ചോദ്യപേപ്പർ ചോർച്ച: കോടിക്കണക്കിന് യുവാക്കളുടെ ഭാവിയാണ് ബി.ജെ.പി ഇരുട്ടിലാക്കിയതെന്ന് പ്രിയങ്ക ഗാന്ധി
ബി.ജെ.പി സർക്കാർ നടത്തുന്ന അഴിമതിയിൽ കുട്ടികളുടെയും കുടുംബത്തിന്റെ മുഴുവൻ അധ്വാനവും പാഴാവുകയാണെന്നും പ്രിയങ്ക പറഞ്ഞു
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയിലൂടെ കോടിക്കണക്കിന് യുവാക്കളുടെ ഭാവിയാണ് ഇരുട്ടിലായതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പരീക്ഷാപേപ്പർ ചോർച്ചയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് പ്രിയങ്ക ഗാന്ധി ഉന്നയിച്ചത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് 43 മത്സര പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് ചോർന്നത്. നമ്മുടെ രാജ്യത്തിന്റെ ഭാവി തകർത്ത ഒരു ദേശീയ പ്രശ്‌നമായി മാറിയിരിക്കുകയാണ് ചോദ്യപേപ്പർ ചോർച്ചയെന്ന് പ്രിയങ്ക ഗാന്ധി എക്സിലെഴുതിയ കുറിപ്പിൽ വ്യക്തമാക്കി.
ലോകത്ത് ഏറ്റവും കൂടുതൽ യുവാക്കളുള്ള രാജ്യമാണ് നമ്മുടെത്. യുവാക്കളെ നൈപുണ്യവും കഴിവുമുള്ളവരാക്കുന്നതിന് പകരം ബി.ജെ.പി സർക്കാർ അവരെ ദുർബലരാക്കുകയാണെന്ന് അവർ ആരോപിച്ചു.
കോടിക്കണക്കിന് വിദ്യാർത്ഥികൾ രാവും പകലും കഷ്ടപ്പെട്ട് പഠിച്ചാണ് വ്യത്യസ്ത പരീക്ഷകൾക്ക് തയ്യാറെടുക്കുന്നത്. മാതാപിതാക്കൾ രാപ്പകൽ അധ്വാനിച്ച് അതിന് വേണ്ട പണം കണ്ടെത്തുന്നു. കുട്ടികൾ വർഷങ്ങളായി ഒരു ഒഴിവ് വരാൻ കാത്തിരിക്കുന്നു. ഒരു ഒഴിവ് വരുമ്പോൾ അതിന് അപേക്ഷിക്കാൻ ചെലവുണ്ട്. പരീക്ഷ എഴുതാൻ പോകാൻ ചെലവുണ്ട്. എന്നാൽ ബി.ജെ.പി സർക്കാർ നടത്തുന്ന അഴിമതിയിൽ അവരുടെ മുഴുവൻ അധ്വാനവും പാഴാകുകയാണെന്നും അവർ കൂട്ടിച്ചേർത്തു.