ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് ബി.ജെ.പിയിലെ പുരന്ദരേശ്വരിക്ക് മുൻഗണന
ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തിനായി പ്രതിപക്ഷം
ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് രാജ്മുന്ദ്രി എം.പി പുരന്ദരേശ്വരിയെ പരിഗണിക്കുന്നു. നിലവിൽ ബി..ജെ.പി ആന്ധ്രാ ഘടകം അധ്യക്ഷ കൂടിയാണ് പുരന്ദരേശ്വരി.
തെക്കേ ഇന്ത്യക്ക് കൂടുതൽ പരിഗണന നൽകുന്നതിന്റെ ഭാഗമായിട്ടാണ് പുരന്ദരേശ്വരിയെ പരിഗണിക്കുന്നത്. ഒന്നാം മോദി സർക്കാരിൽ മധ്യപ്രദേശിൽ നിന്നുള്ള സുമിത്ര മഹാജനെയും രണ്ടാം മോദി സർക്കാരിൽ രാജസ്ഥാനിൽ നിന്നുള്ള ഓം ബിർളയെയയുമാണ് സ്പീക്കറാക്കിയത് ..
മുൻ ആന്ധ്രാ മുഖ്യമന്ത്രി എൻ.ടി രാമറാവുവിന്റെ മകളായ പുരന്ദരേശ്വരി, കോൺഗ്രസിൽ നിന്നാണ് ബിജെപിയിൽ എത്തിയത്. യു.പി.എ സർക്കാരിൽ കേന്ദ്രമന്ത്രിയായിരുന്നു.
ഇവർ ബി.ജെ.പി അധ്യക്ഷ പദവിയിൽ എത്തിയശേഷം പത്ത് നിയമ സഭാ മണ്ഡലത്തിൽ മത്സരിച്ച ബി.ജെ.പി എട്ടിടത്തും വിജയിച്ചിരുന്നു. ആറു ലോക്സഭാ മണ്ഡലത്തിലെ പോരാട്ടത്തിൽ മൂന്നു പേരും ജയിച്ചു കയറി.
ടി.ഡി.പി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാ സഹോദരി കൂടിയായ പുരന്ദരേശ്വരി സംസ്ഥാനത്ത് എൻ.ഡി.എയെ ശക്തമാക്കി . ടി.ഡി.പിയെയും പവൻ കല്യാണിന്റെ ജനസേന പാർട്ടിയെയും സഖ്യത്തിലെത്തിച്ചത് പുരന്ദരേശ്വരിയുടെ നീക്കത്തിലൂടെയായിരുന്നു.
അതേസമയം, കഴിഞ്ഞ തവണ നിഷേധിക്കപ്പെട്ട ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഇത്തവണ സ്വന്തമാക്കാനാണ് ഇൻഡ്യാ സഖ്യത്തിന്റെ ശ്രമം. അംഗങ്ങളുടെ അയോഗ്യത ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സ്പീക്കറുടെ തീരുമാനം അന്തിമമാണ്. പ്രതിപക്ഷത്ത് നിന്നുള്ള ഡെപ്യൂട്ടി സ്പീക്കറെ ഒഴിവാക്കാനും ബി.ജെ.പി എംപിയെ സ്പീക്കർ സ്ഥാനത്ത് എത്തിക്കാനും ശ്രമിക്കുന്നത് ഇതുകൊണ്ടു തന്നെയാണ്.