ജാർഖണ്ഡ്, ബംഗാൾ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങൾ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കണമെന്ന് നിഷികാന്ത് ദുബെ
ജാർഖണ്ഡിൽ ഗോത്രവർഗ ജനസംഖ്യ 10 ശതമാനം കുറഞ്ഞിട്ടുണ്ടെന്നും അത് പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ദുബെ കുറ്റപ്പെടുത്തി.
ന്യൂഡൽഹി: പശ്ചിമ ബംഗാൾ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങൾ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ. ഈ പ്രദേശങ്ങളിൽ ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വൻ തോതിൽ വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം ലോക്‌സഭയിൽ പറഞ്ഞു.
ജാർഖണ്ഡിൽ ഗോത്രവർഗ ജനസംഖ്യ 10 ശതമാനം കുറഞ്ഞിട്ടുണ്ടെന്നും അത് പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ദുബെ കുറ്റപ്പെടുത്തി. മാൾഡ, മുർശിദാബാദ്, അരാരിയ, കിഷൻഗഞ്ച്, കത്തിഹാർ, സാന്തൽ പർഗാനാസ് മേഖല കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കണം. അല്ലെങ്കിൽ ഹിന്ദുക്കൾ അപ്രത്യക്ഷരാവുമെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രദേശങ്ങളിൽ നിർബന്ധമായും എൻ.ആർ.സി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി കുടിയേറുന്നവർ ഗോത്ര വനിതകളെ വിവാഹം ചെയ്ത് ഇവിടെ താമസിക്കുകയാണെന്നും ദുബെ ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഒരു ഗോത്ര വനിതയുടെ ഭർത്താവ് മുസ്‌ലിമാണ്. ഒരു ജില്ലാ പരിഷത് അഡ്മിനിസ്‌ട്രേറ്ററുടെ ഭർത്താവും മുസ്‌ലിമാണ്. ബംഗാളിലെ മർശിദാബാദ്, മാൾഡ ജില്ലയിലുള്ളവരാണ് ജാർഖണ്ഡിലെത്തി പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ഈ പ്രദേശങ്ങളിൽ മുസ്‌ലിം ജനസംഖ്യ ഓരോ ദിവസവും വർധിച്ചുവരികയാണെന്നും ദുബെ ആരോപിച്ചു.