'ഞങ്ങൾ അധികാരത്തിലെത്തിയാൽ തെലങ്കാന സെക്രട്ടേറിയറ്റിന്റെ താഴികക്കുടങ്ങൾ പൊളിക്കും'; ഭീഷണിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ
മുഖ്യമന്ത്രിയുടെ ഔദ്യോഗിക ബംഗ്ലാവായ 'പ്രഗതി ഭവൻ' പ്രജാ ദർബാറാക്കി മാറ്റുമെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
ഹൈദരാബാദ്: തെലങ്കാനയിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ സെക്രട്ടേറിയറ്റിന്റെ താഴികക്കുടങ്ങൾ പൊളിക്കുമെന്ന ഭീഷണിയുമായി പാർട്ടി സംസ്ഥാന അധ്യക്ഷൻ. നൈസാം സംസ്കാരം പ്രതിഫലിപ്പിക്കുന്നവയാണ് ആ താഴികക്കുടങ്ങളെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എം.പിയുമായ ബന്ദി സഞ്ജയ് കുമാർ ആരോപിച്ചു.
'ജനം ഗോസ, ബി.ജെ.പി ബറോസ' പരിപാടിയുമായി ഭാഗമായി കുകട്പള്ളി നിയമസഭാ മണ്ഡലത്തിലെ ഓൾഡ് ബോൻപള്ളിയിൽ നടന്ന പാർട്ടി പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു നേതാവിന്റെ ഭീഷണി പ്രസംഗം. അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നാൽ നൈസാം സംസ്കാരം പ്രതിഫലിപ്പിക്കുന്ന എല്ലാ നിർമാണങ്ങളും പൊളിച്ചുകളയുമെന്നും ബന്ദി സഞ്ജയ്കുമാർ പറഞ്ഞു.
'ഞങ്ങൾ അധികാരത്തിലെത്തിയാൽ പുതുതായി നിർമിച്ച സെക്രട്ടേറിയറ്റിന്റെ താഴികക്കുടങ്ങളടക്കം തെലങ്കാനയിൽ നൈസാം സംസ്കാരം വിളിച്ചോതുന്ന എല്ലാം പൊളിക്കും. ശേഷം ഇന്ത്യയുടേയും തെലങ്കാനയുടേയും സംസ്കാരം പ്രതിഫലിപ്പിക്കുന്ന രീതിയിൽ അവയെ മാറ്റും'.
'ഉവൈസിമാരെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രമാണ് മുഖ്യമന്ത്രി കെ.സി.ആർ ജനകീയ സെക്രട്ടേറിയറ്റിനെ താജ്മഹൽ പോലെയുള്ള സമാധിയാക്കി മാറ്റിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ബംഗ്ലാവായ പ്രഗതി ഭവൻ പ്രജാ ദർബാറാക്കി മാറ്റും'- ബി.ജെ.പി നേതാവ് വിശദമാക്കി.
റോഡ് വികസനത്തിന് തടസം സൃഷ്ടിക്കുന്ന ആരാധനാലയങ്ങൾ സർക്കാർ പൊളിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ, കഴിയുമെങ്കിൽ ഹൈദരാബാദ് നഗരത്തിലെ റോഡുകൾക്ക് നടുവിൽ നിർമിച്ച പള്ളികൾ പൊളിച്ചുമാറ്റാൻ കെ.സി.ആറിനെ വെല്ലുവിളിച്ചു.