രാജ്യത്തിന്‍റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ട്: വരുണ്‍ ഗാന്ധി
തന്‍റെ മണ്ഡലത്തില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു വരുണ്‍ ഗാന്ധി
ലഖ്‌നൗ: രാജ്യത്തിന്‍റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്ന് ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി. തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടിയാണ് വരുണ്‍ ഗാന്ധിയുടെ പ്രതികരണം. തന്‍റെ മണ്ഡലത്തില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു വരുണ്‍ ഗാന്ധി.
രാജ്യത്ത് 1.5 കോടി തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കിലും തൊഴിൽരഹിതരായ യുവാക്കൾ ഒഴിഞ്ഞ വയറുമായി അലഞ്ഞുതിരിയുകയാണ്. കോടിക്കണക്കിന് തൊഴിലില്ലാത്തവർക്ക് ഇനി എന്തുസംഭവിക്കുമെന്ന് അറിയില്ല. തൊഴിലില്ലായ്മ ഇനിയും വർധിക്കാനാണ് സാധ്യതയെന്നും വരുണ്‍ ഗാന്ധി സ്വന്തം പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വിമര്‍ശിച്ചു.
"ഞങ്ങളുടെ പോരാട്ടം തൊഴിലിനും സാമ്പത്തിക സമത്വത്തിനുമാണ്. നമ്മുടെ ഭരണഘടന പറയുന്നത് എല്ലാവർക്കും തുല്യമായ സാമ്പത്തിക അവസരങ്ങൾ ലഭിക്കണമെന്നാണ്. എല്ലാവര്‍ക്കുമായി പ്രവർത്തിക്കുമ്പോൾ അത് സാധ്യമാണ്. ആർക്കും ബാങ്ക് അക്കൗണ്ടിൽ പണമെത്തിയില്ല, 2 കോടി ജോലികൾ (വാഗ്ദാനം ചെയ്തതുപോലെ) നൽകിയില്ല. കർഷകന്റെ വരുമാനം ഇരട്ടിയായി വർധിപ്പിക്കാനും സാധിച്ചില്ല"- വരുണ്‍ ഗാന്ധി പ്രസ്താവനയില്‍ പറഞ്ഞു.
അണ്ണാ ഹസാരെയുടെ സമരത്തെ പിന്തുണച്ച ആദ്യത്തെ എംപി താനാണെന്നും വരുണ്‍ ഗാന്ധി പറഞ്ഞു. കർഷക സമരം നടന്നപ്പോൾ ഉദ്യോഗസ്ഥരെ വിളിച്ച് സമരക്കാരുടെ ആവശ്യങ്ങൾ പരിശോധിക്കാൻ നിർദേശം നൽകിയിരുന്നുവെന്നും വരുണ്‍ ഗാന്ധി വിശദീകരിച്ചു.
"രാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള ഉപകരണമാണ് രാഷ്ട്രീയം. രാഷ്ട്രീയ പാർട്ടികളും നേതാക്കളും ശത്രുത ഉപേക്ഷിച്ച് രാജ്യത്തിന്റെ ഭാവിയെ കുറിച്ച് ചിന്തിക്കണം. പ്രസംഗങ്ങള്‍ കൊണ്ടോ തെരഞ്ഞെടുപ്പ് വിജയവും പരാജയവും കൊണ്ടോ അല്ല രാജ്യത്തിന്‍റെ ഭാവി വാർത്തെടുക്കേണ്ടത്. രാജ്യത്തിനായുള്ള യഥാർത്ഥ സേവനത്തിലൂടെയാണ്. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. ഇവിടെ സ്വപ്നങ്ങൾ വലുതും വിഭവങ്ങൾ പരിമിതവുമാണ്. സ്വകാര്യവൽക്കരണം നടക്കുമ്പോൾ, തൊഴിലവസരങ്ങള്‍ കുറയുന്നു. തൊഴിലില്ലായ്മ ഇനിയും വർദ്ധിക്കുകയും ചെയ്യും"- വരുണ്‍ ഗാന്ധി പറഞ്ഞു.
Summary- BJP MP Varun Gandhi on Sunday said although 1.5 crore posts are lying vacant in the country, unemployed youths are roaming around on empty stomach.Varun Gandhi questioned his own party-led government over the unemployment issue.