ബി.ജെ.പിയുടെ അതിദേശീയതയ്ക്കും മുസ്‌ലിം-ക്രിസ്ത്യൻ വിരുദ്ധ പ്രോപഗണ്ടയ്ക്കും കൃത്യമായ മറുപടിയുണ്ടാകണം-ചിദംബരം

''ബി.ജെ.പി ഒരു തെരഞ്ഞെടുപ്പിനെയും നിസ്സാരമായി എടുക്കില്ല. അവസാന യുദ്ധമെന്ന പോലെയാണ് അവർ ഓരോന്നിലും പോരാടുന്നത്. അവരുടെ പോരാട്ടവീര്യം പ്രതിപക്ഷ പാർട്ടികൾ തിരിച്ചറിയണം''

Update: 2023-12-17 11:48 GMT
Editor : Shaheer | By : Web Desk
Advertising

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോൽവിയെക്കുറിച്ച് പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പി. ചിദംബരം. ചത്തിസ്ഗഢിലെയും രാജസ്ഥാനിലെയും തോൽവി അപ്രതീക്ഷിതവും ആശങ്കപ്പെടുത്തുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ ഒളിഞ്ഞുള്ള മുസ്‌ലിം-ക്രിസ്ത്യൻ വിരുദ്ധ പ്രോപഗണ്ടയ്ക്കു കൃത്യമായ മറുപടിയുണ്ടാകണമെന്നും ചിദംബരം ആവശ്യപ്പെട്ടു.

വാർത്താ ഏജൻസിയായ പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ചിദംബരം മനസ്സുതുറന്നത്. ''ചത്തിസ്ഗഢ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ വിജയം 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുൻപ് ബി.ജെ.പിക്ക് വലിയ ഊർജമാണു പകരുക. ചത്തിസ്ഗഢിലും രാജസ്ഥാനിലും കോൺഗ്രസ് പരാജയം അപ്രതീക്ഷിതമായിരുന്നു. ഈ ഫലങ്ങൾ ആശങ്കപ്പെടുത്തുന്നതാണ്. പാർട്ടിയുടെ ബലഹീനതകൾ പരിഹരിക്കാൻ നേതൃത്വത്തിന്റെ ഇടപെടലുണ്ടാകണം''-അദ്ദേഹം തുറന്നടിച്ചു.

അതേസമയം, രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തിസ്ഗഢ്, തെലങ്കാന എന്നിങ്ങനെ ഒടുവിൽ തെരഞ്ഞെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളിൽ കോൺഗ്രസ് വോട്ട് വിഹിതത്തിൽ ഇളക്കമൊന്നും സംഭവിച്ചിട്ടില്ലെന്നും ചിദംബരം അവകാശപ്പെട്ടു. ബൂത്ത് തലത്തിലും താഴേക്കിടയിലുമുള്ള പ്രചാരണങ്ങളിലൂടെയും വോട്ട് ചെയ്യാൻ മടിക്കുന്ന സമ്മതിദായകരെ പോളിങ് സ്‌റ്റേഷനിലെത്തിക്കുകയും ചെയ്താൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 40ൽനിന്ന് 45 വരെ പാർട്ടിയുടെ വോട്ട് വിഹിതം ഉയർത്താനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

''ക്ഷേമപദ്ധതികൾക്കെതിരായ അധിക്ഷേപങ്ങളെല്ലാം ബി.ജെ.പി നിർത്തിയിട്ടുണ്ട്. എന്നാൽ, ധ്രുവീകരണവും രഹസ്യമായ മുസ്‌ലിം-ക്രിസ്ത്യൻ വിരുദ്ധതയും അതിദേശീയതയുമാണ് എന്നെ ആശങ്കപ്പെടുത്തുന്നത്. ഇത്തരം വിഷയങ്ങൾ വടക്കൻ-മധ്യ ഇന്ത്യൻ സംസ്ഥാനങ്ങളെ സ്വാധീനിക്കാനിടയുണ്ട്. അതിനുള്ള കൃത്യമായ പ്രതികരണം കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്.''

