ബംഗ്ലാദേശില്‍നിന്ന് മനുഷ്യക്കടത്ത്; ബി.ജെ.പി യുവനേതാവ് അറസ്റ്റില്‍

പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ബാഗ്ദാഹ് ബ്ലോക്ക് യുവമോര്‍ച്ച സെക്രട്ടറി ബിക്രം റോയ് ആണ് എ.ടി.എസിന്റെ പിടിയിലായത്

Update: 2024-07-03 09:51 GMT
Editor : Shaheer | By : Web Desk
Advertising

കൊല്‍ക്കത്ത: അതിര്‍ത്തി കടന്ന് മനുഷ്യക്കടത്ത് നടത്തിയെന്ന കേസില്‍ ബി.ജെ.പി യുവനേതാവ് അറസ്റ്റില്‍. ബംഗ്ലാദേശികളെ അനധികൃതമായി ഇന്ത്യയിലേക്കു കടക്കാന്‍ സഹായിച്ചെന്നാണ് ഇയാള്‍ക്കെതിരായ കേസ്. ലഖ്‌നൗ ഭീകര വിരുദ്ധ സ്‌ക്വാഡ്(എ.ടി.എസ്) ആണ് ബംഗാളിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസിലെ ബാഗ്ദാഹ് ബ്ലോക്ക് യുവമോര്‍ച്ച സെക്രട്ടറിയായ ബിക്രം റോയ് ആണ് എ.ടി.എസിന്റെ പിടിയിലായത്. ഗംഗൂലിയയിലുള്ള ഇയാളുടെ വീട്ടില്‍ ബാഗ്ദാഹ് പൊലീസിനൊപ്പമാണ് ലഖ്‌നൗ എ.ടി.എസ് സംഘം എത്തിയത്. നിരവധി തവണ ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന ബംഗ്ലാദേശ് പൗരന്റെ ഫോണ്‍ സംഭാഷണത്തില്‍നിന്നാണു പ്രതിയെ കുറിച്ച് യു.പി പൊലീസിനു വിവരം ലഭിക്കുന്നത്. തുടര്‍ന്ന് എ.ടി.എസിനെ അന്വേഷണ ചുമതല ഏല്‍പിക്കുകയായിരുന്നു.

വ്യാജ രേഖകളുണ്ടാക്കി ആളുകളെ ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയിലേക്കു കടക്കാന്‍ സഹായിക്കുന്നുവെന്നാണ് ബിക്രം റോയിക്കെതിരായ കുറ്റം. യു.പി പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എ.ടി.എസ് ബംഗാളിലെ ഇയാളുടെ വീട്ടിലെത്തി റെയ്ഡ് നടത്തുകയായിരുന്നു. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. തുടര്‍ന്നാണു ദിവസങ്ങള്‍ക്കുമുന്‍പ് എ.ടി.എസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 419, 420, 467, 471, 120 ബി വകുപ്പുകളാണ് ബിക്രമിനെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം, ബിക്രം റോയ് ഒരു ദരിദ്ര കുടുംബാംഗമാണെന്നാണ് ബി.ജെ.പി പ്രാദേശിക നേതാക്കള്‍ പ്രതികരിച്ചത്. ടോട്ടോ റിക്ഷ വലിച്ചാണു കുടുംബത്തെ നോക്കുന്നത്. ചോദ്യംചെയ്യാന്‍ വേണ്ടി മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിയമം നിയമത്തിന്റെ വഴിക്കു പോകും. അദ്ദേഹം കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ബി.ജെ.പി ബൊംഗാവ് പ്രസിഡന്റ് ദേവദാസ് മൊണ്ടാല്‍ പറഞ്ഞു.

Summary: Lucknow anti-terrorism squad arrested a BJP youth leader from Bagdah in North 24-Parganas, West Bengal, in connection with human trafficking and suspected terror link

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News