ബിജെപിയുടെയും കോൺഗ്രസിൻ്റെയും വിദ്യാഭ്യാസ രീതിയിലെ മാറ്റമെന്തെന്ന് വിദ്യാർഥികൾ; മറുപടി നൽകി രാഹുൽ ഗാന്ധി
മദ്രാസ് ഐടിഐയിലെ വിദ്യാർഥികളുമായി സംവദിക്കവെയാണ് രാഹുൽ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചുള്ള തന്റെ ആശയങ്ങൾ പങ്കുവെച്ചത്
ചെന്നൈ: കോൺഗ്രസ് വിദ്യാഭ്യാസമേഖലയിൽ വിഭവങ്ങളുടെ നീതീപൂർവമായ വിതരണവും വളർച്ചയുമാണ് നടത്താൻ ആഗ്രഹിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എംപി. ബിജെപി വിദ്യാഭ്യാസത്തിൽ ആക്രമണാത്മക വളർച്ചയും സമ്പന്നർക്ക് വളരാനുള്ള നയവുമാണ് സ്വീകരിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
മദ്രാസ് ഐഐടി കാംപസിൽ വിദ്യാർഥികളുമായി സംവദിക്കവെയാണ് ബിജെപിയുടെയും കോൺഗ്രസിന്റെയും വിദ്യാഭ്യാസ നയങ്ങളെക്കുറിച്ച് പ്രതിപക്ഷനേതാവ് വ്യാഖ്യാനിച്ചത്. താൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നടത്താൻ ആഗ്രഹിക്കുന്ന വിവിധ പരിഷ്‌കരണങ്ങളെക്കുറിച്ചും രാഹുൽ വിദ്യാർഥികളുമായി ചർച്ച ചെയ്തു.
ബിജെപി വിദ്യാഭ്യാസ സമ്പ്രദായത്തിൽ സ്വീകരിക്കുന്നത് 'ട്രിക്കിൾ ഡൗൺ' സമീപനമാണ്.
* ഇടത്തരക്കാരുടെയും ദരിദ്രരുടെയും ചെലവിൽ സമ്പന്നർക്ക് പ്രയോജനം ചെയ്യുന്ന സാമ്പത്തിക നയമാണ് ട്രിക്കിൾ ഡൗൺ നയം, ഇത് ഒടുവിൽ സമ്പദ് വ്യവസ്ഥയെ മൊത്തത്തിൽ സഹായിക്കുമെന്ന വിശ്വാസമാണ് ബിജെപിക്കെന്നാണ് രാഹുൽ പറഞ്ഞത്. സാമ്പത്തികമായി ഉയർന്ന ആളുകൾക്ക് നികുതികളിലും മറ്റും ഇളവ് നൽകുന്നതും കടം എഴുതിത്തള്ളുന്നതും ഇതിൽ പെടും.
ആളുകൾ കുറവുള്ള, സമൂഹം കൂടുതൽ യോജിപ്പുള്ള രാജ്യത്ത് മികച്ച രീതിയാണ് ട്രിക്കിൾ ഡൗൺ നയമെന്നും രാഹുൽ പറഞ്ഞു.
ഏതൊരു ഭരണകൂടത്തിന്റെയും പ്രാഥമിക കടമ പൗരന്മാർക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കലാണ്. സ്വകാര്യവത്കരണത്തിലൂടെയും സാമ്പത്തിക നയങ്ങളിലൂടെയും നമുക്കിത് നേടാനാവില്ല. കൂടുതൽ പണം വിദ്യാഭ്യാസ മേഖലയിലേക്കും പൊതു വിദ്യാഭ്യാസ കേന്ദ്രങ്ങൾ വിപുലീകരിക്കുന്നതിലേക്കും കേന്ദ്രീകരിക്കണമെന്ന് രാഹുൽ തന്റെ വിദ്യാർഥികളുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗം എക്‌സിൽ പോസ്റ്റ് ചെയ്ത് കുറിച്ചു.
കുട്ടികളുമായുള്ള സംഭാഷണം പരാമ്പരാഗത തൊഴിൽവീഥികളിൽ നിന്നും മാറി ചിന്തിക്കുന്നതിനെക്കുറിച്ചും പുതുമകൾ സ്വീകരിക്കുന്നതിനേക്കുറിച്ചും, അവരുടെ അഭിനിവേശങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും കേന്ദ്രീകരിച്ചായിരുന്നെന്ന് രാഹുൽ പറഞ്ഞു.
ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഉത്പാദനം വർധിപ്പിക്കുന്നതിലൂടെയും ഇന്ത്യയെ ഒരു ആഗോള നേതാവായി ഉയർത്താൻ കഴിയുമെന്നും. സംഭാഷണം കുട്ടികളുടെ ഉൾക്കാഴ്ച തുറന്നുകാണിച്ചെന്നും ഭാവിയെക്കുറിച്ച് പ്രതീക്ഷ നൽകുന്നതാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
കുട്ടികളുടെ ഭാവനയെ വളർത്താൻ ഉതകുന്നതല്ല നിലവിലെ വിദ്യാഭ്യാസരീതി. ഇടുങ്ങിയതും മുകളിൽ നിന്ന് താഴേക്കുമുള്ള സംവിധാനമാണ് നിലവിലുള്ളതെന്ന് താൻ കരുതുന്നെന്നും രാഹുൽ പറഞ്ഞു.
പല തൊഴിലുകളെയും വിദ്യാഭ്യാസം വിലകുറച്ചു കാണുന്നു. നാലോ അഞ്ചോ തൊഴിലുകൾക്കാണ് അത് മുൻഗണന നൽകുന്നത്. അതിനാൽ മാറ്റങ്ങൾ താൻ കാണാൻ ആഗ്രഹിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.