'അധികാരത്തില്‍ എത്തിയാല്‍ ബിജെപി സംവരണം ഇല്ലാതാക്കും'- അരവിന്ദ് കെജ്‌രിവാള്‍
അഖിലേഷ് യാദവിനൊപ്പം ലഖ്നൗവില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിനിടെയാണ് കെജ്‌രിവാള്‍ ബിജെപിക്കും പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്
ലഖ്നൗ: ബിജെപിയെ വീണ്ടും പ്രതിരോധത്തിലാക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. അധികാരത്തിലെത്തിയാല്‍ ബിജെപി സംവരണം ഇല്ലാതാക്കുമെന്ന് അദ്ദേഹം ഉത്തര്‍പ്രദേശില്‍ പറഞ്ഞു. മോദിയെ മാറ്റി അമിത് ഷായെ പ്രധാനമന്ത്രിയാക്കുമെന്നും കെജ്‌രിവാള്‍ ആവര്‍ത്തിച്ചു.
സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനൊപ്പം ലഖ്നൗവില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിനിടെയാണ് കെജ്‌രിവാള്‍ ബിജെപിക്കും പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. 75 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ പാര്‍ട്ടി നിബന്ധനപ്രകാരം നരേന്ദ്ര മോദി പ്രധാനമന്ത്രി പദമൊഴിയേണ്ടിവരും, പകരം അമിത് ഷായെ ബിജെപി പ്രധാനമന്ത്രിയാക്കുമെന്ന പരാമര്‍ശവും അദ്ദേഹം ആവര്‍ത്തിച്ചു. യോഗി ആദിത്യനാഥിനെ രണ്ടുമാസത്തിനുള്ളില്‍ മോദി ഒതുക്കും. ഭരണഘടന മാറ്റിയെഴുതി സംവരണമില്ലാതാക്കലാണ് മോദിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
'ഈ തെരഞ്ഞെടുപ്പില്‍ അമിത് ഷായെ പ്രധാനമന്ത്രിയാക്കാന്‍ മോദി വോട്ട് ചോദിക്കുകയാണ്. രണ്ടാമതായി, ബിജെപി അധികാരത്തിലെത്തിയാല്‍ 2-3 മാസത്തിനുള്ളില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റും' കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.