ബി.എം.ഡബ്ല്യു അപകടം: പ്രതിയും സുഹൃത്തുക്കളും മദ്യപിച്ചിരുന്ന ബാറിന്റെ അനധികൃത ഭാഗം ഇടിച്ചുനിരത്തി

നിയമങ്ങൾ ലംഘിച്ചാണ് ബാറ് പ്രവർത്തിക്കുന്നതെന്നാണ് എക്‌സൈസ് വകുപ്പിന്റെ കണ്ടെത്തൽ

Update: 2024-07-11 06:20 GMT
Editor : Lissy P | By : Web Desk
Advertising

മുംബൈ: ബി.എം.ഡബ്ല്യു കാർ സ്‌കൂട്ടറിലിടിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ പ്രതിയും സുഹൃത്തുക്കളും മദ്യപിച്ച് ബാറിന്റെ അനധികൃത ഭാഗം ഇടിച്ചു നിരത്തി. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനാണ് (ബിഎംസി) കേസിലെ ഒന്നാം പ്രതിയും ശിവസേന നേതാവിന്റെ മകനുമായ മിഹിർ ഷാ മദ്യപിച്ചിരുന്ന തപസ് ബാറിന്റെ അനധികൃത നിർമാണം ബുൾഡോസർ ഉപയോഗിച്ച് തകര്‍ത്തത്. അപകടത്തിന് പിന്നാലെ ഒളിവിൽ പോയ 24 കാരനായ മിഹിർ ഷായെ മൂന്ന് ദിവസത്തിന് ശേഷമാണ് പൊലീസ് പിടികൂടിയത്. ബി.എം.ഡബ്ല്യു ഓടിച്ചിരുന്ന മിഹിർഷാ മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ, ഇത് സ്ഥിരീകരിക്കാനായിട്ടില്ല. തുടർന്നാണ് ബാറിനെതിരെ നടപടിയെടുത്തത്.

ചൊവ്വാഴ്ച മഹാരാഷ്ട്ര എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് ബാർ സീൽ ചെയ്തതിന് പിന്നാലെയാണ് ഈ നടപടി. നിരവധി നിയമങ്ങൾ ലംഘിച്ചാണ് ബാറ് പ്രവർത്തിക്കുന്നതെന്നാണ് എക്‌സൈസ് വകുപ്പിന്റെ കണ്ടെത്തൽ. 25 വയസ്സിന് താഴെയുള്ളവർക്ക് മദ്യം നൽകുകയും അനുവദനീയമായ സമയ പരിധിക്കപ്പുറം പ്രവർത്തിക്കുകയും ചെയ്തു. കൂടാതെ, അധികാരികളുടെ അനുമതിയില്ലാതെ ബാറിനുള്ളിൽ ഘടനാപരമായ നിരവധി മാറ്റങ്ങൾ വരുത്തിയെന്നും അധികൃതർ കണ്ടെത്തിയിരുന്നു. അപകടത്തിന് പിന്നാലെ ബാറിന്റെ ഉടമ കരൺ ഷായ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ബാർ സീൽ ചെയ്യുകയും ചെയ്തു.

ഈ മാസം ഏഴിന് പുലർച്ചെയാണ് മിഹിർ ഷാ ഓടിച്ചിരുന്ന ബി.എം.ഡബ്ല്യു കാർ സ്‌കൂട്ടറിലിടിച്ച് 45 കാരിയായ യുവതി മരിച്ചത്. ഭർത്താവിനൊപ്പം മാർക്കറ്റിൽ നിന്ന് മത്സ്യം വാങ്ങി വരുന്ന വഴിക്കാണ് അപകടത്തിൽപ്പെട്ടത്. കാറിടിച്ച് വീണ കാവേരി നഖ്വയെ മിഹിർ ഷാ കിലോമീറ്ററോളം വലിച്ചിഴക്കുകയും ചെയ്തു. ഇവരുടെ ഭർത്താവ് പ്രദീപ് പരിക്കുകളോടെ രക്ഷപെടുകയും ചെയ്തിരുന്നു. അപകടം നടന്നതിന് പിന്നാലെ കാർ ഡ്രൈവറെ ഏല്പിച്ച ശേഷം ഒരു ഓട്ടോറിക്ഷയിൽ മിഹിർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. സബർബൻ ഗോരേഗാവിലെ കാമുകിയുടെ വീട്ടിലേക്കാണ് ഇയാൾ പോയതെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, മിഹിർ ഷായുടെ പിതാവ് രാജേഷ് ഷായെ ശിവസേനയുടെ ഔദ്യോഗിക ചുമതലകളിൽ നിന്ന് ഒഴിവാക്കിയതായി ശിവസേന സെക്രട്ടറി സഞ്ജയ് മോർ അറിയിച്ചു. പാർട്ടി അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെയാണ് നടപടിയെടുത്തത്. പൽഘാർ ജില്ലയിലെ ശിവസേനയുടെ ഡപ്യൂട്ടി ലീഡറായിരുന്നു രാജേഷ് ഷാ.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News