ജാതി സെൻസസിനെക്കുറിച്ചും ചിദംബരം പ്രതികരിച്ചു. അതു സുപ്രധാന വിഷയം തന്നെയാണെങ്കിലും ഒരു നിർണായക ഘടകമൊന്നും ആകില്ല. തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് എന്റെ അഭിപ്രായത്തിൽ പ്രധാന വിഷയമാകുക. എല്ലാ സർവേകളിലും ജനങ്ങൾക്കു കൂടുതൽ ആശങ്കയുള്ള വിഷയങ്ങൾ ഇതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നോട്ടുനിരോധനവും സി.എ.എയും എൻ.ആർ.സിയും ബി.ജെ.പി വോട്ട് ബാങ്കിനെ ബാധിക്കുമോ എന്ന ചോദ്യത്തോടുള്ള ചിദംബരത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:

''നോട്ടുനിരോധനം പഴയ വിഷയമായിട്ടുണ്ട്. അതിന്റെ മുറിവുകളെല്ലാം ഉണങ്ങിയിട്ടുണ്ട്. എന്നാൽ, നിരന്തരം പിടിക്കപ്പെടുന്ന കള്ളപ്പണത്തിന്റെ അടിസ്ഥാനത്തിൽ നമ്മൾ അതേക്കുറിച്ചു സംസാരിക്കും. അവസാനം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 1,760 കോടി രൂപയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പിടികൂടിയത്. സി.എ.എയും എൻ.ആർ.സിയും സർക്കാർ വീണ്ടും പൊടിതട്ടിയെടുത്ത് നടപ്പാക്കാൻ ശ്രമിച്ചാൽ അവ പ്രധാന വിഷയങ്ങളാകും.''

കാറ്റ് ബി.ജെ.പിയുടെ ദിശയിലാണ് വീശുന്നതെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു. എന്നാൽ, അതിന്റെ ദിശമാറാനൊക്കെ സാധ്യതയുണ്ട്. ബി.ജെ.പി ഒരു തെരഞ്ഞെടുപ്പിനെയും നിസ്സാരമായി എടുക്കില്ല. അവസാന യുദ്ധമെന്ന പോലെയാണ് അവർ ഓരോന്നിലും പോരാടുന്നത്. അവരുടെ പോരാട്ടവീര്യം പ്രതിപക്ഷ പാർട്ടികൾ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോക്‌സഭയിൽ 400-425 സീറ്റുകളിൽ ബി.ജെ.പിയോട് ഏറ്റുമുട്ടാൻ ശേഷിയുള്ള സ്ഥാനാർത്ഥികളെ ഇൻഡ്യ മുന്നണി നേതാക്കന്മാർ കണ്ടെത്തണമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. മുന്നണി നേതാക്കന്മാരുടെ യോഗത്തിലെ ചർച്ചകളെക്കുറിച്ച് എനിക്ക് അറിയില്ല. അടുത്ത തെരഞ്ഞെടുപ്പിനുമുൻപ് ഇനി മൂന്ന് മാസം മാത്രമേയുള്ളൂവെന്ന തിരിച്ചറിവ് അവർക്കുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. സർക്കാരിനെ നയിക്കേണ്ടയാളെ തെരഞ്ഞെടുപ്പിനുശേഷം തിരഞ്ഞെടുത്താൽ മതി. നേതാവിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ജനങ്ങളുടെ പ്രതികരണം പ്രധാനമാണ്. എന്നാൽ, അടിയന്തരമായ ദൗത്യം തെരഞ്ഞെടുപ്പ് ജയിക്കലാണെന്നും പി. ചിദംബരം കൂട്ടിച്ചേർത്തു.

Summary: ''BJP’s polarisation, veiled anti-Muslim and anti-Christian propaganda and hyper-nationalism need proper response'': Says Congress leader P Chidambaram

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News