"റോഡുകൾ പ്രിയങ്കാ ഗാന്ധിയുടെ കവിളുകളേക്കാൾ മൃദുലമാക്കും"; വിവാദ പരാമർശവുമായി ബിജെപി സ്ഥാനാർഥി
ബിജെപി സ്ത്രീകൾക്ക് നേരെ സ്വീകരിക്കുന്ന വികൃത മനോഭാവം വെളിവായെന്ന് സുപ്രിയ ഷിന്റെ, വിവാദ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്
ന്യൂഡൽഹി: പ്രിയങ്ക ഗാന്ധി എംപിക്കെതിരെ വിവാദ പരാമർശം നടത്തി ബിജെപി നിയമസഭാ സ്ഥാനാർഥി. താൻ ജയിച്ചുകഴിഞ്ഞാൽ തന്റെ മണ്ഡലത്തിലെ റോഡുകൾ പ്രിയങ്ക ഗാന്ധിയുടെ കവിളുകളെപ്പോലെ മൃദുലമാക്കുമെന്നായിരുന്നു ഡൽഹി കൽക്കാജി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായ രമേശ് ബിദൂരിയുടെ പരാമർശം.
സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തുവന്നു. 'ബിജെപി ഒരു സ്ത്രീ സൗഹാർദ പാർട്ടിയല്ല, ബിദൗരിയുടെ പരാമർശങ്ങൾ സ്ത്രീകളെക്കുറിച്ചുള്ള ബിജെപിയുടെ വികൃതമായ മനോഭാവം വെളിവാക്കുന്നു' എന്നായിരുന്നു കോൺഗ്രസ് വക്താവ് സുപ്രിയ ഷിന്റെയുടെ പ്രതികരണം.
തന്റെ മണ്ഡലത്തിലെ റോഡുകൾ ഹേമമാലിനിയുടെ കവിളുകൾ പോലെ മൃദുലമാക്കുമെന്ന് പണ്ട് ബിഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് പറഞ്ഞിട്ടുണ്ടെന്നായിരുന്നു സംഭവത്തെക്കുറിച്ച് ഇന്ത്യാ ടുഡെയോട് ബിദൂരി പ്രതികരിച്ചത്.
'ഹേമ മാലിനി ഒരു സ്ത്രീയല്ലെ? പ്രിയങ്കാ ഗാന്ധിയേക്കാൾ വളരേയധികം നേട്ടങ്ങളുള്ള സ്ത്രീയാണ് ഹേമമാലിനി' എന്നും ബിദൂരി പറഞ്ഞു.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ മുഖ്യമന്ത്രി അതിഷി മർലേനക്കെതിരെയും കോൺഗ്രസിന്റെ അൽക്കാ ലാംബക്കെതിരെയുമാണ് ബിദൂരി മത്സിരിക്കുന്നത്.