതീഷ്‌കുമാറിന്റെ എൻഡിഎ വിട്ടുപോകൽ പ്രതിപക്ഷത്ത് ആത്മവിശ്വാസം വർദ്ധിപ്പിച്ചു. മഹാരാഷ്ട്രയിൽ സഖ്യ സർക്കാർ തകർന്നതിനു പിന്നാലെ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇ.ഡി ചോദ്യം ചെയ്തതതും,രാഷ്ട്രപതി-ഉപരാഷ്ട്രപതി തെരെഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾ, മിന്നുന്ന വിജയം നേടിയതും തളർത്തിയ പ്രതിപക്ഷ നിരയ്ക്ക് മൃത സഞ്ജീവനി കൂടിയാണ് നിതീഷ് കുമാറിന്റെ മടങ്ങിവരവ്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാണ് ചിരാഗ് പാസ്വാന്റെ ആവശ്യം.
2020 ഇൽ ജനവിധി എൻഡിഎയ്ക്കായിരുന്നെന്നും നിതീഷ് കുമാർ ബിഹാർ ജനതയെ ചതിച്ചെന്നുമായിരുന്നു ബിജെപി യുടെ ആദ്യ പ്രതികരണം. മഹാഗഡ് ബന്ധൻ 2017 ൽ നിതീഷ് ഉപേക്ഷിച്ചത് മറന്നുകളയാൻ ആർജെഡി നേതാക്കൾ അണികളൊടു ആവശ്യപ്പെട്ട് കഴിഞ്ഞു. 2024 ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ ബിജെപിയെ തറപറ്റിക്കാൻ ഒറ്റകെട്ടായി നിൽക്കാനാണ് ഇവരുടെ തീരുമാനം